കോട്ടയം: അച്ഛനെ ഓർത്ത് ഏറെ അഭിമാനമുണ്ടെന്ന് സിസ്റ്റർ അഭയ കൊലക്കേസിലെ പ്രധാന സാക്ഷി രാജുവിന്റെ മകൾ രേഷ്മ. കള്ളനെന്ന് എല്ലാവരും മുദ്ര ചാർത്തിയെങ്കിലും പണത്തിനോ മറ്റെന്തെങ്കിലും കിട്ടാനായോ ശ്രമിക്കാതെ സത്യത്തിന് വേണ്ടി നില നിന്നു. സത്യത്തിന് വേണ്ടി കള്ളം പറയാതിരുന്ന അച്ഛനാണ് ഞങ്ങളുടെ സൂപ്പർ ഹീറോ എന്നും രേഷ്മ പറഞ്ഞു. മറുനാടൻ എക്സ്‌ക്ലൂസീവ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേഷ്മ രാജുവിനെ പറ്റി മറുനാടനോട് പറഞ്ഞു.

അഭയ കേസ് നടന്ന സമയം ജനിച്ചിട്ടില്ലായിരുന്നു. എന്നാൽ കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ പലരിൽ നിന്നും കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പൊലീസുകാരിൽ ചിലരുടെ ഒത്തുകളി മൂലം പ്രതിയാണെന്നു പോലും നാട്ടിൽ സംസാരമുണ്ടായിരുന്നു. അന്ന് സ്‌ക്കൂളിലെ ചിലർ അച്ഛനാണ് അഭയ സിസ്റ്ററെ കൊലപെടുത്തിയതെന്ന് പറഞ്ഞു നോവിച്ചിരുന്നു.

ഇതറിഞ്ഞെത്തിയ ചേച്ചി അവരുമായി വഴക്കിടുക പോലുമുണ്ടായിട്ടുണ്ട്. അഭയ കേസ് പലപ്പോഴും ദുരനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ അന്ന് നോവിച്ചവരൊക്കെ ഇന്ന് സ്നേഹ പ്രകടനം നടത്തുമ്പോൾ ഒരു പാട് സന്തോഷമുണ്ട്. അഭയ കേസ് വന്നതോടു കൂടി അച്ഛന്റെ സ്വഭാവത്തിലൊക്കെ മാറ്റം വന്നിരുന്നു. സത്യം പുറത്തു വരുന്നതു വരെ അതിൽ നിന്നും അണുവിട വ്യതിചലിക്കാതെ നിന്ന അച്ഛൻ എല്ലാവർക്കും മാതൃകയായിരിക്കുകയാണ്. അഭയ ചേച്ചിക്ക് അവസാനം നീതി ലഭിച്ചതിലും ഏറെ സന്തോഷമെന്നും രേഷ്മ പറഞ്ഞു.

ഏറെ സന്തോഷമുണ്ടെങ്കിലും ഭയമുണ്ടെന്നും രേഷ്മ പറയുന്നു. എപ്പോഴും മദ്യപിക്കുന്ന ആളാണ് അച്ഛൻ. അതിനാൽ ആരെങ്കിലും മദ്യപിച്ചിരിക്കുന്ന സമയത്തെത്തി ഉപദ്രവിക്കുമോ എന്നും ഭയമുണ്ട്. ഏറെ കഷ്ടപ്പാടിലാണ് ജീവിക്കുന്നത്. പലരും അഭയ കേസിലെ പ്രതികളുടെ വാഗ്ദാനങ്ങൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ന് സമ്പന്നരായി ജീവിക്കാമായിരുന്നു എന്ന് പറയാറുണ്ട്.

അത്തരത്തിൽ കിട്ടുന്ന പണം വേണ്ട എന്നാണ് മറുപടി പറഞ്ഞിരുന്നത്. അച്ഛൻ മരപ്പണി ചെയ്തും അമ്മ കൂലിപ്പണിക്കും പോയാണ് ഞങ്ങളുടെ കുടുംബം പുലർന്നു പോരുന്നത്. ഇപ്പോഴും കടത്തിന് പുറത്ത് കടമാണ്. എങ്കിലും ഉള്ളതു കൊണ്ട് ജീവിക്കുകയാണ്. അഭയ സിസ്റ്റർക്ക് നീതി ലഭിച്ചപ്പോൾ ഒരു പാട് പേർ വിളിച്ച് നന്ദി അറിയിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ഏറെയും ഫോൺ കോളുകൾ വരുന്നത് എന്നും രേഷ്മ പറഞ്ഞു.

സത്യത്തിന് വേണ്ടി നില നിന്ന ഭർത്താവിന് നന്ദി പറയുകയാണ് ഭാര്യ തങ്കമ്മാ രാജു. ഒരുപാട് പ്രലോഭനങ്ങൾ ഉണ്ടായപ്പോഴും അതിൽ വീണു പോയില്ല. കേസിന്റെ ആവശ്യങ്ങൾക്കായി പലപ്പോഴും പൊലീസുകാർ വീട്ടിൽകയറി ഇറങ്ങിയിട്ടുണ്ട്. പല അപമാനങ്ങളും ഏറ്റുവാങ്ങി. പക്ഷേ ഒന്നും ഞങ്ങളെ തളർത്തിയില്ല. എപ്പോഴും ഞാൻ പറഞ്ഞത് ആ പെൺകുട്ടിക്ക് നീതി വാങ്ങിക്കൊടുക്കണമെന്നായിരുന്നു. എന്റെ ഭർത്താവ് അതനുസരിച്ച് തന്നെ നിന്നു-ഭാര്യ പറയുന്നു.

അതിൽ ഞാൻ ഏറെ സന്തോഷിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ചില ദാമ്പത്യ പ്രശ്നങ്ങളുണ്ട്. എങ്കിലും ഞാൻ അദ്ദേഹത്തിന്റെ സത്യസന്ധതയെ നമിക്കുന്നു എന്നും തങ്കമ്മ പറഞ്ഞു.