ചെന്നൈ: ദക്ഷിണേന്ത്യൻ ടെലിവിഷൻ താരം സബർണ വീടിനുള്ളിൽ മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിലാണ് സബർണയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിനു മൂന്നുദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

വീട് മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നു പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്നാണ് അകത്തു കടന്നത്. തമിഴിലെ ശ്രദ്ധേയമായ സൺടിവിയിലെ പാസമലറിലെ നായികയായിരുന്നു. നടൻ വിജയുമൊത്തു നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി കുക്കിങ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

തമിഴ് ടെലിവിഷൻ രംഗത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണു സബർണയുടെ മരണവാർത്ത. കുറച്ചുനാളായി സബർണ കടുത്ത മാനസിക സമ്മർദം അനുഭവിച്ചുവന്നിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു. പലതവണ കടുത്ത ടെൻഷനിൽ സബർണയെ കണ്ടിട്ടുണ്ടെന്നും എന്നാൽ മരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണു സഹപ്രവർത്തകർ പറയുന്നത്.