തിരുവനന്തപുരം: കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ വീട്ടിൽ കയറി കൊലപ്പെടുത്താൻ വഴിവച്ചത് വീട്ടുകാർ അനുവദിച്ച സ്വാതന്ത്ര്യം. ചെന്നൈയിൽ പിടിയിലായ പ്രതി കുറ്റസമ്മതം നടത്തി കഴിഞ്ഞു. ആദം അലിയെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കും വിവരങ്ങളാണ്.

വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ടാണ് കൊല്ലപ്പെട്ട മനോരമ. തൊട്ടുത്ത് തന്നെ ജോലിക്ക് വ്യക്തിയായിരുന്നു ബംഗാൾ സംദേശിയായ ആദം അലി. ആറാഴ്ചയായി ഇവരുടെ വീട്ടിൽ നിന്നാണ് തൊഴിലാളികൾ വെള്ളം എടുത്തിരുന്നത്. കുടിവെള്ളം ഉൾപ്പെടെ എന്താവശ്യത്തിനും കിണറ്റിൽ നിന്ന് വെള്ളമെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും മനോരമ ആദം അലിക്കും കൂട്ടുകാർക്കും നൽകിയിരുന്നു. ആദം അലിയോട് കൂടുതൽ കരുണയും കാട്ടി. ഭക്ഷണം അടക്കം നൽകി. ജോലിക്കായി എത്തിയ ആദം ജോലി ചെയ്യാൻ താൽപ്പര്യം കാട്ടാറില്ലായിരുന്നു. പല ദിവസങ്ങളിലും ജോലി ഒഴിവാക്കി. കിട്ടുന്നതെല്ലാം പബ്ജി കളിച്ചു കളഞ്ഞു. ഓൺലൈൻ ഗെയിമുകളോടായിരുന്നു ഇഷ്ടം. അതുകൊണ്ട് തന്നെ കൂട്ടുകാരും ആദം അലിയെ അകറ്റി നിർത്തി.

പലപ്പോഴും ആദം അലിയോട് കൂടെ നിൽക്കെണ്ടെന്ന് പറഞ്ഞവരും ഉണ്ട്. ആറു പേർ ഒരുമിച്ചാണ് തിരുവനന്തപുരത്തേക്ക് ജോലിക്കായി എത്തിയത്. അതുകൊണ്ട് മാത്രം ജോലിയെടുക്കാതെ മടിയനായി തുടർന്ന ആദം അലിയെ സഹിച്ചു. ഇതിനിടെ ആദം അലിക്ക് പല ദിവസവുംം ഭക്ഷണം നൽകിയതും മനോരമയായിരുന്നു. ഈ സ്‌നേഹവും ആദം അലി ചൂഷണം ചെയ്തുവെന്ന സംശയം കൂട്ടുകാർക്ക് പോലുമുണ്ട്. ചെന്നൈയിൽ എത്തിയ പൊലീസ് പ്രാഥമികമായി കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പദ്ധതി. ഈ സമയം ദ്വിഭാഷിയെ അടക്കം ഉപയോഗിക്കാനാണ് നീക്കം.

മനോരമയും ഭർത്താവ് ദിനരാജുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 9 മണിയോടെ ദിനരാജ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി വർക്കലയിലേക്ക് പോയി. പണി നടക്കുന്ന കെട്ടിടത്തിൽനിന്ന് നോക്കിയാൽ മനോരമയുടെ വീടിന്റെ മുറ്റവും ഹാളുമെല്ലാം കാണാം. ദിനരാജ് പാകുന്നതെല്ലാം ആദം അലി ശ്രദ്ധിച്ചിരുന്നു. ഇതിന് ശേഷം ഒരു മണിയോടെ ആദം അലി മനോരമയുടെ വീട്ടിലെത്തിയെന്നും ഒന്നരയോടെ കൊലപാതകം നടന്നെന്നുമാണ് പൊലീസ് നിഗമനം. മനോരമ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പണവുമായി കടന്നു കളയാനായിരുന്നു ഇയാളുടെ ശ്രമെന്ന് വ്യക്തമാണ്.

ആദം അലി കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടത് പിടിക്കപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചായിരുന്നു.മൃതദേഹം കിണറ്റിൽ തള്ളിയ ശേഷം തൊട്ടടുത്തുള്ള താമസ സ്ഥലത്തെത്തിയ ഇയാൾ ഒപ്പം താമസിച്ചിരുന്നവരോട് 'അവർക്ക് ഞാൻ നാലഞ്ച് അടികൊടുത്തു' എന്ന് പറഞ്ഞതായി പൊലീസിന് ആദം അലിയുടെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ സ്വന്തം ഫോൺ തറയിൽ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തു. പബ്ജി ഗെയിം അഡിക്ട് ആയ ആദം അലി ആറ് മാസത്തിൽ കൂടുതൽ ഒരു മൊബൈൽ നമ്പർ ഉപയോഗിക്കാറില്ല. മനോരമയുടെ മൃതദേഹം കിണറ്റിൽ കൊണ്ടിടുന്നതിന്റെ സിസിടിവി പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ കൊലപാതക സമയത്തേത് കിട്ടിയിട്ടില്ല. എങ്കിലും ആദം അലി മാത്രമേ കൊലയിൽ പങ്കെടുത്തുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം.

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാര്യമില്ലെന്നു വിലയിരുത്തിയ പൊലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആദം അലിയെ പിടികൂടിയത്. കൊലപാതകത്തിനു ശേഷം ആദ്യം മെഡിക്കൽ കോളജ് ഭാഗത്താണ് ആദം ആലി എത്തിയത്. പിന്നീട് വൈകിട്ട് 4.10 ഓടെ തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയതായും പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. മുൻപ് കൊല്ലത്തു ജോലി നോക്കിയിരുന്ന ആദം ആദ്യം ട്രെയിനിൽ കൊല്ലത്തേക്കാണു പോയത്. ഇവിടെ നിന്നാണ് ചെന്നൈയിലെത്തിത്.

അതേസമയം കൊലപാതകം നടന്ന സമയം ആദം അലിയുടെ സുഹത്തുക്കൾ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയെന്നാണ് പറഞ്ഞത്. എന്നാൽ മൊബൈൽ ടവർ വഴി നടത്തിയ അന്വേഷണത്തിൽ അവർ താമസ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതും ദുരൂഹമായി തുടരുന്നു. കൊലപാതകം നടത്തിയ രീതിയും പിടിക്കപ്പെടാതിരിക്കാനായി സ്വന്തം മൊബൈൽ ഫോൺ പൊട്ടിച്ചതുമെല്ലാം കണക്കിലെടുത്ത് ആദം അലിയുടെ ജീവിത പശ്ചാത്തലം കൂടി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.