തിരുവനന്തപുരം: ബാർകോഴ കേസ് അന്വേഷിച്ച എസ് പി സുകേശനെതിരെ അന്വേഷണം ആവശ്യപ്പെട്ട വിജിലൻസ് ഡയറക്ടർ എഡിജിപി ശങ്കർ റെഡ്ഡിക്ക് മേൽ സോളാർ കുരുക്ക്. പൊലീസ് സ്റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ശങ്കർറെഡ്ഡി ഉത്തരവിറക്കിയത് സർക്കാർ ഉത്തരവ് ഇറക്കും മുമ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് കൈരളി പീപ്പിൾ ചാനൽ പുറത്തുവിട്ടു. ഉത്തരമേഖലാ എഡിജിപി ആയിരിക്കെയാണ് ശങ്കർറെഡ്ഡി ഉത്തരവിറക്കിയത്. ഇതുസബംന്ധിച്ച് സോളാർ നയത്തിനു സർക്കാർ അനുമതി നൽകുന്നതിനും മുമ്പാണ് ശങ്കർറെഡ്ഡി ഉത്തരവിറക്കിയത് സംശയാസ്പദമാണെന്നാണ് കൈരളി റിപ്പോർട്ട് ചെയ്യുന്നത്.

ശങ്കർ റെഡ്ഡി ഉത്തരവിറക്കി ഇതുംകഴിഞ്ഞ് ഏഴു മാസങ്ങൾക്കു ശേഷമാണ് സോളാർനയത്തിനു സർക്കാർ അംഗീകാരം നൽകിയത്. ഉത്തരവിറങ്ങി അഞ്ചു ദിവസങ്ങൾക്കു ശേഷം പൊലീസ് അസോസിയേഷനും പ്രമേയം പാസാക്കി. പ്രമേയം പാസാക്കിക്കാമെന്നും ഉത്തരമേഖലയ്ക്കു കീഴിലെ സ്റ്റേഷനുകളിൽ പാനൽ സ്ഥാപിക്കാൻ ഉത്തരവിറക്കിക്കാമെന്നും പൊലീസ് അസോസിയേഷൻ സെക്രട്ടറി അജിത് ഉറപ്പു നൽകിയതായി സരിത സോളാർ കമ്മീഷനിൽ മൊഴി നൽകിയിരുന്നു.

2013 മെയ് 19നാണ് ഉത്തരമേഖലയ്ക്കു കീഴിലെ പൊലീസ് സ്റ്റേഷനുകളിൽ സോളാർ പാനൽ സ്ഥാപിക്കാൻ എഡിജിപി എൻ ശങ്കർറെഡ്ഡി ഉത്തരവിറക്കിയത്. മെയ് 24ന് തന്നെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു. ഇതും കഴിഞ്ഞ് ആറുമാസങ്ങൾക്കു ശേഷമാണ് സോളാർ നയം മന്ത്രിസഭ അംഗീകരിച്ചത്. നവംബർ 20നാണ് നയം മന്ത്രിസഭ അംഗീകരിച്ചത്. സർക്കാരിന് സമർപ്പിക്കാൻ റിപ്പോർട്ട് തയ്യാറാക്കാനാണ് ശങ്കർറെഡ്ഡി ഉത്തരവിലൂടെ നിർദ്ദേശം നൽകിയത്.

പൊലീസ് അസോസിയേഷൻ സമ്മേളനത്തിനു മുമ്പ് പലതവണ അജിതിനെ കണ്ടതായി സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിൽ ചെല്ലുമ്പോഴൊക്കെ അജിതിനെ കാണാറുണ്ട്. അങ്ങനെയാണ് അസോസിയേഷൻ സമ്മേളനത്തിനു സ്‌പോൺസർഷിപ്പ് നൽകാമോ എന്ന് അജിത് സരിതയോടു ചോദിക്കുന്നതെന്നാണ് സരിത നേരത്തെ സോളാർ കമ്മീഷന്റെ മുമ്പിൽ വ്യക്തമാക്കിയത്. ടീം സോളാറിന്റെ സ്‌പോൺസർഷിപ്പ് നൽകിയാൽ ഇത്തരത്തിൽ പ്രമേയം പാസാക്കിക്കാമെന്ന് അജിത് ഉറപ്പു നൽകി. എന്നാൽ, ഇതിനായി 40 ലക്ഷം രൂപയാണ് ചോദിച്ചത്. 20 ലക്ഷം രൂപ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ കാർ പാർക്കിംഗിൽ വച്ച് അജിതിനു നൽകിയെന്നുമാണഅ സരിതയുടെ ആരോപണം.

ബാർകോഴ കേസിന് പിന്നിൽ ഇടതുപക്ഷ ഗൂഢാലോചന ആണെന്ന് ബിജു രമേശ് പറയുന്ന ടേപ്പ് പുറത്തുവന്നതിന് പിന്നിൽ ശങ്കർ റെഡ്ഡിയാണെന്ന ആരോപണം ഇടതുപക്ഷം ഉന്നയിക്കുന്നതിന് ഇടെയാണ് ശങ്കർ റെഡ്ഡി പൊലീസ് സ്‌റ്റേഷനുകൾ സോളാർ പാനൽ സ്ഥാപിക്കാൻ അനുമതി നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നത്.