തിരുവനന്തപുരം : വമ്പൻ വ്യവസായ സാദ്ധ്യതയുള്ള സംസ്ഥാനത്തെ കരിമണലിൽ കണ്ണുവെച്ച് അദാനി എത്തുന്നു. കൊല്ലം, ആലപ്പുഴ തീരത്തെ കരിമണൽ സംസ്‌കരിച്ചെടുത്ത് കയറ്റുമതി ചെയ്യാൻ അദാനി കൊല്ലത്തോ ആലപ്പുഴയിലോ ഒരു കമ്പനി ആരംഭിച്ചേക്കുമെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ നിരവധി ക്വാറികൾ അദാനി കേരളത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേരളത്തിലെ മറ്റൊരു പ്രകൃതി വിഭവത്തിലും കണ്ണു വയ്ക്കുന്നത്.

കരിമണലിനെ സ്വകാര്യ പങ്കാളിത്തത്തോടെ പരമാവധി ഉപയോഗപ്പെടുത്താനുള്ള നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നത് അദാനിക്കു വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇതിനെ അനുകൂലിക്കുമോ എന്ന് വ്യക്തമല്ല. അദാനിക്ക് ഓസ്‌ട്രേലിയയിലും മറ്റും കൽക്കരിപ്പാടങ്ങളുടെ ബിസിനസുണ്ട്. കരിമണൽ രംഗത്തേക്ക് ഇതുവരെ അദാനി കൈവച്ചിട്ടില്ല. കേരളത്തിലെ വമ്പൻ കരിമണൽ നിക്ഷേപവും വിഴിഞ്ഞം തുറമുഖവുമായുള്ള അടുപ്പവും പരിഗണിച്ചാണ് പുതിയ ബിസിനസിലേക്ക് കാൽ വയ്ക്കുന്നതെന്നാണ് സൂചന.

പുതിയ ലോകത്തിന്റെ വളർച്ചയുടെ ഗതിനിർണ്ണയിക്കുന്ന ഉൽപന്നങ്ങളാണ് കരിമണലിൽ നിന്ന് ധാരാളമായി കിട്ടുന്ന ആണവഇന്ധനമായ തോറിയവും ഇലക്ട്രോണിക്‌സ് വ്യവസായത്തിന് അതന്ത്യാപേക്ഷിതമായ മൈക്രോചിപ്പും സെമികണ്ടക്ടർ നിർമ്മാണത്തിനാവശ്യമായ സിലിക്കണും.തോറിയം വേർതിരിച്ചെടുക്കാവുന്ന മോണോസൈറ്റും സിലിക്കൺ വേർതിരിച്ചെടുക്കാന്നുവന്ന ഗാർനെറ്റുംകൊണ്ട് സമ്പുഷ്ടമാണ് കരിമണൽ. കരിമണലിൽ സിലിക്കൺ അയിരായ സിലിക്കൺ ഡയോക്‌സൈഡിന്റെ സാന്നിധ്യം 96.5%വരെയുണ്ടെന്ന് കേന്ദ്രഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വാൻസ്ഡ് ഇൻഫർമേഷൻ റിസർച്ച് പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സെമികണ്ടക്ടർ അപര്യാപ്തത രാജ്യത്ത് വൻ പ്രശ്‌നമായി മാറിയിട്ടുണ്ട്. മൊബൈൽ ഫോൺ മുതൽ കാറുകളുടെ ഉത്പാദനത്തെ വരെ ബാധിച്ചു.. തായ്വാൻ, കൊറിയ,തായ്‌ലാണ്ട്,വിയറ്റ്‌നാം തുടങ്ങിയിടങ്ങളിൽ നിന്നാണ് ഇന്ത്യയ്ക്ക് ആവശ്യമായ സെമികണ്ടക്ടറുകളും ചിപ്പുകളും പൂർണ്ണമായും ഇറക്കുമതി ചെയ്യുന്നത്. പ്രതിവർഷം 4.79ലക്ഷം കോടിരൂപയുടെ ചിപ്പുകളും സെമികണ്ടക്ടറുകളുമാണ് ഇന്ത്യ വാങ്ങുന്നത്. രാജ്യത്ത് വൻവ്യവസായവികസനം ലക്ഷ്യമിട്ട് ഇന്ത്യയിൽ തന്നെ മൈക്രോചിപ്പ് ഉൽപാദനം തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം. 1.70ലക്ഷം കോടിയുടെ നിക്ഷേപമാണ് രാജ്യം ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. മൊബൈൽ ഫോൺ,കമ്പ്യൂട്ടർ,ഹെൽത്ത് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ തുടങ്ങി 169ഓളം വ്യവസായ,നിർമ്മാണമേഖലയിൽ ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്.

ഏറെ വ്യാവസായിക സാദ്ധ്യതകളുള്ള നിക്ഷേപമാണ് കേരളത്തിലെ ധാതുമണൽ. ചവറയിലെ ധാതുമണൽ 60 ശതമാനത്തിലേറെ ടൈറ്റാനിയം സാന്ദ്രതയുള്ളതാണ്. ലോകത്തുതന്നെയുള്ള ഇൽമനൈറ്റ് നിക്ഷേപങ്ങളിൽ ഏറ്റവും മികവുറ്റതാണിത്. കേരളതീരത്തെ ധാതുമണലിൽ ഇൽമനൈറ്റ്, ഗാർനൈറ്റ്, റൂട്ടയിൽ, ലൂക്കോസിൻ, സിലിമിനൈറ്റ്, സിർക്കോൺ, മോണോസൈറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. പെയിന്റു മുതൽ ബഹിരാകാശ പേടകം വരെയുണ്ടാക്കാൻ നമ്മുടെ തീരത്തെ ധാതുമണലിലെ ഘടകങ്ങൾ അത്യാവശ്യമാണ്. പെയിന്റ്, പേപ്പർ, പ്ലാസ്റ്റിക്, തുണി, അച്ചടിമഷി, റബർ, കളിമൺ വ്യവസായങ്ങൾ, ഉപഗ്രഹപേടകങ്ങൾ, അന്തർവാഹിനി, വിമാനം, മിസൈൽ, പേസ്മേക്കർ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ എന്നിവയുണ്ടാക്കാനും ഇത് വേണം. കരിമണൽ ശേഖരിക്കാനുള്ള ഭൂമി ഉയർന്ന വിലയ്ക്ക് ഉടമകളിൽ നിന്ന് ഐ.ആർ.ഇ ലീസിനെടുക്കുകയാണ്. മണലെടുത്ത ശേഷം സ്ഥലം പൂർവ്വ സ്ഥിതിയിലാക്കി അവർക്കുതന്നെ തിരിച്ചുനൽകും. ഐ.ആർ.ഇ ഖനനം ഇപ്പോൾ നാമമാത്‌റമായാണ് നടക്കുന്നത്. ഇതുമൂലം അനുബന്ധ വ്യവസായങ്ങൾ പ്രതിസന്ധിയിലാണ്. ഗുണമേന്മ കുറഞ്ഞ ഇൽമനൈറ്റ് ഇറക്കുമതി ചെയ്താണ് കമ്പനികൾ ഉൽപ്പാദനം നടത്തുന്നത്.

ഇതെല്ലാം കണ്ണുവച്ചാണ് അദാനി കരിമണൽ മേഖലയിലേക്ക് ഇറങ്ങുന്നത്. കേരളത്തിലെ കരിമണൽ,ധാതുസമ്പത്ത് വിനിയോഗം പരിമിതമാണ്. ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡും കെ.എം.എം.എൽ,ട്രാവൻകൂർ ടൈറ്റാനിയം തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളാണിവിടെ പ്രവർത്തിക്കുന്നത്. ഈരംഗത്ത് സ്വകാര്യ കമ്പനികളെ കൂടി ഉൾപ്പെടുത്തി ഉൽപാദനം വിപുലമാക്കാനും നിയന്ത്രണത്തിൽ പങ്കാളിത്തം ഏറ്റെടുക്കാനുമാണ് കേന്ദ്രനീക്കം.

നിലവിൽ സംസ്ഥാനത്തിന് മാത്രമാണ് നിയന്ത്രണാധികാരം.പൊതുമേഖലാസ്ഥാപനങ്ങൾക്ക് മാത്രമാണ് ഖനനാധികാരവും. കേന്ദ്രഇടപെടലിന് വഴിയൊരുക്കി കേന്ദ്രനിയമമായ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ ആക്ടിൽഭേദഗതിവരുത്തി മെയ് 25ന്കരട് പ്രസിദ്ധീകരിച്ചു. പുതിയ നിയമഭേദഗതിയിലൂടെ കരിമണലിൽ നിന്ന് കിട്ടുന്ന ധാതുക്കൾ ആണവധാതുക്കളുടെ പട്ടികയിൽ നിന്ന് മാറ്റി ക്രിട്ടിക്കൽ ധാതുക്കളുടെ വിഭാഗത്തിലേക്ക് മാറ്റി. ഇതിൽ കേന്ദ്ര ഇടപെടൽ വരുന്നതിനോട് സംസ്ഥാനത്തിന് തത്വത്തിൽ യോജിപ്പില്ല. എന്നിരുന്നാലും നിയമവശങ്ങൾ കൂടി പരിഗണിച്ചായിരിക്കും സംസ്ഥാനത്തിന്റെ നിലപാട്.

കരിണമണൽ ഖനന പാട്ടത്തിന് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതിക്കെതിരേ നിയമപരമായ തുടർ നടപടിയുണ്ടാകുമെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. ഭേദഗതിയിലെ ഭരണഘടനാ ലംഘനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്യും. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ ഹനിക്കുന്ന ഭേദഗതി നിർദ്ദേശങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഭരണഘടനാപരമായി ഖനികളുടെയും ധാതുക്കളുടെയും ഉടമസ്ഥാവകാശം സംസ്ഥാനങ്ങൾക്കാണ്. നിയമങ്ങളും നയങ്ങളും രൂപവകരിക്കാനും സംസ്ഥാനത്തിന് അധികാരമുണ്ട്. രാജ്യത്തെ ഖനനനിയമങ്ങൾ പൊതുജനങ്ങളുടെ താത്പര്യം പരിഗണിക്കണമെന്ന തത്വമാണ് ഭേദഗതിയിലൂടെ ഇല്ലാതാകുന്നത്.

1962 ലെ അറ്റോമിക് എനർജി ആക്ടിൽ യുറേനിയം, പ്ലൂട്ടോണിയം, തോറിയം, ബെറിലിയം, ഡ്യൂട്ടീരിയം മുതലായ ധാതുക്കളും അവയുടെ വകഭേദങ്ങളും ഉൽപ്പന്നങ്ങളും 'പ്രിസ്‌ക്രൈബ്ഡ് സബ്സ്റ്റൻസ്' എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ആണവോർജ്ജ ആവശ്യങ്ങൾക്കുള്ള ഇത്തരം ധാതുക്കൾ അറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്റിന്റെ അധീനതയിലാണ്. ആണവോർജ്ജം, പ്രതിരോധമേഖല, ബഹിരാകാശ പദ്ധതികൾ എന്നിവയിലുള്ള ഉപയോഗം കണക്കിലെടുത്ത് ഇത്തരം ധാതുക്കളുടെ ഖനനാനുമതികൾ സ്വകാര്യമേഖലയ്ക്ക് നൽകേണ്ടതില്ല എന്ന് കേന്ദ്ര ഖനിമന്ത്‌റാലയം തീരുമാനിച്ചിരുന്നതാണ്. ഇതൊക്കെ ഭേദഗതിയിലൂടെ ഇല്ലാതാവും.

തന്ത്രപ്രധാനമായ ധാതുക്കൾ സ്വകാര്യ ഉടമസ്ഥതയിൽ ലഭ്യമാക്കുന്നത് നടപടി രാജ്യസുരക്ഷയെ ബാധിക്കും. തീരദേശ പ്രദേശങ്ങളിൽ, ഗുരുതരമായ ആഘാതത്തിനിടയാക്കും. ലക്ഷക്കണക്കിന് വർഷങ്ങളിലെ ഭൂമിശാസ്ത്രപരമായ പരിണാമം കൊണ്ട് രൂപപ്പെട്ട കേരളത്തിന്റെ തീരപ്രദേശവും തീരത്തോട് ചേർന്നുള്ള ഉൾപ്രദേശങ്ങളും ആണവ ധാതുക്കളുടെ സാന്നിദ്ധ്യമുള്ളതാണ്. പാരിസ്ഥിതിക സങ്കീർണ്ണതയും പ്രാധാന്യവുമുള്ള ഇത്തരം പ്രദേശങ്ങളുടെ സംരക്ഷണം പോലും ഇല്ലാതായേക്കും. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കരിമണൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് നൽകാനുള്ള അധികാരം കേന്ദ്രസർക്കാരിന് ലഭിക്കും. ജനസാന്ദ്രതയേറിയതും അതീവ ദുർബലവും പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടുന്നതുമായ തീരമേഖല സ്വകാര്യ ഖനനത്തിന് നൽകുന്നതു വഴി സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് തടസ്സമുണ്ടാകും. കരിമണൽ ആശ്രയിച്ച് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ തകരാനിടയാക്കുമെന്നും മന്ത്രി പറഞ്ഞു.