- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്: അന്വേഷണത്തിൽ വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി; തെളിവെടുപ്പിന് ശേഷം വീണ്ടും ചോദ്യം ചെയ്യും; അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതും അന്വേഷിക്കും
കൊച്ചി: പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി.യു കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്നും ഡിസിപി പറഞ്ഞു.
അന്വേഷണത്തിൽ പ്രതികുറ്റം ചെയ്തതായി തെളിഞ്ഞതാണ്. ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ശേഷം ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ പശ്ചാത്തലത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നാണ് സൂചന.
പരാതിയിൽനിന്ന് പിന്മാറാൻ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.
ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതെത്തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി.
തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇന്നു മുതൽ അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിലെല്ലാം വിജയ് ബാബു പൊലീസ് കസ്റ്റഡിയിലുണ്ടാകും. വിജയ് ബാബുവുമായി പരാതിയിൽ പറയുന്ന ഹോട്ടൽമുറി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ 22നാണ് സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പരാതി വിവരം അറിഞ്ഞതിനു പിന്നാലെ രാജ്യം വിട്ട വിജയ് ബാബുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്‌പോർട് റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെടലിലാണ് വിജയ് ബാബു നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയത്.
ദിവസങ്ങൾ നീണ്ട വാദങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ച പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ ലൈംഗികപീഡനമാക്കി മാറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് ഹൈക്കോടതി വിജയ് ബാബുവിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേ സമയം ഇരയ്‌ക്കൊപ്പമാണെന്നും അവരെയാണ് വിശ്വാസമെന്നും പ്രഖ്യാപിച്ച് സിനിമയിലെ വനിതകളുടെ സംഘടന ഉൾപ്പടെയുള്ളവർ രംഗത്തു വന്നിരുന്നു. യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതി നൽകിയ ഇരയുടെ പേരു വെളിപ്പെടുത്തി എന്നുമുള്ള രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ