ബെംഗളൂരു: കർണാടകത്തിലെ പ്രമുഖ സീരിയൽ നടിയും മോഡലുമായ രേഖ സിന്ധു അടക്കം നാലു പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ചെന്നൈ-ബെംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. ദേശീയപാതയിൽ പർണാംബട്ടിൽ വച്ചാണ് അപകടമുണ്ടായത്.

സിന്ധുവും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ഒരു ലോറിയിൽ ഇടിക്കുകയായിരുന്നു. അഭിഷേക് കുമാരൻ (22), ജയൻകന്ദ്രൻ (23), രക്ഷൻ (20) എന്നിവരാണ് മരിച്ച മറ്റുള്ളവർ. അപകടം ഉണ്ടായ ഉടനെ ഇവരെ തിരുപ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1995 ൽ ബംഗളൂരിൽ ജനിച്ച രേഖ നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. പഠിക്കുമ്പോൾ തന്നെ മോഡലിംഗിൽ താൽപര്യമുണ്ടായിരുന്ന നടി പഠനത്തോടൊപ്പം മോഡലിംഗും അഭിനയവും ഒരുപോലെ കൊണ്ട് പോകുകയായിരുന്നു.