- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാറിൽ അശ്ലീല എസ് എം എസും ഫോൺ സംഭാഷണവും! സ്വപ്നയെ കുടുക്കാനുള്ള അതിബുദ്ധിയിൽ സരിത്തിന്റെ അറസ്റ്റ്; ഇടനിലക്കാരനുമായുള്ള ബന്ധം പിണറായിയെ കോപിഷ്ടനാക്കി; ഫോൺ വിളിച്ചില്ലെന്ന് നിഷേധിക്കാത്തതും ഇന്റലിജൻസ് റിപ്പോർട്ടും എതിരായി; ശ്രീരാമകൃഷ്ണന്റെ 'വീട്ടുകാരനായിട്ടും' രക്ഷയില്ല; എഡിജിപി അജിത് കുമാറിന് കഷ്ടകാലം വീണ്ടും എത്തുമ്പോൾ
കൊച്ചി :മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്കിടെ വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ നിന്ന് പിന്മാറ്റാൻ ഇടപെട്ട ഷാജ് കിരണിനെ 56തവണ വിളിച്ച രണ്ട് എ.ഡി.ജി.പിമാരിൽ കുടുങ്ങിയത് ഒരാൾ മാത്രം. രണ്ടു പേരിൽ ഒരാളുടെ ഇടപെടൽ ഷാജ് കുര്യന്റെ വെറും തള്ളൽ മാത്രമാണെന്നാണ് വിലയിരുത്തല്ഡ, ഏറെക്കാലമായി വിവാദചുഴികളിൽ പെട്ടവരാണ്. പൊലീസ് ആസ്ഥാനത്തിരുന്ന് സംസ്ഥാനമാകെ ക്രമസമാധാനം പരിപാലിക്കേണ്ട അഡി.ഡി.ജി.പി വിജയ് സാക്കറെ, വിജിലൻസിന്റെ മേധാവി എം.ആർ അജിത്കുമാർ എന്നിവർക്കെതിരേയാണ് ആരോപണങ്ങൾ. ഇതിൽ വിജയ് സാക്കറെയ്‌ക്കെതിരെ ഉയർന്നത് തെളിയിക്കാനായില്ല. അതുകൊണ്ടാണ് അജിത് കുമാറിന് മാത്രം സ്ഥാന ചലനമുണ്ടായത്.
സ്വപ്നാ സുരേഷിനെയോ അവരുമായി അടുപ്പമുള്ള മറ്റാരെയെങ്കിലുമോ ബന്ധപ്പെടാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അവർക്കെതിരായ കേസുമായി ബന്ധമില്ലെന്നുമാണ് വിജയ് സാക്കറെ പറയുന്നത്. കേസുമായി ബന്ധമുള്ള ആരെയും തനിക്ക് പരിചയമില്ല. സ്വപ്നയെ കാണാൻ പോയ ഷാജ് കിരണിനെയും അറിയില്ല. അങ്ങനെയുള്ള ആരുമായും ഫോണിൽ സംസാരിച്ചിട്ടില്ല. സ്വപ്ന പറഞ്ഞത് അവർ തന്നെ വിശദീകരിക്കുമെന്നും സാക്കറെ പറഞ്ഞിരുന്നു. ഇത് ശരിയാണെന്നാണ് ഇന്റലിജൻസും കണ്ടെത്തിയത്. ഇത് സാക്കറയ്ക്ക് തുണയായി. എന്നാൽ അജിത് കുമാറിനെതിരായ ആരോപണത്തിൽ ഇന്റലിജൻസ് റിപ്പോർട്ട് അജിത് കുമാറിന് എതിരായി. ഷാജ് കിരൺ കൊച്ചിയിൽ മാധ്യമപ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്നു അജിത്കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്തവിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് അജിത്കുമാർ പറഞ്ഞാണെന്നും സ്വപ്ന പറഞ്ഞിരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ ഏതാനും മാസംമുമ്പാണ് വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ തുടർച്ചയായി വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാറിനെ മാറ്റിയതിലൂടെ സ്വപ്‌നയുടെ ശബ്ദ രേഖയിൽ സത്യം ഉണ്ടെന്ന് സർക്കാരും സമ്മതിക്കുകയാണ്. പൊലീസിനു പുറത്തേക്കാണ് മാറ്റമെന്നാണ് വിവരം. ഉത്തരവ് പിന്നീട് പുറത്തിറക്കും. ഷാജ് കിരൺ എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൂടി കണക്കിലെടുത്താണ് അജിത്കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനു നിർദ്ദേശം നൽകിയത്. വിജിലൻസ് ഡയറക്ടറുടെ പകരം ചുമതല ഐ.ജി. എച്ച്. വെങ്കിടേഷിനു നൽകി. അജിത് കുമാറിനെതിരെ കൂടുതൽ അച്ചടക്ക നടപടികൾക്ക് സാധ്യതയില്ല.
സ്വപ്നയുടെ കൂട്ടാളി സരിത്തിനെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പരാതി കിട്ടിയപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പാലക്കാട് പൊലീസ് അലഞ്ഞപ്പോൾ, വിജിലൻസാണ് കൊണ്ടുപോയതെന്ന് സ്ഥിരീകരിച്ചത് ഷാജ് ആണ്. വിജിലൻസ് എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ വിളിച്ച ശേഷമാണ് ഷാജ് ഇക്കാര്യം സ്വപ്നയോട് സ്ഥിരീകരിച്ചത്. മാത്രമല്ല, സരിത്തിനെ ഉടനെ വിട്ടയയ്ക്കുമെന്നും എ.ഡി.ജി.പി അറിയിച്ചതായി ഷാജ് വെളിപ്പെടുത്തിയിരുന്നു. ഷാജ് പറഞ്ഞതുപോലെയാണ് കാര്യങ്ങൾ നടന്നതും. ഇതാണ് അജിത് കുമാറിന് വിനയാകുന്നത്.
സോളാർ വിവാദനായിക തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപണമുന്നയിച്ച ആളാണ് അജിത്കുമാർ. എറണാകുളം മുൻ കമ്മിഷണർ എം.ആർ. അജിത്കുമാർ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തിയെന്നും എസ്.എം.എസും അയച്ചെന്നുമായിരുന്നു വെളിപ്പെടുത്തൽ. എം.ആർ.അജിത്കുമാറിനെതിരേ അന്വേഷണവും പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പിന്നീട് പിണറായിയുടെ അടുപ്പക്കാരനായി മാറിയ അജിത്കുമാർ കേസും നടപടികളുമെല്ലാം ഒഴിവാക്കിയെടുത്തു.
അടുത്തിടെ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹ സത്കാര ചടങ്ങ് തിരുവനന്തപുരത്ത് നടന്നപ്പോൾ അവിടെ മുഴുവൻ സമയം സജീവ സാന്നിദ്ധ്യമായിരുന്നു അജിത്കുമാർ. വീട്ടുകാരനെ പോലെ ഓടി നടന്നാണ് എല്ലാ കാര്യങ്ങളിലും എഡിജിപി ഇടപെടൽ നടത്തിയത്. അങ്ങനെ സർക്കാരുമായി കൂടുതൽ അടുത്തു. അരും പ്രതീക്ഷിക്കാത്ത സമയത്താണ് വിജിലൻസിന്റെ ചുമതലയിൽ എത്തിയത്. എന്നാൽ അത് കുറച്ചു മാസങ്ങളിൽ ഒതുങ്ങി. അതിന് മുമ്പ് തന്നെ സ്വപ്‌നയുടെ ബോംബ് എത്തിയെന്നതാണ് വസ്തുത.
തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനെത്തിയ ഷാജ് കിരണിന്റെ വാട്സാപ്പിൽ വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാർ ഒട്ടേറെത്തവണ വിളിച്ചുവെന്ന് സ്വപ്ന കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റഡിയിലെടുത്തത് ഉൾപ്പെടെയുള്ള നീക്കങ്ങൾ പാളിയതും സ്ഥാനചലനത്തിനു കാരണമായി. മുഖ്യമന്ത്രിക്കെതിരേ സ്വപ്ന ആരോപണമുന്നയിച്ചതിനു പിന്നാലെ സരിത്തിനെ വിജിലൻസ് പാലക്കാടുനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോണും വിജിലൻസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് സ്വപ്ന കടുത്തഭാഷയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ വിമർശനം ഉന്നയിക്കുകയും ചെയ്തു.
അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കി. ഒപ്പം, അജിത്കുമാർ, വിജയ് സാഖറെ എന്നീ എ.ഡി.ജി.പി.മാർ വിളിച്ചിരുന്നതായി ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഇക്കാര്യങ്ങൾ വിജയ് സാഖറെ നിഷേധിച്ചെങ്കിലും അജിത്കുമാറിൽനിന്ന് പ്രതികരണമുണ്ടായില്ല. അജിത്കുമാർ ഷാജ് കിരണിനെ വിളിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു വ്യക്തിയുമായി അദ്ദേഹത്തിനു ബന്ധമുണ്ടെന്നും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെയാണ് അദ്ദേഹത്തെ മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ