ഇടുക്കി: കാലം മാറി കഥ മാറി. കാലത്തിനൊത്ത് കോലം തുള്ളണം എന്നതാണ് ചില പത്രക്കാരുടെയും പുത്തൻ ചിന്ത.പരിപ്പുവടയും കട്ടൻചായയും കഴിച്ചിരുന്ന പഴയകാലത്ത് നിന്ന് വിപ്ലവ പാർട്ടികൾ മാറിയതുപോലെ തങ്ങൾക്കും മാറ്റം വേണമെന്ന് ഒരുവിഭാഗം ആലോചിക്കുന്നു. നടപ്പാക്കുകയും ചെയ്യുന്നു. മണി ഈസ് വെൽത്ത് എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്നു. ഇടുക്കി പ്രസ്‌ക്ലബ്ബിൽ നിന്നുള്ള വാർത്തകൾ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ തോന്നിയാൽ അത്ഭുതമില്ല.

അടുത്തിടെയായി ഇടുക്കി പ്രസ് ക്ലബ്ബിന്റെ വാർത്താസമ്മേളനങ്ങൾ ശ്രദ്ധിക്കുന്ന ആളുകൾക്ക് അത്ഭുതം തോന്നിയേക്കാം. മൈക്ക് ഐഡിയിൽ കാണുന്നത് സ്വദേശാഭിമാനിയുടെ ചിത്രമൊന്നുമല്ല. തൂലിക നിർഭയം പടവാളാക്കിയ മറ്റ് ആരുടെയും ചിത്രമല്ല. രാവിലെ നല്ല കടുപ്പമുള്ള ചായ കുടിക്കുന്ന ഒരു ഫീൽ കിട്ടും ആ മൈക്ക് ഐഡി കണ്ടാൽ. മറ്റൊന്നുമല്ല, റിപ്പിൾ ടീയുടെ പരസ്യമാണ് മൈക്ക് ഐഡിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഇടുക്കി പ്രസ്‌ക്ലബ്ബിന്റെ വാർത്താസമ്മളനം നടക്കുന്ന ഡയസിലെ മൈക്കിന്റെ ഈ രൂപമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് പത്രസമൂഹം.അണിയറയിലെ സംസാരം ശരിയെങ്കിൽ, ലക്ഷക്കണക്കിന് രൂപയുടെ പരസ്യമാണ് റിപ്പിൾ ടീക്ക് വേണ്ടി ഇടുക്കി പ്രസ് ക്ലബ്ബ് വാങ്ങിയിരിക്കുന്നത്. വാർത്ത മുക്കാൻ ഇതിൽപരം ആനന്ദമെന്തിനി വേണം എന്നാണ് അസൂയാലുക്കൾ പറഞ്ഞുനടക്കുന്നത്.

മൈക്കിൽ തന്നെ പരസ്യം സജ്ജീകരിച്ചിരിക്കുന്നതിൽ റിപ്പിൾ ടീക്ക് ഒരുരൂപ പോലും മുടക്കില്ലാതെ പരസ്യപ്രചാരണം സുഗമം.എന്നാൽ, പരസ്യം മോഹിച്ചിരിക്കുന്ന ചാനലുകൾക്ക് ചില്ലിക്കാശ് കിട്ടുകയുമില്ല.ടാറ്റായ്‌ക്കെതിരെയുള്ള വാർത്ത ജില്ലയിൽ നിന്ന് ഒഴിവാക്കാം എന്നതാണ് കമ്പനിയും പ്രസ് ക്ലബ്ബുമായുള്ള അലിഖിത കരാറെന്ന് ആരോപണമുണ്ട്. കോൺ്ഗ്രസ് അനുഭാവമുള്ള ചാനൽ പ്രതിനിധിയായ പ്രസ് ക്ലബ്ബ് സെക്രട്ടറിയും, മറ്റൊരു സ്വകാര്യ ചാനലിൽ നിന്ന് പിരിച്ചുവിട്ട വ്യക്തിയുമാണ് ഈ പിന്നാമ്പുറ ധാരണയ്ക്ക് പിന്നിലെന്ന് പറയുന്നു. ഈ ധാരണയ്ക്ക് മററു ഭാരവാഹികളും മൗനാനുവാദം നൽകുകയായിരുന്നു.

ഇടുക്കി പ്രസ് ക്ലബ്ബിന്റെ പ്രവർത്തനം അമിതമായ പിരിവുകളിലൂടെയാണ്്് മുന്നേറുന്നതെന്ന ആരോപണവും സജീവമാണ്. ടാറ്റയുമായുള്ള ധാരണയും മറ്റ് അനധികൃത ഇടപാടുകളും നിലവിലെ പ്രസിഡന്റ്ിന്റെ അറിവോടെയല്ലെന്നും ആരോപണമുണ്ട്.ഏതായാലും നേരേ വാ നേരേ പോ എന്ന നിലയിലല്ല ഇടുക്കി പ്രസ് ക്ലബ്ബിലെ കാര്യങ്ങളെന്നാണ് പത്രപ്രവർത്തകർക്കിടെയിലെ സംസാരം.