- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിന് ഫ്ളൈമിങ് ഗോ എത്തിയാൽ കോളടിക്കും; അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസ്; ദേശീയ തീർത്ഥാടന സർക്യൂട്ടിലും ഇടം പിടിച്ചേക്കും; ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കും സർവ്വീസ്; ലക്ഷ്യം തിരുവനന്തപുരത്ത് കപ്പൽ-വിമാന ഹബ്ബ്; എയർപോർട്ടിൽ അദാനി എത്തുമ്പോൾ
തിരുവനന്തപുരം: കൊല്ലുമോ വളർത്തുമോ? തിരുവനന്തപുരത്തുകാർ ഉയർത്തുന്ന പ്രധാന ചോദ്യമാണ് ഇത്. എയർപോർട്ട് അഥോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർധരാത്രി മുതൽ അദാനി ഗ്രൂപ്പിന് ലഭിക്കുമ്പോൾ വികസന കുതിപ്പാണ് മലയാളി പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനൊപ്പം കടലിനോട് ചേർന്ന് കിടക്കുന്ന വിമാനത്താവളവും അദാനി നേടുന്നത് തിരുവനന്തപുരത്തെ സാധ്യതകൾ തിരിച്ചറിഞ്ഞാണ്. ഇന്ന് എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർപോർട്ട് ഓഫിസർ ജി.മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുക്കും. 50 വർഷത്തേക്കുള്ള നടത്തിപ്പിനാണു കരാർ.
ലോകനിലവാരത്തിൽ വിമാനത്താവളത്തെ മാറ്റുമെന്ന വാഗ്ദ്ധാനവുമായാണ് 50 വർഷത്തെ നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നത്. ഭരണനിർവഹണമാവും ആദ്യം ഏറ്റെടുക്കുക. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും ലഭിക്കുന്നതോടെ കപ്പൽ - വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. വിമാനത്താവളവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്സ് ബിസിനസിലും കണ്ണുണ്ട്. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും കോവിഡ് പ്രതിസന്ധി മാറിയാൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ലക്ഷ്യം.
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനായി ഫ്ളൈമിങ് ഗോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസുകളുണ്ടാവും. ദേശീയ തീർത്ഥാടന സർക്യൂട്ടിലും ഇടംപിടിക്കാൻ സാദ്ധ്യതയുണ്ട്. ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കായി ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26 ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയാണ് പരിഗണനയിലുള്ളത്. ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് തുടങ്ങാനാവും.
വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടിഫ്രീ ഷോപ്പ് വിസ്തൃതമാക്കും. നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടിയിലാണ് ഡ്യൂട്ടിഫ്രീ. കണ്ണൂർ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെർമിനലിലു ംബാർ വരും. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കും. ടെർമിനലിൽ ഷോപ്പിങ്, സേവന കേന്ദ്രങ്ങൾ വരും. സെക്യൂരിറ്റി ഏരിയയിലെ കടകളും വിസ്തൃതമാക്കിയും വരുമാനം കൂട്ടാം. അങ്ങനെ വമ്പൻ വികസന പദ്ധതികളാണ് അദാനി മുമ്പോട്ട് വയ്ക്കുന്നത്.
എയർപോർട്ട് അഥോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവർത്തനം. നിലവിലുള്ള ജീവനക്കാർക്കു 3 വർഷം വരെ ഇവിടെ തുടരാം. അതിനുശേഷം അദാനി എയർപോർട്സിന്റെ ഭാഗമാകുകയോ എയർപോർട്ട് അഥോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം. തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് എന്ന പേരു മാറ്റേണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. മറ്റ് പല സംസ്ഥാനങ്ങളിലും വിമാനത്താവളത്തിന്റെ പേരിനൊപ്പം അദാനി എയർപോർട്ട് എന്ന് കൂടി ചേർത്തിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവച്ചു. ഈ സാഹചര്യത്തിലാണ് അദാനിയുടെ പുതിയ നീക്കം.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇനി നടക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർപോർട്ട് അഥോറിറ്റിക്കാണ്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങൾ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകിയിരുന്നു. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.
അദാനി ഗ്രൂപ്പിനു നൽകേണ്ട സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് (വിമാനത്താവള നടത്തിപ്പിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത്) സംസ്ഥാനം ഇതുവരെ നൽകിയിട്ടില്ലെന്നാണ് സൂചന. സർക്കാർ ഇതു നൽകിയില്ലെങ്കിൽ നിയമവഴിയിലൂടെ പരിഹാരം കാണാനായിരിക്കും എയർപോർട്ട് അഥോറിറ്റിയുടെ ശ്രമമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം, എ.ടി.സി., സുരക്ഷ, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവ സർക്കാർ ഏജൻസികളിൽ നിക്ഷിപ്തമായിരിക്കും.
അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് ശശി തരൂർ എംപി രംഗത്തു വന്നിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് അദാനിവരുമ്പോൾ അത് നല്ലതാണെന്ന് തരൂർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയർന്നിരുന്നു. നമ്മുടെ വിമാനത്താവളം നന്നായി പ്രവർത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. തുടക്കം മുതൽ തന്നെ വിമാനത്താവള വികസനത്തിന് അദാനിയാണ് നല്ലതെന്ന നിലപാട് തരൂർ സ്വീകരിച്ചിരുന്നു.
നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഓഫർ ആണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണ് എന്നിരിക്കേ പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് എന്റെ അഭിപ്രായം. ഇതിനോടകം അദാനി ഗ്രൂപ്പ് രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുമെന്ന് കരുതാം. അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ അവർക്ക് അവസരം നൽകണം. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺ?ഗ്രസ് പാർട്ടിയുടേതല്ലെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഇതുവരെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.
കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി, എയർ ട്രാഫിക് മാനേജ്മെന്റ്, കമ്യൂണിക്കിഷേൻ നാവിഗേഷൻ സർവ്വൈലൻസ് തുടങ്ങിയ സേവനങ്ങളുടെ ചുമതല എയർപോർട്ട് അഥോറിറ്റിക്കും വ്യോമയാന മന്ത്രാലയത്തിനും ആയിരിക്കും. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറിയതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പ് തുടരുകയാണ്. ഇതിനിടെയാണ് ഏറ്റെടുക്കൽ. തിരുവനന്തപുരത്തിന് പുറമേ ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, മംഗളൂരു എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാറും അദാനി ഗ്രൂപ്പിനാണ്. ഇതിൽ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ