തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്ക് ഇനി ആഴ്ചകളുടെ ഭരണമേ ബാക്കിയുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ പിന്നെ കാവൽ മന്ത്രസഭയ്ക്ക് തുല്യമാകും കാര്യങ്ങൾ. അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യത വിരളവും. ബാർ മുതലാളിമാരെ മദ്യനയത്തിൽ പിണക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫണ്ട് പോലും കണ്ടെത്താൻ ബുദ്ധിമുട്ട്. ഈ സാഹചര്യത്തിൽ എന്തും ഏതും നടത്തികൊടുക്കാൻ പ്രത്യേക ഏകജാലക സംവിധാനങ്ങൾ സജീവമാക്കുകയും ചെയ്തു. കാശു കൊടുത്താൽ എന്തും ഏതും നടക്കുന്ന സംവിധാനം. പണമുണ്ടാക്കാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്ന കള്ളക്കളി. ഇതിലൂടെ സ്ഥിരപ്പെടുന്നവരിൽ നിന്ന് കോടികൾ പിരിച്ചെടുക്കാനായിരുന്നു നീക്കം. എന്നാൽ ഇത് പൊളിയുന്നതായാണ് സൂചന.

കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി പുറംലോകത്ത് എത്തുന്നത് ഒരു ഉദ്യോഗസ്ഥന്റെ ഇച്ഛാശക്തി കൊണ്ടുമാത്രമാണ്. നട്ടെല്ലുള്ള ഈ ഉദ്യോഗസ്ഥനെ അപമാനിച്ച് ഒതുക്കാനും ശ്രമമുണ്ടായി. എന്നാൽ അതൊന്നും വിലപ്പോയില്ല. ഇതുതന്നെയാണ് സർക്കാരിന് പുതിയ നീക്കത്തിലും തിരിച്ചടിയാകുന്നത്. മന്ത്രിസഭയുടെ അവസാനകാലത്ത് ഇഷ്ടക്കാരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയ മന്ത്രിമാർക്കെതിരേ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം രംഗത്ത് എത്തി. ഇതോടെ ഈ നീക്കം ഉപേക്ഷിക്കാൻ മന്ത്രിമാർക്കും ഇടനിലക്കാരും തയ്യാറാവുകയാണ്. അവിഹിത നിയമനം സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർ തന്നെ ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു കെ.എം. ഏബ്രഹാം ഗവ. സെക്രട്ടറിമാർക്കു നൽകിയ പ്രത്യേക കുറിപ്പിൽ വ്യക്തമാക്കി.

താൽക്കാലിക നിയമനങ്ങൾ ക്രമവൽക്കരിക്കുന്നത് ഒരിക്കലും സ്ഥിരം നിയമനങ്ങൾ ആവില്ലെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നത്. സ്ഥിരം തസ്തികയിൽ നിയമനം നടത്തുന്നത് എങ്ങനെയെന്ന് ഭരണഘടനാ വകുപ്പുകൾ അനുശാസിക്കുന്നുണ്ട്. ഇത്തരം തസ്തികയിൽ സ്വന്തക്കാരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും അഡീ. ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. താൽക്കാലിക നിയമനം ലഭിക്കുന്നവർ തങ്ങളെ തൽക്കാലത്തേക്കു മാത്രമാണ് നിയമിച്ചിരിക്കുന്നതെന്നു അറിഞ്ഞുകൊണ്ടാണു സർവീസിൽ പ്രവേശിക്കുന്നത്. അതുകൊണ്ടു മാനുഷിക പരിഗണന അർഹിക്കുന്നില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരേയും പി.എസ്.സി. വഴി പരീക്ഷ എഴുതിയും കാത്തിരിക്കുന്നവരേയും മറക്കരുതെന്നും മാനുഷിക പരിഗണന ഇവർക്കാണ് നൽകേണ്ടതെന്നും അഡീ. ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ സൂചിപ്പിക്കുന്നു.

നിയമന അഴിമതിയും മറ്റും മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പണമുണ്ടാക്കാനുള്ള കോൺഗ്രസുകാരുടെ നീക്കമായിരുന്നു ഇതിന് കാരണം. ഓരോ നിയമനവും സ്ഥിരപ്പെടുത്താൻ പത്ത് ലക്ഷം രൂപവരെ കോഴ കൊടുക്കേണ്ട അവസ്ഥയുണ്ട്. പലരും അഡ്വാൻസും നൽകിക്കഴിഞ്ഞു. ഇത്തരക്കാരുടെ പിൻവാതിൽ നിയമന മോഹങ്ങളാണ് കെ എം എബ്രഹാമിന്റെ ഇടപെടലോടെ പൊളിയുന്നത്. സാധാരണ ഐ എ എസ് ഉദ്യോഗസ്ഥരൊന്നു ഇത്തരം ഇടപെടലുകൾ നടത്താറില്ല. വിരമിച്ച ശേഷം പുതിയ തസ്തികകളിലേക്കാകും ഇവരുടെ കണ്ണ്. ഈ പതിവാണ് കെ എം എബ്രഹാം പൊളിച്ചെഴുതുന്നത്. എന്തായാലും പിഎസ് സി പരീക്ഷ എഴുതി ജോലി മോഹിച്ചിരിക്കുന്നവർക്ക് പ്രതീക്ഷാണ് എബ്രഹാമിന്റെ നടപടി. അനധികൃത നിയമനങ്ങൾക്ക് സെക്രട്ടറിമാർ വലിയ വില നൽകേണ്ടി വരുമെന്ന സൂചനയാണ് അസാധാരണ കുറിപ്പിലൂടെ ധനവകുപ്പ് അഡീഷണൽ സെക്രട്ടറി നൽകിയത്. മുഖ്യമന്ത്രിയോട് പോലും ആലോചിക്കാതെയാണ് നിയമമുയർത്തിയുള്ള നടപടി.

ഇതോടെ അനധികൃത നിയമനങ്ങൾക്ക് പണികിട്ടുമെന്നായി. അവിഹിത ശുപാർശകളിൽ തീരുമാനം എടുക്കാൻ സെക്രട്ടറിമാർക്ക് പേടി. ഇതോടെ വഴിവിട്ട നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം മന്ത്രിമാരെ അറിയിച്ചു. ഇതുസംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ലംഘിച്ച് സ്ഥിരം നിയമനം നടത്തുകയാണെങ്കിൽ മന്ത്രിമാർക്കും അതത് വകുപ്പു സെക്രട്ടറിമാർക്കും മാത്രമായിരിക്കും ഉത്തരവാദിത്വമെന്നു അസാധാരണമായ കുറിപ്പിൽ കെ.എം. ഏബ്രഹാം വ്യക്തമാക്കി. ദിവസവേതനത്തിലും കരാർ അടിസ്ഥാനത്തിലും നിയമിതരായ അരലക്ഷത്തോളം പേർ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. ഖജനാവിന് ഉണ്ടാകാനിടയുള്ള വലിയ സാമ്പത്തിക ബാധ്യതയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഇടപെടലിലൂടെ ഇല്ലാതാകുന്നത്. ഇതിനൊപ്പം അർഹതപ്പെട്ടവർക്ക് സർക്കാർ ജോലി ലഭിക്കാനുള്ള സാഹചര്യവുമുണ്ടായി.

കോർപ്പറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് നിയമനം സ്ഥിരമാക്കൽ അഴിമതിക്ക് കളമൊരുങ്ങിയത്. ഓരോ മന്ത്രിസഭയുടെയും അവസാനകാലത്തു രാഷ്ട്രീയ താൽപ്പര്യമനുസരിച്ചു കുറെപ്പേരെ സ്ഥിരപ്പെടുത്തും. 2006 ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഈ താൽക്കാലിക നിയമനങ്ങൾ പലതും സ്ഥിരപ്പെടുത്തിയിരുന്നത്. ഈ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഇത്തരം നിയമന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആയിരത്തോളം ഇനങ്ങളാണ് അജൻഡയിൽ ഉൾപ്പെടുത്താതെ കൊണ്ടുവന്നത്.
അഞ്ചു വർഷത്തിൽ കൂടുതൽ സർവീസുള്ളവരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. 2006 ൽ ഒരു കേസ് പരിഗണിക്കവെ സുപ്രീം കോടതി ഉത്തരവിട്ടത് ഒറ്റത്തവണയായി 10 വർഷത്തിൽ കൂടുതൽ സർവീസുള്ളവരെ സ്ഥിരപ്പെടുത്താമെന്നായിരുന്നു.

ഈ ഉത്തരവിന്റെ മറ പിടിച്ചാണ് അവിഹിത നിയമനങ്ങൾക്കു സാധുത നൽകാൻ മന്ത്രിമാർ ശ്രമിച്ചത്. വലിയൊരു വിഭാഗം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ധന അഡീ. ചീഫ് സെക്രട്ടറി തടഞ്ഞത്. കെ.എം. ഏബ്രഹാമിന്റെ കുറിപ്പ് എല്ലാ സെക്രട്ടറിമാർക്കും ലഭിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. ഓരോ സർക്കാരും അധികാരത്തിലെത്തുമ്പോൾ തുടക്കത്തിൽ തന്നെ ഇഷ്ടക്കാരെ കോർപ്പറേഷനിലും ബോർഡുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തിരുകി കയറ്റും. താൽക്കാലികാടിസ്ഥാനത്തിലുള്ള നിയമനങ്ങൾ ഭരണകാലാവധി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സ്ഥിരമാക്കുകയും ചെയ്യും. ഇതിനെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇത്തവണ തുറന്നെതിർത്തത്.