കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരായ അദാനി ഗ്രൂപ്പ് കേരളത്തിലും ചുവടുറപ്പിക്കാൻ ഒരുങ്ങുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലുൾപ്പെടെ കണ്ണു വച്ചിട്ടുള്ള അദാനി ഗ്രൂപ്പിന് കൊച്ചിയിൽ വീടുകളിൽ പൈപ്പ്‌ലൈൻവഴി പാചകവാതകം എത്തിക്കുന്ന 'സിറ്റിഗ്യാസ്' പദ്ധതി നടത്തിപ്പ് ലഭിക്കുമെന്നാണ് സൂചന.

പദ്ധതി ഏറ്റെടുക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്ത ആറ് കമ്പനികളിൽ അദാനി-ഐഒസി സംയുക്തസംരംഭ കമ്പനിയാണ് മുന്നിൽ. പെട്രോളിയംപ്രകൃതിവാതക മന്ത്രാലയം കഴിഞ്ഞദിവസമാണ് ടെൻഡർ തുറന്നത്. 1,059 കോടി രൂപയുടെ പെർഫോർമൻസ് ഗ്യാരന്റിയാണ് ഇവർ ക്വോട്ട് ചെയ്തത്.

എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പ്രകൃതിവാതകം ഗാർഹികാവശ്യത്തിനും ചെറുകിട വ്യവസായസംരംഭങ്ങൾക്കും ഹോട്ടലുകൾക്കും പൈപ്പ്‌ലൈൻവഴി എത്തിക്കുകയും വാഹനങ്ങളിൽ ഉപയോഗിക്കാൻ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് വിതരണംചെയ്യുകയുമാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ഉദ്ദേശ്യം. 40,000 ഉപയോക്താക്കൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ 14 നഗരങ്ങളിലായി സിറ്റി ഗ്യാസ് പദ്ധതിക്കുള്ള ടെൻഡറുകൾക്കാണ് പിഎൻജിആർബി അപേക്ഷ ക്ഷണിച്ചത്.

പദ്ധതിനടത്തിപ്പിന് ആറു കമ്പനികളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ-അദാനി ഗ്രൂപ്പ് സംരംഭത്തെക്കൂടാതെ കെഎസ്‌ഐഡിസിയും ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യയും ചേർന്നുള്ള സംയുക്തസംരംഭമായ കേരള ഗെയിൽ ഗ്യാസ് ലിമിറ്റഡ്, ബിപിസിഎൽ, ഇഐഎംസി ലിമിറ്റഡ്, സിനർജീസ് സ്റ്റീൽ ലിമിറ്റഡ്, എസ്സെൽ ലിമിറ്റഡ് എന്നിവരും പങ്കെടുത്തിരുന്നു. കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ഇറങ്ങിയാൽ പൈപ്പിടലിനുള്ള നടപടികൾ തുടങ്ങാനാകൂ.

ആദ്യമായാണ് പ്രകൃതിവാതക വിതരണമേഖലയിലേക്ക് അദാനി ഗ്രൂപ്പ് കടക്കുന്നത്. സമ്പത്തിൽ മുൻനിരയിൽ അംബാനിയാണെങ്കിലും അതിവേഗം വളർച്ച കൈവരിച്ചവരിൽ ഇപ്പോൾ മുൻനിരയിൽ അദാനിയാണ്. മോദിയുമായുള്ള അടുപ്പമാണ് അദാനിയെ വൻ ബിസിനസ് ശക്തിയാക്കിയതെന്നാണ് വിലയിരുത്തൽ.