- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ശരണ്യ ശശി അന്തരിച്ചു; കാൻസർ ബാധിതയായി വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞ നടിയുടെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വേദനകളില്ലാത്ത ലോകത്തേക്ക് ശരന്യയുടെ യാത്ര; അതിജീവനത്തിന്റെ പ്രതീകമായി ജീവിച്ച നടി അർബുദ ബാധയെത്തുടർന്ന് സർജറിക്ക് വിധേയയായത് 11 തവണ
തിരുവനന്തപുരം: സീരിയൽ നടി ശരന്യ ശശി അന്തരിച്ചു. 35വയസായിരുന്നു. കാൻസർ ബാധിതയായി വർഷങ്ങളായി ചികിത്സയിലായിരുന്നു അവർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അവരുടെ അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു ശരണ്യ. തുടർ ചികിൽസയ്ക്കു തയ്യാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതാണ് ശരണ്യയുടെ ജീവനെടുക്കുന്ന നിലയിലേക്ക് ആരോഗ്യ നില വഷളാക്കിയത്.
മെയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റുകയുണ്ടായി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.
നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ അതിജീവിനത്തിന്റെ പ്രതീകമാണ്. സിനിമ സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്. തുടർച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവർക്ക് സിനിമ സീരിയൽ മേഖലയിൽ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേർന്ന് വീടു നിർമ്മിച്ചു നൽകുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു.
ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു.
കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയൽ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരും സുഹൃത്തുക്കളുമായിരുന്നു.
സീമ മുൻകൈയെടുത്താണ് തിരുവനന്തപുരത്ത് ഇവർക്ക് വീട് നിർമ്മിച്ചതും. ശരണ്യയുടെ നില ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി സീമാ ജീ നായർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ