കണ്ണൂർ: സ്വത്ത് തട്ടിയെടുക്കൽ കേസിലെ പ്രതിയും പയ്യന്നൂരിലെ അഭിഭാഷകയുമായ ഷൈലജയെ വീട്ടിൽ നിന്നും 'കടക്കു പുറത്ത്' എന്ന് പറഞ്ഞ് ബാലകൃഷ്ണൻ എതിർത്തിരുന്നു. റിട്ടയേർഡ് സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന പി.ബാലകൃഷ്ണൻ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ഷൈലജയേടും ഭർത്താവിനോടും ഇങ്ങിനെ പറഞ്ഞതായി പരിചാരിക സരോജിനി പറയുന്നു. തളിപ്പറമ്പിലെ കർമ്മസമിതി ഭാരവാഹികൾ ചാക്കയിലുള്ള സരോജിനിയെ സന്ദർശിച്ചപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചത്.

രോഗബാധിതനായി കിടക്കുമ്പോൾ പോലും ഷൈലജയോട് കടന്നു പോകാൻ ദേഷ്യത്തോടെ ബാലകൃഷ്ണൻ പറഞ്ഞിരുന്നു. വിദഗ്ധ ചികിത്സക്കെന്നു പറഞ്ഞ് അദ്ദേഹത്തെ നിർബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. ഈ യാത്രയ്ക്കിടെയാണ് ബാലകൃഷ്ണന്റെ ദുരൂഹമരണം.

അതേസമയം ബാലകൃഷ്ണന്റെ അനുജൻ രമേശനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിനാൽ സംരക്ഷണം നൽകണമെന്നും കർമ്മസമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. രമേശൻ അസുഖം മൂലം തളിപ്പറമ്പിലെ വീട്ടിൽ കഴിയുകയാണ്. കേസിലെ മുഖ്യപ്രതിയും ഷൈലജയുടെ സഹോദരിയുമായ ജാനകിയുടെ ജീവന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണത്തിൽ സുരക്ഷിതമായ സ്ഥലത്ത് താമസിപ്പിക്കാൻ നടപടിയെടുക്കണമെന്നും കർമ്മസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞമ്പു ഡോക്ടറുടെ മക്കളുടെ പേരിൽ തളിപ്പറമ്പിലും പരിസരങ്ങളിലും വ്യാപിച്ചു കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ന്യായവില നൽകി സർക്കാർ ഏറെറടുക്കണമെന്നും കുടുംബാംഗങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തണമെന്നും കർമ്മസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലകൃഷ്ണന്റേയും കുടുംബത്തിന്റേയും സ്വത്തുക്കൾ പലയിടത്തും കൈയേറ്റക്കാരും ഭൂമാഫിയയും കൈയേറിയിട്ടുണ്ടെന്നും കർമ്മസമിതി ആരോപിക്കുന്നു. അതേസമയം സ്വത്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ അഡ്വ. ഷൈലജയേയും ഭർത്താവ് കൃഷ്ണകുമാറിനേയും കുറിച്ച് ഒരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പയ്യന്നൂരിൽ താമസിക്കുന്ന ഷൈലജയുടെ മകളുടെ ഫോൺ കോളുകൾ പിൻതുടർന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള പത്തിലേറെ പേരിൽ നിന്നും ഡിവൈ.എസ്‌പി. കെ.വി. വേണുഗോപാൽ മൊഴിയെടുത്തിട്ടുണ്ട്. ഈമാസം 14 ഷൈലജയുടെയും കൃഷ്ണകുമാറിന്റെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതിനു മുൻപ് പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

ബാലകൃഷ്ണന്റേയും കുടുംബത്തിന്റേയും പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കുകയും ബാലകൃഷ്ണന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളും പയ്യന്നൂർ, തളിപ്പറമ്പ്, കൊടുങ്ങല്ലൂർ, തിരുവനന്തപുരം, എന്നിവിടങ്ങളിലാണ് നടക്കുന്നത്. കേസിന്റെ സുഗമമായ നടത്തിപ്പ് ചുമതല ഐ.ജി മഹിപാൽ യാദവിനാണ്. കേസന്വേഷണത്തിന്റെ പുരോഗതി ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്നലെ കണ്ണൂരിൽ വിലയിരുത്തി.

ജില്ലാ പൊലീസ് ചീഫ് ശിവ വിക്രം, തളിപ്പറമ്പ് ഡിവൈഎസ്‌പി. കെ.വി. വേണുഗോപാൽ, പയ്യന്നൂർ സിഐ എംപി. ആസാദ് എന്നിവർ യോഗത്തിൽ വിവരങ്ങൾ കൈമാറി. ഷൈലജയ്ക്കും ഭർത്താവിനും ബാലകൃഷ്ണന്റെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകാൻ സഹായിച്ചതിനും മുൻ പയ്യന്നൂർ വില്ലേജ് ഓഫീസർ തളിപ്പറമ്പ് തഹസിൽദാർ എന്നിവർക്കെതിരെയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.