മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ചതിന് ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ബംഗളൂരു നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കരുതുന്നവരുടെ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു. അതിൽ ആറ് പേരുടെ ഫലം പോസിറ്റീവാണ്. അതിലൊരാളാണ് സിദ്ധാന്ത് എന്നും പൊലീസ് പറഞ്ഞു.

എം.ജി റോഡിലെ പാർക്ക് ഹോട്ടലിലെ പബിൽ നടന്ന ഡി.ജെ പാർട്ടിയിലാണ് സിദ്ധാന്ത് പങ്കെടുത്തത്. അവിടെ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയിരുന്നു.

 

പാർട്ടിയിൽ പങ്കെടുത്ത 35 അതിഥികളെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. അതിൽ ആറുപേരുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി. അതിലൊരാളാണ് സിദ്ധാന്ത് കപൂറെന്ന് പൊലീസ് പറഞ്ഞു.ആറുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ് ആൻഡ് സൈകോട്രാപിക് സബ്സ്റ്റന്റ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കിഴക്കൻ മേഖല ജില്ലാ പൊലീസ് ജനറൽ ഭീഷ്മ ശങ്കർ എസ്. ഗുലെദ് പറഞ്ഞു.

പ്രതികളെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.എം.ജി റോഡിൽ പാർട്ടി നടന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ് നടത്തി.