കൊച്ചി: നഗരസഭ തെരഞ്ഞെടുപ്പിലെ തോൽവി ശിവസേന നേതാവായ സോണിയ ജോസിനെ തെല്ലും ബാധിച്ചിട്ടില്ല. കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും സോണിയാ ജോസ് സ്ഥാനാർത്ഥിയായിരുന്നു. അന്ന് വെറും 33 വോട്ടുകളാണ് സോണിയയ്ക്ക് ലഭിച്ചത്. ഇതോടെ സോണിയയുടെ തെരഞ്ഞെടുപ്പ് മോഹങ്ങൾ തീർന്നുവെന്ന് പലരും കരുതി. അവരെ അൽഭുതപ്പെടുത്തിയാണ് സോണിയ വീണ്ടും സ്ഥാനാർത്ഥികുപ്പായത്തിലെത്തിയത്.

ഇത്തവണ തൃപ്പൂണിത്തുറയിലാണ് പോരാട്ടം. പ്രചാരണപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. കുടുംബയോഗങ്ങൾ വഴിയാണ് വോട്ടുപിടിത്തം. കൊടും വെയിലിനെ ഭയമുണ്ടോയെന്ന് ചോദ്യം അവരെ അസ്വസ്ഥയാക്കി. 'സിനിമ, സീരിയൽ ഷൂട്ടിംഗുകളിൽ വെയിലും ചൂടുമൊക്കെ കൊള്ളണം. അടുത്തകാലത്ത് തമിഴ്‌സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് കറുത്തു കരുവാളിച്ച് വന്ന എന്നെ കണ്ട് വീട്ടുകാർക്കു സഹിച്ചില്ല. എന്നാൽ അത്തരം സൗന്ദര്യ പ്രശ്‌നങ്ങൾ ആലോചിച്ച് ഞാൻ സമയം കളയാറില്ല.' സോണിയ നയം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ചൂട് വകവയ്ക്കാതെ പ്രചരണത്തിൽ സജീവമാണ് സോണിയ.

ജനങ്ങളെ സഹായിക്കണമെന്ന ആഗ്രഹത്തോടെയാണ് ശിവസേനയിൽ ചേർന്നത്. വനിതാസേനയുടെ പ്രസിഡന്റാണ്. സിനിമാനടികളുടെ സാമൂഹ്യപ്രവർത്തനത്തെ ആളുകൾ പരിഹാസത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് ദേശീയ രാഷ്ട്രീയപാർട്ടിയിൽ അംഗമായതെന്ന് സോണിയ പറഞ്ഞു. മന്ത്രി കെ.ബാബു, സിപിഎമ്മിന്റെ യുവനേതാവ് എം. സ്വരാജ് തുടങ്ങിയവരാണ് തൃപ്പുണ്ണിത്തുറയിൽ സോണിയയുടെ എതിരാളികൾ. ദേശീയ തലത്തിൽ സഖ്യകക്ഷിയായ ബിജെപിയുടെ സ്ഥാനാർത്ഥി തുറവൂർ വിശ്വംഭരനുമായി നേർക്കുനേർ മത്സരിക്കേണ്ടിവന്നതിൽ സോണിയയ്ക്ക് ഖേദമുണ്ട്.

സീരിയൽ താരമെന്ന നിലയിൽ വോട്ടർമാർ പ്രത്യേകിച്ച് വീട്ടമ്മമാർ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. ഏതു വീട്ടിലും ഒരു സീറ്റും ചായയും ഉറപ്പ്. അതൊക്കെ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സോണിയ. സോണിയയ്ക്കുവേണ്ടി പ്രചാരണം നടത്താൻ കേന്ദ്ര നേതാക്കളെയും സിനിമാ താരങ്ങളെയും എത്തിക്കാനാണ് ശിവസേനയുടെ പദ്ധതി. 22 വർഷമായി മലയാള സിനിമ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് സോണിയ. കോട്ടയം സ്വദേശിനിയായ സോണിയ 20 വർഷമായി കൊച്ചിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.

കടൽ, മാനത്തെ കൊട്ടാരം, വാർധക്യപുരാണം, വംശം, സുവർണ സിംഹാസനം, മിമിക്‌സ് ആക്ഷൻ 500, ശിബിരം, ജവാൻ ഓഫ് വെള്ളിമല തുടങ്ങി അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിശ്വരൂപം, പട്ടുസാരി, ഇളംതെന്നൽപോലെ, ചാരുലത, ശ്രീകൃഷ്ണൻ, വേളാങ്കണ്ണി മാതാവ്, ദേവി മഹാത്മ്യം, കടമറ്റത്ത് കത്തനാർ, മന്ത്രവാദി തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്‌ക്രീനിലും സുപരിചിതയാണ്.