തെന്നിന്ത്യൻ സിനിമാ രം​ഗത്ത് എന്നും വിവാദങ്ങൾ ഉയർത്തുന്ന താരമാണ് മീര മിഥുൻ. താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കാറുമുണ്ട് താരം. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് അടുത്തിടെ താരം വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ, നടി മീര മിഥുനിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് മറ്റൊരു നടി ശാലു ശമ്മു.

നടന്മാരായ വിജയ്, സൂര്യ എന്നവർക്കെതിരെ സ്വജനപക്ഷപാത ആരോപണങ്ങൾ ഉയർത്തിയ മീരയുടെ വാദങ്ങളെ ശാലു എതിർത്തിരുന്നു. ഇതിനു പിന്നാലെ മീരയുടെ ആരാധകർ സോഷ്യൽമീഡിയയിലൂടെയും അജ്ഞാത ഫോൺകോളുകളുകളിലൂടെയും തന്നെ വേട്ടയാടുകയാണെന്നും മീര ആരോപിച്ചു. തന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണ് മീരയുടേതെന്നും ശാലു ആരോപിക്കുന്നു.

മീരയുടെ ആരാധകർ തനിക്കെതിരെ ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കുകയാണെന്നാണ് നടിയുടെ പരാതി. പോൺ സൈറ്റുകളിൽ തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച് അശ്ലീല ട്രോളുകൾ ഇറക്കുന്നതായും നടി പരാതിപ്പെടുന്നു. ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിലാണ് ശാലു പരാതി നൽകിയത്.

വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോ​ഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചിരുന്നു.

പിന്നീട് നടൻ സൂര്യയായി മീരയുടെ ഇര. അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര ആരോപിച്ചു. ഇത് കൂടാതെ കേരളത്തിലെ സ്വർണക്കടത്തിൽ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ജ്യോതികയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവും ഇവർ നടത്തി. സൂര്യയ്ക്കും വിജയിനുമെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്രമണവുമായി മീരയ്ക്കെതിരേ രം​ഗത്ത് വന്നു. വിജയ് ആരാധകർ ഇവർക്കെതിരേ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.