തൃശൂർ: അടാട്ട് പഞ്ചായത്ത് സെക്രട്ടറിയെ വിരമിക്കുന്നതിന്റെ തലേദിവസം സസ്‌പെൻഡ് ചെയ്ത് സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം. തൃശൂർ അടാട്ട് പഞ്ചായത്ത് സെക്രട്ടറി എ.എം.പങ്കജം ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് വെള്ളിയാഴ്ച സസ്‌പെൻഡ് ചെയ്തത്. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്നാണ് ആരോപണം ഉയരുന്നത്. ആലത്തൂരിലെ സിപിഎം എംപി പി.കെ ബിജുവിന്റ ക്രമക്കേടിന് കൂട്ടു നിൽക്കാതിരുന്നതിനാണ് സസ്‌പെൻഷൻ എന്നാണ് ആരോപണം. ചട്ടംലംഘിച്ചു പണിത വീടിന് അനുമതി നൽകണമെന്ന സിപിഎം നേതാക്കളുടെ നിർദ്ദേശം അവഗണിച്ചതിനെ തുടർന്നാണ് പങ്കജത്തെ സസ്‌പെൻഡ് ചെയ്തതെന്നാണ് ആരോപണം.

ശനിയാഴ്ച റിട്ടയർ ചെയ്യാനിരിക്കെ വെള്ളിയാഴ്ചയാണ് പങ്കജത്തെ സസ്‌പെൻഡ് ചെയ്തത്. നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തു സെക്രട്ടറിമാരും കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡിംപിൾ മാഗിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ തടഞ്ഞു വെച്ചു. സത്യസന്ധയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥയെന്ന് മന്ത്രി കെ.ടി ജലീൽ പരസ്യമായി പ്രശംസിച്ച സെക്രട്ടറിയാണ് പങ്കജം. ഒരു ദിവസമെങ്കിലും സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്ന് സിപിഎം നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

ദുരിതാശ്വാസ ക്യാമ്പിൽ വ്യാജ ദുരിതാശ്വാസ അക്കൗണ്ട് പ്രദർശിപ്പിച്ചെന്ന് ആരോപിച്ചാണ് പങ്കജത്തെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ, അക്കൗണ്ട് വ്യാജമല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി എ.എം.പങ്കജം പറയുന്നു. 2006ൽ പഞ്ചായത്തുകൾ തോറും ദുരിതാശ്വാസ അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. ഇങ്ങനെ തുടങ്ങിയ അക്കൗണ്ടിന്റെ നമ്പറാണ് ക്യാംപിൽ പ്രദർശിപ്പിച്ചത്. വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഭർത്താവ് ചികിൽസയുമായി ഐ.സിയുവിൽ കഴിയുന്നതിനാൽ ദുരിതാശ്വാസ ക്യാംപിൽ നാലു ദിവസം കഴിഞ്ഞാണ് വന്നത്.

പഞ്ചായത്തിന്റെ ഔദ്യോഗിക അക്കൗണ്ട് വ്യാജമാണെന്ന് സിപിഎമ്മുമാർ പരാതി നൽകി നടപടിയെടുപ്പിച്ചെന്നാണ് ആരോപണം. ചട്ടംലംഘിച്ചു പണിത വീടിന് അനുമതി നൽകണമെന്ന സിപിഎം നേതാക്കളുടെ നിർദ്ദേശം അവഗണിച്ചതാണ് ഈ പകപോക്കലിന് കാരണം. നടപടിയിൽ പ്രതിഷേധിച്ച് അനിൽ അക്കര എംഎ‍ൽഎയുടെ നേതൃത്വത്തിൽ അഡീഷനൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇതിനു പുറമെ, ജില്ലയിലെ പഞ്ചായത്തു സെക്രട്ടറിമാർ അവധിയെടുത്ത് പ്രതിഷേധിച്ചു. വിരമിക്കുന്നതിന് മുമ്പേ സസ്‌പെൻഡ് ചെയ്യുന്ന സിപിഎം. പ്രാദേശിക നേതാക്കളുടെ വെല്ലുവിളിയാണ് തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കിയതെന്ന് എംഎ‍ൽഎ. ആരോപിച്ചു. നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥയുടെ തീരുമാനം.