- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായയോ കാപ്പിയോ കുടിക്കാത്ത ഷഹാനയുടെ മുറിയിൽ രണ്ട് ഗ്ലാസിൽ ചായ ഒഴിച്ചുവെച്ച നിലയിൽ; ശബ്ദം കേട്ടുവന്ന അയൽവാസി കണ്ടത് മുൻവശത്തെ വാതിൽ തുറന്ന നിലയിലും; മരണദിവസം ഷഹാനയുടെ വീട്ടിൽ മൂന്നാമതൊരു വ്യക്തിയുടെ സാന്നിദ്ധ്യം; മരണത്തിൽ ദുരൂഹതയേറുന്നു
കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സൂചന നൽകുമ്പോഴും അത് വിശ്വസിക്കാനാവാതെ സംഭവത്തിലെ ദുരൂഹത നീക്കണമന്ന് ബന്ധുക്കളുടെ ആവിശ്യം.സംഭവം ദിവസം വീട്ടിൽ മൂന്നാമതൊരു വ്യക്തിയുടെ സാന്നിദ്ധ്യം വീട്ടുകാർ സംശയിക്കുന്നുണ്ട്.അതിന് കൃത്യമായ കാരണവും അവർ വിശദീകരിക്കുന്നു.ചായയോ കാപ്പിയോ കുടിക്കുന്ന പതിവ് ഷഹാനക്കില്ല.എന്നാൽ അന്ന് ഷഹാനയുടെ മുറിയിൽ രണ്ടു ഗ്ലാസിൽ ചായ ഒഴിച്ചുവച്ചതായി കണ്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ഇതിന് പുറമെ അയൽവാസി ശബ്ദം കേട്ടു വന്നപ്പോൾ മുൻവാതിൽ തുറന്ന നിലയിലും ഷഹാന ബോധമറ്റ് സജ്ജാദിന്റെ മടിയിൽ കിടക്കുന്ന നിലയിലുമായിരുന്നു. അയൽവാസികളെപ്പോലും അറിയിക്കാതെ കെട്ടഴിച്ചതിൽ സംശയമുണ്ടെന്നു ബന്ധുക്കൾ പറയുന്നു.ബന്ധുക്കളുടെ മൊഴി കാര്യമായി മുഖവിലയ്ക്കെടുത്ത് കേസിൽ സമഗ്രഅന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.മുറിക്കുള്ളിൽ കണ്ടെത്തിയ ചായ ഗ്ലാസിലെ വിരലടയാളം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ നിന്നു വേണ്ടത്ര തെളിവുകൾ ലഭ്യമായിട്ടില്ല.
രാസപരിശോധനാഫലം ഇതുവരെ കിട്ടിയിട്ടില്ല.ഷഹാനയുടെ ഫോണിലെ ചാറ്റിങ് വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.തൂങ്ങിമരിച്ചതാണെന്നാണു ഭർത്താവ് സജ്ജാദിന്റെ മൊഴി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ തന്നെ സജ്ജാദിനെതിരെ നിരവധി ആരോപണങ്ങളാണ് ഷഹാനയുടെ ഉമ്മയുൾപ്പടെ ഉള്ളവർ ഉയർത്തിയത്.ഷഹനയുടെ മരണം കൊലപാതകമാണെന്നാണ് മാതാവ് ഉമൈബ ആരോപിച്ചത്.''പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയിൽ മർദ്ദിക്കുന്ന വിവരങ്ങൾ കരഞ്ഞ് കൊണ്ട് മോൾ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകൾ പറഞ്ഞിരുന്നു.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മർദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മർദ്ദിച്ചിരുന്നു. മകളെ കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മർദ്ദിക്കുന്ന കാര്യത്തിൽ മകൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അത് സജാദിന്റെ സുഹൃത്തുക്കൾ ഇടപെട്ട് തടയുകയായിരുന്നു. മരണത്തെ പേടിയാണ് മകൾക്ക്. ഒരിക്കലും മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവർ പറഞ്ഞത്. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.'' മാതാവ് പറഞ്ഞു.
പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും, ഉമ്മ എല്ലാവരെയും കൂട്ടി വരണമെന്ന് മകൾ പറഞ്ഞിരുന്നതായി ഉമ്മ ഉമൈബ പറഞ്ഞു. മരണത്തിൽ ദുരൂഹമുണ്ട്. ഫോൺ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ വെളിപ്പെടുത്തിയിരുന്നു. ഭർത്താവും കുടുംബവും നിരന്തരം ദ്രോഹിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ച ചെക്ക് ചോദിച്ച് ഉപദ്രവിച്ചിരുന്നതായും ഷഹാനയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അവൾ ഇക്കാര്യങ്ങളെല്ലാം പറയുകയെന്നും മാതാവ് പറഞ്ഞിരുന്നു.
ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയിൽ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരനും പറഞ്ഞു. മുൻപും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാൽ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോകാൻ തയാറായപ്പോൾ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകൾ എത്തുമ്പോൾ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരൻ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഷഹനായുടെ വീട്ടിൽ നിന്നും കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തിയത്. ഇതോടെ യുവതിയെ ബലപ്രയോഗത്തിലൂടെ ലഹരി വസ്തുക്കൾ ഉപയോഗിപ്പിച്ചിരുന്നോ എന്നതിൽ പരിശോധന നടത്തനാണ് പൊലീസ് ശ്രമം.ഷഹനയുടെ ശരീരത്തിൽ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.ഈ രാസപരിശോധന ഫലമാണ് വൈകുന്നത്.ഈ റിപ്പോർട്ട് അന്വേഷണത്തിൽ നിർണ്ണായകമാവുകയും ചെയ്യും.
കാസർകോട് സ്വദേശിനിയായ ഷഹാനയെ ഈ മാസം 12നു രാത്രിയാണു പറമ്പിൽബസാറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പ്രദേശവാസികൾ എത്തിയപ്പോൾ അവരോട് സജാദ് പറഞ്ഞത് ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ലെന്നാണ്. ഷഹനയുടെ മൃതദേഹം ആ സമയത്ത് സജാദിന്റെ മടിയിൽ കിടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.എന്നാൽ സ്ഥലത്ത് എത്തിയ പൊലീസിനോട് ഷഹന തൂങ്ങി മരിച്ചതാണെന്നാണ് സജാദ് പറഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഷഹനയുടെ മരണത്തിൽ നാട്ടുകാർക്ക് സംശയം തോന്നിയത്.
മറുനാടന് മലയാളി ബ്യൂറോ