മെൽബൺ: രാജ്യത്ത് വർധിച്ചുവരുന്ന അസമത്വം ഇല്ലായ്മ ചെയ്യാൻ മിനിമം വേജ് വർധിപ്പിക്കണമെന്ന ആവശ്യം യൂണിയനുകൾ ഉന്നയിച്ചു. ഇതു സംബന്ധിച്ച് ഫെയർ വർക്ക് കമ്മീഷന് എസിടിയു നിവേദനം സമർപ്പിക്കുകയും ചെയ്തു. നിലവിലുള്ളതിനെക്കാൾ ആഴ്ചയിൽ 27 ഡോളർ കൂടി മിനിമം വേതനത്തിൽ വർധിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

ആഴ്ചയിൽ 27 ഡോളർ വർധിപ്പിക്കുമ്പോൾ നിലവിലുള്ള 640.90 ഡോളർ എന്നുള്ള മിനിമം വേജ് 667.90 ഡോളർ ആയി വർധിക്കും. എന്നാൽ ഇത്രയും വലിയ വർധന തൊഴിൽ നഷ്ടമാകുന്നതിനു കാരണമായേക്കുമെന്ന് ഇൻഡസ്ട്രി ഗ്രൂപ്പുകൾ എതിർവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂണിയനുകൾ ആവശ്യപ്പെട്ടതിലും പകുതി മാത്രമേ മിനിമം വേജിൽ വർധന വരുത്താൻ പാടുള്ളൂ എന്നാണ് ഇൻഡസ്ട്രി ഗ്രൂപ്പുകൾ പറയുന്നത്.

ഫെയർ വർക്ക് കമ്മീഷന് ഓസ്‌ട്രേലിയൻ ഇൻഡസ്ട്രി ഗ്രൂപ്പ് നൽകിയ ശുപാർശ അനുസരിച്ച് 1.6 ശതമാനം വർധന വരുത്താനാണ് നിർദ്ദേശം. 1.6 ശതമാനം വേജ് വർധന നടപ്പാക്കുമ്പോൾ ആഴ്ചയിൽ 10.25 ഡോളറിന്റെ വർധനയാണ് മിനിമം വേജിൽ വരിക. ഈ നിർദ്ദേശം നിലവിലുള്ള പണപ്പെരുപ്പ നിരക്കായ 2.2 ശതമാനത്തെക്കാൾ കുറവാണ്.

തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താനും വർധിച്ചുവരുന്ന തൊഴിൽ അസമത്വം ഇല്ലാതാക്കാനും മിനിമം വേജിൽ 27 ഡോളറിന്റെ വർധന അത്യാവശ്യാമാണെന്നാണ് എസിടിയു ഊന്നിപ്പറയുന്നത്. അതേസമയം ഒരു പരിധിയിൽ കൂടുതൽ മിനിമം വേജ് വർധിപ്പിക്കുന്നത് ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്തെ മാത്സര്യത്തെ ബാധിക്കുമെന്ന് എഐജി ചിഫ് എക്‌സിക്യൂട്ടീവ് ഇൻസ് വില്ലോക്‌സ് പറയുന്നു. പുതുതായി തൊഴിലിനായി ശ്രമിക്കുന്നവർക്കും നിലവിൽ തൊഴിൽ നഷ്ടമാകുന്ന അവസ്ഥയിൽ ഉള്ളവർക്കും യൂണിയന്റെ വേതന വർധനയ്ക്കുള്ള നിർദ്ദേശം ദോഷം ചെയ്യുമെന്നാണ് വില്ലോക്‌സ് ചൂണ്ടിക്കാട്ടുന്നത്.

യൂണിയൻ നിർദേശിച്ചിരിക്കുന്ന വേതന വർധന രാജ്യത്തെ 1.86 മില്യൺ തൊഴിലാളികൾക്ക് ഗുണകരമാകുമെന്നും സാമ്പത്തിക ബാധ്യതയിൽ പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഇത് ആശ്വാസമാകുമെന്നും എസിടിയു സെക്രട്ടറി ഡേവ് ഒലിവർ പറയുന്നു. ലോ പെയ്ഡ് വർക്കർമാർക്കിടയിൽ ഇപ്പോഴും പട്ടിണിയും ദുരിതവുമാണെന്നും ഇതുമൂലം രാജ്യത്ത് അസമത്വം വർധിച്ചുവരുന്നുണ്ടെന്നും ഒലിവർ ചൂണ്ടിക്കാട്ടുന്നു. ആഴ്ചയിൽ 27 ഡോളർ മിനിമം വേജ് വർധിപ്പിക്കുമ്പോൾ മണിക്കൂറിൽ 16.87 ഡോളർ വേതനം എന്നുള്ളത് 17.58 ഡോളർ എന്നായി വർധിക്കും. മിനിമം വേതന വർധന കൂടാതെ നിർബന്ധിത സൂപ്പർ ആനുവേഷൻ കോൺട്രിബ്യൂഷൻ കൂടി എസിടിയു ശുപാർശ ചെയ്തിട്ടുണ്ട്.