- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കടലിന്റെ മക്കളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും മരണം വരെ അനുവദിക്കില്ല': ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ കവാടത്തിലും എത്തി; വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് അദാനി പോർട്‌സ്; വിഴിഞ്ഞംകാരല്ല, പുറത്തുനിന്ന് എത്തിയവരാണ് സമരത്തിന് പിന്നിലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് എതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടെ, തുറമുഖ നിർമ്മാണം നിർത്തി വച്ചു. മുൻപ് സമരങ്ങൾ നടത്തിയെങ്കിലും അതൊന്നും തുറമുഖ കവാടത്തിലേക്കോ പദ്ധതി പ്രദേശത്തേക്കോ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തുറമുഖത്തിന്റെ നിർമ്മാണപ്രവർത്തനം ആരംഭിച്ച ശേഷം തീരശോഷണം ഉണ്ടായി. ഇതേത്തുടർന്ന് വീടും ജോലിയും ഇല്ലാതായി എന്നാണ് തൊഴിലാളികൾ പറയുന്നു.
സമരത്തെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നത്തേക്കു നിർത്തിവയ്ക്കുകയാണെന്ന് അദാനി പോർട്‌സ് അധികൃതർ അറിയിച്ചു. സമരം കാരണം നിർമ്മാണ സാധനങ്ങൾ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെച്ചത്. നിർമ്മാണം നിർത്തിവെച്ചുവെന്ന തുറമുഖ അധികൃതരുടെ വാക്ക് സത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ലത്തീൻ അതിരൂപതയിലെ വൈദികരടക്കമുള്ളവർ തുറമുഖ നിർമ്മാണം നടക്കുന്ന സ്ഥലത്തേക്കു പോയി നേരിൽ കണ്ട് ബോധ്യപ്പെട്ടു.
സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവരെന്ന് മന്ത്രി
അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സമരം നടത്തുന്നത് പുറത്തു നിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞത്തെ സമരത്തിൽ വിഴിഞ്ഞത്തുകാർക്ക് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ വിഴിഞ്ഞത്തുള്ള പൗര പ്രമുഖരുമായും അവിടുത്തെ ജനപ്രതിനിധികളുമായി വിശദമായി ചർച്ച നടത്തി. അവർ ഉന്നയിച്ച പ്രശ്നങ്ങൾ കൗണ്ടർ ബെയ്സ്ഡ് ആയി പരിഹരിക്കാൻ സംവിധാനമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആരുമായും സംസാരിക്കാൻ തയ്യാറാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിൽ ഒരു വാശിയും സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. കടൽ ക്ഷോഭത്തിന് കാരണം തുറമുഖ നിർമ്മാണം മാത്രമല്ലെന്നും കാലാവസ്ഥാ വ്യതിയാനവും കാരണമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രക്ഷോഭം കടുപ്പിച്ച് ലത്തീൻ അതിരൂപത
അതിനിടെ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു. ഈ മാസം 31 വരെ തുറമുഖത്തിന് മുന്നിൽ സമരം തുടരാനാണ് ലത്തീൻ സഭയുടെ തീരുമാനം. കരിങ്കൊടി പ്രതിഷേധത്തിനും ലത്തീൻ സഭ ആഹ്വാനം ചെയ്തിരുന്നു.
തുറമുഖ നിർമ്മാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വാടക നൽകി പുനരധിവസിപ്പിക്കുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നിവങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്തും. മുൻപ് പല തവണ സമരം നടത്തിയിട്ടും ആവശ്യങ്ങൾ പരിഗണിക്കാത്തതിനാലാണ് നാലാം ഘട്ടത്തിൽ സമരം ശക്തിപ്പെടുത്തിയത്. വീടെല്ലാം പൊയ്ക്കൊണ്ടിരിക്കുന്നു, മണ്ണെണ്ണ വില കുറച്ച് നൽകണം, തീരദേശം സംരക്ഷിക്കപ്പെടണം, ഉപജീവന മാർഗം വികസനത്തിന്റെ പേരിൽ നഷ്ടപ്പെടുന്നു. വാഗ്ദാനം ചെയ്ത പാക്കേജ് കിട്ടണം എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങൾ.
തുടക്കത്തിൽ പറഞ്ഞതൊന്നും നിർവഹിക്കുന്നില്ലെന്നും എല്ലാത്തിൽ നിന്നും പിന്മാറുകയാണ് സർക്കാരെന്നും സമരക്കാർ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വള്ളവും ജോലി സാധനങ്ങളും കൊണ്ടുള്ള മാർച്ച് നടത്തിയിട്ടും സർക്കാർ അനുകൂല നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പള്ളികളിൽ കറുത്ത കൊടി ഉയർത്തിയാണ് ഈ മാസം 31 വരെയുള്ള സമരത്തിന് ഇന്ന് തുടക്കമായിരിക്കുന്നത്.
മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സമരമാണ് മത്സ്യത്തൊഴിലാളികൾ നടത്തുന്നത്. ശംഖുമുഖം മുതൽ പൊഴിയൂർ മേഖല വരെയുള്ള ഓരോ ഇടവകയിൽ നിന്ന് ഓരോ ദിവസവും സമരക്കാർ എത്തും. ഈ രീതി ഈ മാസം 31 വരെ തുടരും. അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ സമരത്തിൽ സമരത്തിൽ അണിനിരന്നു. കടൽ തീരത്ത് നിന്ന് മാറിപ്പോയാൽ തങ്ങൾ എങ്ങനെ ജീവിക്കുമെന്നാണ് സമരക്കാർ ചോദിക്കുന്നത്.
കടലല്ലാതെ മറ്റൊരു ജീവിതമാർഗമില്ല. ഇവിടെ നിന്ന് മാറി താമസിക്കാനാണ് പറയുന്നത്. എന്നാൽ ദൂരേക്ക് പോയാൽ എങ്ങനെ ജോലി ചെയ്യുമെന്നാണ് സമരക്കാർ ചോദിക്കുന്നത്. കടലിനേയും കരയേയും വിറ്റഴിച്ചുള്ള വികസനമാണ് നടപ്പിലാക്കുന്നത്. കടലിന്റെ മക്കളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും മരണം വരെ അനുവദിക്കില്ലെന്നാണ് സമരക്കാർ ആവർത്തിച്ച് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ