- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തിഹത്യയ്ക്ക് പകരമായി മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം; ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം; ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നതായി സഹോദരൻ; ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ അടിസ്ഥാന രഹിതമെന്ന് ക്രൈംബ്രാഞ്ച്; കോടതിയലക്ഷ്യ നടപടികൾക്ക് പ്രോസിക്യൂഷൻ നീക്കം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണത്തിനെതിരെ പരോക്ഷ വിമർശനവുമായി കുടുംബം. ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമാണ്. സ്വന്തം വ്യക്തിത്വഹത്യക്ക് പകരമായി, അതിനേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും ആകാം അവരെ പ്രലോഭിപ്പിക്കുന്നതെന്നും സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു. ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുകയാണെന്നും സഹോദരൻ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'ആത്മഹത്യകൾ പലവിധമാണ് . ശാരീരികമായുള്ള ആത്മഹത്യയാണെങ്കിൽ അതവിടം കൊണ്ട് കഴിയും . ആത്മഹത്യ ചെയ്ത വ്യക്തിക്ക് പിന്നീടൊന്നും അറിയേണ്ടതില്ല , അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല . മറിച്ച് , പറഞ്ഞുപോയ വാക്കുകൾകൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം . ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത് . കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയർത്താനാകാത്ത വിധം തകർന്നടിയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവർക്ക് അവർ ചിതയൊരുക്കുന്നത്.
സംശയമുണ്ടെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ ... അവർ പറയും അത് വേണ്ടിയിരുന്നില്ലെന്ന്. ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകൾക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം . അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവർ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും . ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ . സഹതാപമാണ് അതിനേക്കാൾ മ്ലേച്ഛമായ വികാരം . ന്യായീകരണപരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നു.'
കോടതിയലക്ഷ്യ നടപടികൾക്കും പ്രോസിക്യൂഷൻ നീക്കം
അതേസമയം നടിയെ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണത്തിന്ററെ വിശ്വാസ്യതയെ തള്ളിപ്പറഞ്ഞ മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തേക്കും. തുടർച്ചയായി കേസിനെ ബാധിക്കുന്ന തരത്തിലുള്ള ആരോപണം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെയുള്ള തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇതിന് പുറമേ ആർ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷൻ കോടതീയ ലക്ഷ്യനടപടിക്കൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച ചില കേന്ദ്രങ്ങൾ അഭിഭാഷകരുമായി സംസാരിച്ചുവരികയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ആർ ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസിൽ ചില ആരോപണങ്ങൾ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ദിലീപിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയർന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു.
കൃത്യം ചെയ്ത പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയിലിനകത്ത് പൾസർ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരൻ ആണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. വിചാരണ തടവുകാരൻ ആയിരിക്കുമ്പോൾ ദിലീപ് കഷ്ടപ്പെട്ട് സെല്ലിൽ കഴിയുന്നതായി താൻ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതായും ശ്രീലേഖ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ