- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണേന്ത്യയിൽ ആകെ ആരാധകരുള്ള ലേഡി ബച്ചൻ! 1997ൽ ബിജെപിയിലൂടെ രാഷ്ട്രീയം തുടങ്ങി സ്വന്തം പാർട്ടിയും ടിആർഎസും ആയി; പിന്നെ എത്തിയത് കോൺഗ്രസിൽ; വീണ്ടും പഴയ തട്ടകത്തിലേക്കുള്ള മടക്കം ഹൈദരാബാദിലെ ബിജെപിയുടെ മിന്നും ജയത്തിന് പിന്നാലെ; തെലുങ്കാനയിൽ ഇനി വിജയശാന്തിയും പരിവാറിനൊപ്പം; തെലുങ്കാന പിടിക്കാൻ രണ്ടും കൽപ്പിച്ച് അമിത് ഷാ
ന്യൂഡൽഹി: തെലുങ്കാനയിൽ കാറ്റു മാറുകയാണ്. ഹൈദരബാദിലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയത് വൻ മുന്നേറ്റമാണ്. നാല് സീറ്റിൽ നിന്ന് 49 ലേക്ക് കൗൺസിലർമാർ ഉയർന്നു. ഇത് ബിജെപിക്ക് തെലുങ്കാനയിൽ പുതിയ മുഖം നൽകുകയാണ്. ഇത് തിരിച്ചറിഞ്ഞ് ഒരു ലേഡി സൂപ്പർ സ്റ്റാർ ബിജെപിയിൽ എത്തുന്നു. സാക്ഷാൽ വിജയശാന്തി.
ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരികയാണ്. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിക്കും. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിക്കും ബിജെപി തെലങ്കാന അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിനുമൊപ്പമാണ് വിജയശാന്തി അമിത് ഷായെ കണ്ടത്.
ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് വിജയശാന്തി ബിജെപിയിൽ മടങ്ങിയെത്തുന്നത്. തമിഴ്നാട്ടിൽ പ്രശസ്ത ചലച്ചിത്ര താരം ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് വിജയശാന്തിയുടെയും നീക്കം. തെലുങ്കാനയിൽ വിജയശാന്തിക്ക് ഏറെ അംഗീകാരമുണ്ട്. മുമ്പും ബിജെപിയുമായി ചേർന്ന് നിന്ന നടിയാണ് വിജയശാന്തി. പിന്നീട് കളം മാറുകയും ചെയ്തു. അത്തരത്തിലൊരു നേതാവാണ് വീണ്ടും ബിജെപി ക്യാമ്പിൽ എത്തുന്നത്.
ദക്ഷിണേന്ത്യൻ സിനിമയിലെ വനിതാ അമിതാഭ് ബച്ചൻ എന്നറിയപ്പെടുന്ന വിജയശാന്തി 1997-ലാണ് ബിജെപിയിൽ അംഗമായത്. ബിജെപി ബന്ധം ഉപേക്ഷിച്ചതിനുശേഷം സ്വന്തം പാർട്ടി രൂപീകരിച്ച വിജയശാന്തി ഈ പാർട്ടിയെ ടിആർഎസുമായി ലയിപ്പിച്ചു. പിന്നീട് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ തെലുങ്കാന രാഷ്ട്രസമിതി നേതാവ് കെ ചന്ദ്രശേഖര റാവുമായി ചേർന്നു പ്രവർത്തിച്ചു. മെഡക് ലോക്സഭാ മണ്ഡലത്തിൽനിന്ന് ടിആർഎസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച അവർ 2009 മുതൽ 2014 വരെയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
2014-ലാണ് കോൺഗ്രസിൽ എത്തിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിലൊരാളായിരുന്നു. തെലങ്കാനയിൽ കോൺഗ്രസ് എല്ലാതരത്തിലും ക്ഷീണിച്ചതോടെ കഴിഞ്ഞ കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നും വിജയശാന്തി വിട്ടുനിൽക്കുകയായിരുന്നു. പ്രദേശിക കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി നേരത്തെ നടി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞമാസം തന്നെ വിജയശാന്തി ബിജെപിയിലേക്ക് തിരിച്ച് പോകുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഹൈദരാബാദ് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനം കോൺഗ്രസിൽ നിന്നുള്ള രാജിക്ക് രാഷ്ട്രീയ കാരണമാകുകയായിരുന്നു. തെലുങ്കാനയിൽ വേരുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ചരടു വലികൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വിജയശാന്തിയുടെ ബിജെപിയിലേക്കുള്ള മടക്കവും.
മറുനാടന് മലയാളി ബ്യൂറോ