- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ അദാനി എത്തിയത് മുഖ്യമന്ത്രിയെ കാണാനാണോ ? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി; ഗൗതം അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന് സംശയിക്കുന്നതായി പ്രേമചന്ദ്രനും; ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ ചർച്ച പുതിയ ദിശയിൽ; കെ എസ് ഇ ബി എല്ലാം നിഷേധിക്കുമ്പോഴും വിവാദം തുടരുന്നു
കണ്ണൂർ: അദാനി ബന്ധത്തിൽ കടന്നാക്രമണവുമായി യുഡിഎഫ്. അദാനിയുമായി വൈദ്യുത ബോർഡ് കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തിലിന് പിന്നാലെ പുതിയ ആരോപണം എത്തുകയാണ്. അദാനിയുടെ കുടുംബം കണ്ണൂരിൽ വന്നത് ആരെ കാണാനെന്ന ചോദ്യവുമായി കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തു വന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണം. അദാനിയുമായുള്ള കെ.എസ്.ഇ.ബിയുടെ കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അദാനി ഒരു പ്രത്യേക വിമാനത്തിൽ, ഏത് അദാനിയാണെന്ന് അറിയില്ല, കണ്ണൂർ വിമാനത്താവളത്തിൽ വരികയുണ്ടായി. അദാനി മുഖ്യമന്ത്രിയെ കാണാനാണോ വന്നത്? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണം. അദാനിയുമായി പ്രത്യേകിച്ച് ഗൗതം അദാനിയുമായി വലിയ ആത്മബന്ധത്തിലാണ് നമ്മുടെ മുഖ്യമന്ത്രി- മുല്ലപ്പള്ളി പറഞ്ഞു. സഹസ്രകോടീശ്വരന്മാരുടെ ക്യാപ്റ്റനാണ് പിണറായി എന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. എന്റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല പിണറായി. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികകളുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഗൗതം അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന് സംശയിക്കുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എംപിയും ആരോപിച്ചു. കണ്ണൂരിൽവെച്ച് ചർച്ച നടത്തിയെന്നാണ് അറിവ്. സിപിഎം.-ബിജെപി. ബന്ധത്തിന്റെ ഇടനിലക്കാരനായി ഗൗതം അദാനി പ്രവർത്തിക്കുകയാണ്. വോട്ടെടുപ്പിന് മുൻപ് വലിയ ബോംബ് പൊട്ടുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം മുൻകൂർജാമ്യമാണെന്നും പ്രേമചന്ദ്രൻ പ്രതികരിച്ചു. ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കൽ പോലുമുണ്ടാവാത്ത അഞ്ച് വർഷത്തെ ഓർത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോർഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് കെഎസ്ഇബിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുള്ള കരാറിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നതെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'വൈദ്യുതി വകുപ്പിൽ സ്വകാര്യവത്കരണം ഞങ്ങളല്ല കോൺഗ്രസ്സാണ് തുടങ്ങിവെച്ചത്. അത് ബിജെപി സർക്കാർ തുടരുകയാണ്. ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കൽ പോലുമുണ്ടാവാത്ത അഞ്ച് വർഷത്തെ ഓർത്ത് അസൂയയാണ്. അതിന് വൈദ്യുതി ബോർഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടത് എന്ന ചോദ്യമായിരുന്നു മുഖ്യമന്ത്രി ചർച്ചയാക്കിയത്.
പ്രതിപക്ഷ നേതാവ് ഇത്തരം കാര്യങ്ങളാണോ ചെയ്യേണ്ടത്. നേരത്തെ കരുതിയ ബോംബിൽ ഒന്നിതാണെങ്കിൽ അതും ചീറ്റിപ്പോകുമെന്നും ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയും പ്രേമചന്ദ്രനും ആരോപണവുമായി എത്തിയത്. അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കേരളത്തിന്റെ തീരുമാനത്തെച്ചൊല്ലി വിവാദം മുറുകുമെന്ന സൂചനയാണ് ഈ വിവാദം നൽകുന്നത്. കെഎസ്ഇബിയുടെ കരാറിനു പിന്നിൽ ഒത്തുകളിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ, കേന്ദ്ര സർക്കാർ ഏജൻസിയായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായിട്ടാണ് കരാറെന്നും, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
സൗരോർജം ഒഴികെയുള്ള പാരമ്പര്യേതര ഊർജ്ജം നിശ്ചിത ശതമാനം ഓരോ സംസ്ഥാനവും വാങ്ങണമെന്ന് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശമുണ്ട്. ഇത് നിറവേറ്റാനാണ് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ സെക്കി മുഖേന കേരളം വൈദ്യുതി വാങ്ങുന്നത്. മൊത്തം 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് 25 വർഷ കാലാവധിയുള്ള കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ അദാനി ഗ്രൂപ്പിന്റെ ഗുജറാത്തിലെ കച്ചിലുള്ള കാറ്റാടിപ്പാടത്തു നിന്നും 75 മെഗാവാട്ട് വൈദ്യുതിയാണ് കേരളം വാങ്ങുന്നത്. ഇടത് സർക്കാർ അദാനി ഗ്രൂപ്പിൽ നിന്നും വൈദ്യുതി വാങ്ങുന്നതിന്, സ്വർണകടത്ത് കേസിലെ മെല്ലെപ്പോക്കുമായി ബന്ധമുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ഈ ആരോപണം അടിസ്ഥാനമില്ലാത്തതെന്നാണ് കെഎസ്ഈബിയുടെ വിശദീകരണം. സോളാർ എനർജി കോർപ്പറേഷനുമായാണ് കെഎസ്ഇബിക്ക് കരാറുള്ളത്. സെക്കി വിവിധ ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നു. അതിൽ ഒന്നു മാത്രമാണ് അദാനി ഗ്രൂപ്പ്.
കെഎസ്ഈബി പണം നൽകുന്നത് അദാനി ഗ്രൂപ്പിനല്ല സെക്കിക്കാണ്. യൂണിറ്റിന് 2 രൂപ 90 പൈസയാണ് നിരക്ക്. കേരളത്തിലെ ആവശ്യത്തിനുള്ള വൈദ്യുതിയുടെ 30 ശതമാനമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി പവർ ഏക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങുകയാണ്. ഇതിന്റെ നിരക്കുമായി താരത്യമം ചെയ്യുമ്പോൾ കാറ്റാടി വൈദ്യുതിയുടെ നിരക്ക് വളരെ കുറവാണെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ