ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ഉറ്റ സുഹൃത്താണ് അദാനി. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായപ്പോൾ വളർന്ന് പന്തലിച്ച ബിസിനസ് സാമ്രാജ്യം. മോദിക്ക് പ്രിയങ്കരനായ അദാനിയെ തൊടാൻ എങ്ങനെ സിബിഐയ്ക്ക് കഴിയും? പറ്റില്ലെന്ന് തെളിയിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസിയും. കൈക്കൂലി വാങ്ങുന്ന കേന്ദ്രസർവ്വീസിലെ ചെറു ജീവനക്കാർക്കെതിരെ പോലും കർശന നിലപാടുമായി പോകുന്ന സിബിഐയ്ക്ക് കോടികൾ തട്ടിയ അദാനിയെ തൊടാൻ മടിയാണ്. ഊർജ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ കണക്കിൽകവിഞ്ഞ ബില്ലുകൾ കാണിച്ചതിന് ഗൗതം അദാനി ഗ്രൂപ്പിനെതിരെയുള്ള കേസ് അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത് വെറും സാങ്കേതിക ന്യായങ്ങൾ പറഞ്ഞാണ്.

അദാനിക്കെതിരായ കേസ് അന്വേഷണത്തിന്റെ പുരോഗതി കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതി സിബിഐയോട് ആരാഞ്ഞിരുന്നു. അതിന് മറുപടിയായി സിബിഐ നൽകിയ സത്യവാങ്മൂലത്തിലാണ് സാങ്കേതിക തടസ്സത്താൽ അന്വേഷണത്തിന് കഴിയില്ലെന്ന് അറിയിച്ചത്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് പൊതുതാൽപര്യഹരജികളിലാണ് ഡൽഹി ഹൈക്കോടതി തൽസ്ഥിതി വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. ഇനി കോടതിയുടെ നിലപാടാകും നിർണ്ണായകം. മഹാരാഷ്ട്ര സർക്കാറിനു കീഴിലുള്ള ഊർജ വിതരണ പദ്ധതിയായതിനാൽ സംസ്ഥാന വിഷയങ്ങൾ തങ്ങളുടെ അന്വേഷണപരിധിയിൽ വരില്ലെന്ന സാങ്കേതിക തടസ്സവാദമാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

എന്നാൽ അദാനിയെ രക്ഷിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് ആരോപണം. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച പരാതിയുടെ വിശദാംശങ്ങളിലേക്ക് സിബിഐ കടന്നിട്ടില്ല. എന്നാൽ, സിബിഐ പ്രവർത്തിക്കുന്നതിന് അടിസ്ഥാനമായ ഡൽഹി പൊലീസ് നിയമപ്രകാരം ഈ സാങ്കേതിക തടസ്സവാദം ദുർബലമാണെന്ന് പൊതുതാൽപര്യഹരജിക്കാരായ കോമൺ കോസിന്റെയും സന്റെർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സന്റെറിന്റെയും അഭിഭാഷകർ ചൂണ്ടിക്കാട്ടി. മോദി സർക്കാർ അധികാരമേൽക്കുന്നതിന് അൽപം മുമ്പ് 2014 മേയിലാണ് അദാനി ഗ്രൂപ്പിന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് 5500 കോടി രൂപ പിഴ ചുമത്തിയത്.

സിബിഐയുടെ പ്രാഥമിക അന്വേഷണം 2014 ജൂണിൽ രജിസ്റ്റർ ചെയ്തുവെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമാക്കി വെക്കുകയായിരുന്നു. ഇത്തരമൊരു കേസിലാണ് പുതിയ സാങ്കേതിക ന്യായങ്ങൾ പറയുന്നത്. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെതിരെ അന്വേഷണം നടത്തിയത് സിബിഐയാണ്. ഇതും സംസ്ഥാന വിഷയമാണ്. അതുകൊണ്ട് തന്നെ അദാനി വിഷയത്തിലും സിബിഐയ്ക്ക് അന്വേഷിക്കാവുന്നതേ ഉള്ളൂ. എന്നാൽ ലാവ്‌ലിൻ കേസിലെ ഇടപെടൽ മറച്ചുവച്ചാണ് സിബിഐയുടെ പുതിയ വിശദീകരണം. ഇത് അദാനിക്ക് വേണ്ടിയുള്ള കേന്ദ്ര സമ്മർദ്ദത്തിന്റെ ഫലമാണ്.

അദാനി പവർ മഹാരാഷ്ട്ര, അദാനി പവർ രാജസ്ഥാൻ, മഹാരാഷ്ട്ര ഈസ്‌റ്റേൺ ഗ്രിഡ് പവർ ട്രാൻസ്മിഷൻ കമ്പനി എന്നീ അദാനിയുടെ മൂന്ന് സ്ഥാപനങ്ങൾ 3580 കോടിയുടെ ഊർജ ഉപകരണങ്ങൾ ചൈനയിൽനിന്നും കൊറിയയിൽനിന്നും ഇറക്കുമതി ചെയ്തപ്പോൾ അവ 9048 കോടി രൂപക്കുള്ളതാണെന്ന പെരുപ്പിച്ച കണക്ക് കാണിച്ചുവെന്ന് ഡി.ആർ.ഐ കണ്ടെത്തി. ഇതിന്റെ തുടർനടപടി എന്ന നിലയിൽ ഒരു മാസത്തിനുശേഷം സിബിഐ പ്രാഥമിക അന്വേഷണവും തുടങ്ങി.

കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ യഥാർഥ കണക്കും പെരുപ്പിച്ച കണക്കും തമ്മിലുള്ള വ്യത്യാസമായ 5468 കോടി രൂപ യു.എ.ഇ കേന്ദ്രമായ ഇലക്‌ട്രോൺ ഇൻഫ്ര എന്ന കമ്പനി വലിച്ചെടുത്തുവെന്നും ഡി.ആർ.ഐ ആരോപിച്ചു. ഇത്തരത്തിലെ കേസിലാണ് സിബിഐയുടെ മലക്കം മറിച്ചിൽ. ഈ യു.എ.ഇ കമ്പനിയുടെ ഉടമസ്ഥത ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനി നയിക്കുന്ന മൊറീഷ്യസ് കേന്ദ്രമായ ഒരു ട്രസ്റ്റിലേക്കാണ് എത്തുന്നതെന്നും ഡി.ആർ.ഐ കണ്ടുപിടിച്ചു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, വിജയ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, കനറാ ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകൾ കണക്ക് പെരുപ്പിച്ച ഇറക്കുമതിക്കായി അദാനി ഗ്രൂപ്പിന് വായ്പ നൽകിയിരുന്നോ എന്ന കാര്യം അന്വേഷിക്കാനുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ സിബിഐ വ്യക്തമാക്കിയിരുന്നു.