തിരുവനന്തപുരം: കൊച്ചിയിൽ അതിക്രമത്തിനിരയായ നടിയുടെ അന്തസിനെ ചോദ്യംചെയ്ത് മോശം പരാമർശം നടത്തിയ മുൻ ഡി.ജി.പി: ടി.പി. സെൻകുമാറിനെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് എ.ഡി.ജി.പി: ബി. സന്ധ്യയുടെ രഹസ്യ റിപ്പോർട്ട്. അത്യന്തം ഗുരുതര പരാമർശങ്ങളടങ്ങുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു കൈമാറി. മംഗളത്തിന്റെ ചീഫ് റിപ്പോർട്ടർ എസ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സെൻകുമാറിനെ അറസ്റ്റ് ചെയ്ത് നിയമനടപടിക്കു വിധേയനാക്കണമെന്നാണു റിപ്പോർട്ടിൽ പ്രധാനമായി സൂചിപ്പിക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചും ഇക്കാര്യത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥർ പുലർത്തേണ്ട മാതൃകാപരമായ സമീപനത്തെക്കുറിച്ചും നാലുപേജുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സന്ധ്യയുടെ റിപ്പോർട്ടിന്മേൽ നിയമോപദേശം തേടിയശേഷം തുടർനടപടിയുണ്ടാകും. സിനിമയിലെ സ്ത്രീ കൂട്ടായ്മയും സെൻകുമാറിനെതിരേ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഡി.ജി.പി: ലോക്നാഥ് ബെഹ്റ.

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നതിനുവേണ്ടി അണിയറയിൽ വൻ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. വിരമിച്ചതിനുശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖ സംഭാഷണത്തിനിടയിൽ ടി.പി സെൻകുമാറിനു വന്ന ഫോണിൽ അദ്ദേഹം ഇരയെക്കുറിച്ച് വളരെ മോശമായ ഭാഷയിലാണു സംസാരിച്ചത്. 'ഒരു കാര്യം പറയട്ടെ അവരുടെയൊക്കെ വില, മാക്സിമം 10 ലക്ഷം രൂപ കൊടുത്താൽ ഈ ക്വട്ടേഷനൊന്നുമില്ലാതെ തന്നെ അവർ അതിനു തയാറാകും. അത്രയേയുള്ളൂ ഇവരുടെയൊക്കെ കാരക്ടർ'- എന്ന സെൻകുമാറിന്റെ പരാമർശം സ്ത്രീത്വത്തിനുനേരേയുള്ള കടന്നുകയറ്റമാണ്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല.

കേസന്വേഷണം നടത്തിയ തന്റെ മനോവീര്യം തകർക്കാൻപോലും ശ്രമിച്ചു. അങ്ങേയറ്റം ഗൗരവസ്വഭാവമുള്ള കേസായതിനാൽ 13 മണിക്കൂർ നടൻ ദിലീപിനെ ചോദ്യംചെയ്യേണ്ടി വന്നു. എന്നാൽ, ഇതിനെ പരിഹസിക്കാനും തലസ്ഥാന നഗരിയിൽ അരങ്ങേറിയ മറ്റൊരു കേസുമായി (സ്വാമിക്കേസ്) തന്നെ ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്താനും മുൻ ഡി.ജി.പി. ശ്രമിച്ചെന്നും സന്ധ്യയുടെ റിപ്പോർട്ടിലുണ്ട്. സെൻകുമാർ ഡി.ജി.പിയായിരിക്കെ കേസന്വേഷണം വഴിത്തിരിവിൽ നിൽക്കുമ്പോൾ നടത്തിയ ഇടപെടലുകൾ അങ്ങേയറ്റം സംശയാസ്പദമാണ്. ആക്രമണത്തിനിരയായ നടിയെക്കുറിച്ച് അദ്ദേഹം നടത്തിയ അപമാനകരമായ പരാമർശം സാധാരണ വ്യക്തിയിൽനിന്നുപോലും ഉണ്ടാകാൻ പാടില്ലാത്തതാണ്.

പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറിയശേഷം കേസന്വേഷണത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ സ്വാധീനമുള്ള വ്യക്തികൾ പ്രതികളാണെന്നിരിക്കെ അന്വേഷണത്തിന്റെ വിവരങ്ങളാണെന്ന മട്ടിൽ ചില കാര്യങ്ങൾ അദ്ദേഹം പുറത്തുവിട്ടത് ന്യായീകരിക്കാനാകില്ല. അന്വേഷണസംഘത്തിന്റെ ആത്മാർഥതയെ പലവട്ടം ചോദ്യംചെയ്തു.

അതു ജനങ്ങൾക്കിടയിൽ സംശയമുണർത്തി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സെൻകുമാർ, അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കേസന്വേഷണം അട്ടിമറിക്കാൻ കരുനീക്കം നടത്തിയതായി സംശയിക്കുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.