- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യസഭയിൽ ബഹുഭൂരിപക്ഷവും സമ്പന്നരും അതിസമ്പന്നരും; 857 കോടി ആസ്തിയുള്ള ബിജെപിയുടെ രവീന്ദ്ര കിഷോർ സിൻഹ ഒന്നാമൻ; വഹാബ് എത്തുന്നത് ശതകോടീശ്വരന്മാരിൽ ഏഴാമനായി; സാധാരണക്കാരായവർ 40 പേർ മാത്രം
തിരുവനന്തപുരം: അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ കേരളത്തിൽ നിന്നും വയലാർ രവിയും പി വി അബ്ദുൾ വഹാബും രാജ്യസഭാംഗങ്ങളാകുമെന്ന കാര്യം ഉറപ്പാണ്. ലീഗിന്റെ പ്രതിനിധിയായി അബ്ദുൾ വഹാബ് രാജ്യസഭയിലേക്ക് പോകുന്നത് തർക്കങ്ങൾക്കൊടുവിലാണ്. എന്നാൽ, അതിസമ്പന്നരായ വഹാബ് രാജ്യസഭയിലെത്താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തോന്നിപ്പോകും നിലവിലെ അംഗങ
തിരുവനന്തപുരം: അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ കേരളത്തിൽ നിന്നും വയലാർ രവിയും പി വി അബ്ദുൾ വഹാബും രാജ്യസഭാംഗങ്ങളാകുമെന്ന കാര്യം ഉറപ്പാണ്. ലീഗിന്റെ പ്രതിനിധിയായി അബ്ദുൾ വഹാബ് രാജ്യസഭയിലേക്ക് പോകുന്നത് തർക്കങ്ങൾക്കൊടുവിലാണ്. എന്നാൽ, അതിസമ്പന്നരായ വഹാബ് രാജ്യസഭയിലെത്താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തോന്നിപ്പോകും നിലവിലെ അംഗങ്ങളുടെ ആസ്തി പരിശോധിച്ചാൽ. രാജ്‌സഭയെന്നത് ഒരർത്ഥത്തിൽ ശതകോടീശ്വരന്മാരുടെ സഭ തന്നെയാണെന്നതാണ് യാഥാർത്ഥ്യം.
ഇരുനൂറിൽ താഴെ കോടി രൂപ ആസ്തിയുള്ള പി വി അബ്ദുൾ വഹാബ് അംഗമാകുന്നതോടുകൂടി രാജ്യസഭയിൽ ശതകോടീശ്വരന്മാരുടെ എണ്ണം 14 ആകും. ആസ്തിയുടെ കാര്യത്തിൽ വഹാബിന് ഏഴാം സ്ഥാനം. ബിജെപിയുടെ രവീന്ദ്ര കിഷോർ സിൻഹയാണ് ഒന്നാമൻ. 857 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. തൊട്ടുപിറകിൽ 685 കോടിയുമായി ഐക്യജനതാദളിന്റെ മഹേന്ദ്ര പ്രസാദും, 615 കോടി ആസ്തിയുമായി മദ്യരാജാവ് വിജയ് മല്യയുമുണ്ട്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് 493 കോടിയുടെ സമ്പാദ്യമാണ് കാണിച്ചിട്ടുള്ളത്. ബി എസ് പി നേതാവും, മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതിയും ഒട്ടും മോശമല്ല. 111 കോടിയാണ് മായാവതിയുടെ സമ്പാദ്യം.
250 പേരാണ് രാജ്യസഭാംഗങ്ങളായി ഉള്ളത്. ഇതിൽ 12 പേരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നവരാണ്. 14 പേർ 100 കോടിയിലധികം ആസ്തിയുള്ള ശതകോടീശ്വരന്മാർ. മറ്റുള്ള അംഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഒരു കോടിക്കു താഴെ വരുമാനമുള്ള 40 പേർ മാത്രമേയുള്ളു. ഇതിൽ 10 പേരും ഇടതുപക്ഷത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ്. സാധാരണക്കാരായ രാജ്യസഭാംഗങ്ങൾ വളരെ ന്യൂനപക്ഷമാണെന്നർത്ഥം. മറ്റൊരു തരത്തിൽ പറഞ്ഞാൽ സമ്പന്നന്മാർക്കും അതിസമ്പന്നന്മാർക്കും ചെന്നിരിക്കാൻ പറ്റിയ, അവർക്കു വേണ്ടിയുള്ള സഭയായി മാറിയിരിക്കുന്നു രാജ്യസഭ.
ആദ്യകാലങ്ങളിൽ രാജ്യസഭയിൽ പരിണതപ്രജ്ഞരായവരെയും, വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ചവരെയുമാണ് തെരഞ്ഞെടുത്ത് അയയ്ക്കാറുണ്ടായിരുന്നത്. എന്നാൽ തൊണ്ണൂറുകൾക്ക് ശേഷമാണ് ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റം ഉണ്ടായിത്തുടങ്ങിയത്. വ്യവസായികളും, മദ്യമുതലാളിമാരും, കള്ളപ്പണക്കാരും രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ച് രാജ്യസഭാ അംഗത്വം നേടിയെടുക്കും. അടുത്തകാലത്തായി ഈ പ്രവണത വർദ്ധിച്ചു വരുന്നതായി കാണാം. ഇപ്പോഴുള്ള രാജ്യസഭാംഗങ്ങളിൽ മൂന്നിൽ രണ്ടുപേരും അതിസമ്പന്നരാണെന്ന് കണക്കുകൾ കാണിക്കുന്നത്. ജനങ്ങളെ അഭിമുഖീകരിക്കേണ്ടതില്ലാത്തതിനാൽ എളുപ്പമാർഗത്തിൽ പാർലമെന്റിൽ എത്താൻ ഇവർക്ക് കഴിയുന്നു.
ലോക്‌സഭയിലും സ്ഥിതി വ്യത്യസ്തമല്ല. സമ്പന്നരും ക്രിമിനൽ പശ്ചാത്തലമുള്ളവരും പാർലമെന്റിൽ വർദ്ധിക്കുന്നത് ജനാധിപത്യത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. നിയമ നിർമ്മാണ പ്രക്രിയകളിൽ അതിന്റെ മൂല്യച്യുതി പ്രകടമാക്കുന്നുണ്ട്. ഇങ്ങനെ പോയാൽ നിയമ നിർമ്മാണ സഭകളിൽ ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുക എന്ന ന്യായമായ ചോദ്യം പൊതുസമൂഹത്തിൽ നിന്നും ശക്തിയായി ഉയർന്നുവരുന്നുണ്ട്. പല നിയമങ്ങലും സാധാരണ പൗരന്മാർക്ക് വേണ്ടിയുള്ളതല്ല എന്ന വിമർശനം ഇപ്പോൾ തന്നെ പരക്കെയുണ്ട്. സമീപകാല സംഭവങ്ങൾ അതാണ് തെളിയിക്കുന്നത്. കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിയമങ്ങളിൽ പ്രാരംഭസമയത്ത് കുറച്ച് ബഹളങ്ങൾ ഉണ്ടാകുമെങ്കിലും അവസാനം ബിജെപിയും കോൺഗ്രസും ഒരുമിച്ചുനിന്ന് പാസ്സാക്കിയെടുക്കുന്ന കാഴ്ച നാം സ്ഥിരമായി കാണുന്നുണ്ട്. ഞങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക മാത്രമായി ബഹളങ്ങൾ ചുരുങ്ങും. വിവാദമായ ഭൂമി ഏറ്റെടുക്കൽ നിയമത്തിലും അതാണ് സംഭവിക്കാൻ പോകുന്നത്.
യഥാർത്ഥ ജനാധിപത്യം വഴിമാറുമ്പോൾ ബിസിനസുകാരുടെ താല്പര്യവും സംരക്ഷിക്കുന്ന ജനാധിപത്യം (ഡെമോക്രാറ്റിക് ബിസിനസ്) ശക്തി പ്രാപിക്കും. ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന പ്രതിഭാസമല്ല. അമേരിക്ക ഉൾപ്പെടെയുള്ള വമ്പൻ ജനാധിപത്യ രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ ബിസിനസുകാർ കീഴടക്കിയിരിക്കുകയാണ്. 1991ൽ നരസിംഹറാവു പ്രധാനമന്ത്രിയും മന്മോഹൻ സിങ് ധനമന്ത്രിയുമായപ്പോഴാണ് ഇന്ത്യയിൽ പുതിയ വിപണിജനാധിപത്യം ശക്തമാകാൻ തുടങ്ങിയത്. ഇപ്പോൾ അത് പൂർണവളർച്ചയിൽ എത്തിയിരിക്കുന്നു. ഇങ്ങനെ പോയാൽ പാർലമെന്റ് അംഗങ്ങളിൽ ഭൂരിഭാഗം പേരും ശതകോടീശ്വരന്മാർ മാത്രമാകുന്ന കാലവും വിദൂരമല്ല.
2004 മുതൽ 2011 വരെ ഇന്ത്യയിൽ കോർപ്പറേറ്റുകൾക്ക് നികുതിയിളവായി നൽകിയത്. 23,19,323 കോടിരൂപയാണ്. എന്നാൽ സാധാരണക്കാർക്കുള്ള ഭക്ഷ്യ സബ്‌സിഡി ഇനത്തിൽ കേന്ദ്രസർക്കാർ നൽകുന്ന ഇളവ് 75,000 കോടി മാത്രമാണ്. അതിദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയാണ് കോർപ്പറേറ്റുകൾ ചുരുങ്ങിയ കാലയളവിൽ നേടിയതെന്നു കണക്കുകൾ തെളിയിക്കുന്നു. ഭൂരിഭാഗം പാർലമെന്റ് അംഗങ്ങളും ഇക്കാര്യത്തിൽ നിശബ്ദരാകുന്നത് ആശങ്ക വളർത്തുന്നു.
ശതകോടീശ്വരനായ വഹാബ് നേരത്തെയും മുസ്ലിം ലീഗിന്റെ പ്രതിനിധിയായി രാജ്യസഭയിൽ ഇരുന്നയാളാണ്. കേരളത്തിനു വേണ്ടി എന്തെങ്കിലും കാര്യമായി ഇടപെട്ടതായി നാമാരും കേട്ടിട്ടില്ല. അതുപോലെ തന്നെയാണ് വയലാർ രവിയുടെ കാര്യവും. മൂന്നു തവണയായി രാജ്യസഭാംഗത്വം നൽകിയിട്ടും അതിൽ 10 വർഷം കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നിട്ടും കേരളത്തിനു വേണ്ടി ഒന്നും ചെയ്യാതിരിക്കുക എന്ന പിടിവാശിയിലും നിർബന്ധബുദ്ധിയിലുമായിരുന്നു വയലാർ രവി. ഇതൊക്കെ മലയാളികളുടെ തലയിലെഴുത്ത് എന്നേ പറയേണ്ടു. വാർദ്ധക്യകാലത്ത് വിശ്രമിക്കാൻ പര്യാപ്തമായി ഈ സ്ഥാനത്തെ മാറ്റിയ രാഷ്ട്രീയപാർട്ടികൾക്കിട്ടാണ് പൊതുജനം പ്രഹരം നൽകേണ്ടത്. സാക്ഷര കേരളം, സുന്ദര കേരളം, കേരള മോഡൽ, കേരളാ വികസന മാതൃക എന്നൊന്നും ഇനി പറയുവാനുള്ള ധാർമ്മിക അവകാശം നമുക്കില്ല.