ആധാർ നമ്പർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്നല്ല. ഇതിന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ നമ്പർ അസാധു ആകുകയുമില്ല. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ അസാധുവാകുന്ന തീയതി സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല. എന്നാൽ, പാൻ കാർഡ് കൈവശമുള്ളവർ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് ജൂലൈ ഒന്നു മുതൽ നിർബന്ധമാകുമെന്നു മാത്രം. അങ്ങനെ ചെയ്യാത്തവർക്ക് നികുതി റിട്ടേൺ ഇടപാടുകൾ നടത്താനാകില്ല. അതേസമയം ജൂലൈ മുതൽ പുതിയ പാൻകാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്.

ആദായ നികുതി നിയമത്തിലെ 139 എഎ വകുപ്പ് നിഷ്‌കർഷിക്കുന്നത് ആധാർ നമ്പറും പാൻകാർഡുമുള്ള ഏതൊരാളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന തീയതിയിലോ അതിനുമുമ്പോ അവ തമ്മിൽ ബന്ധിപ്പിക്കണമെന്നാണ്. വകുപ്പിലെ ഒന്നാം ഉപവകുപ്പിൽ 'ആധാർ നമ്പറിന് യോഗ്യരായ ഏതൊരാളും 2017 ജൂലൈ ഒന്നിനോ, ശേഷമോ സ്ഥിരമായ അക്കൗണ്ട് നമ്പർ ലഭിക്കാനായി അപേക്ഷയിലും ആദായ നികുതി സമർപ്പിക്കുമ്പോഴും ഇത് നൽകണം എന്ന് പറയുന്നു.

കൂടാതെ 2017 ജൂലൈ ഒന്നിന് പെർമനന്റ് അക്കൗണ്ടന്റ് നമ്പർ ലഭിച്ചിട്ടുള്ളവരും ആധാർ നമ്പർ ലഭിക്കാൻ യോഗ്യരായവരും നിഷ്‌കർഷിച്ചിട്ടുള്ള രൂപത്തിൽ തങ്ങളുടെ ആധാർ നമ്പർ കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജഞാപനം ചെയ്ത തീയതിയിലോ മുമ്പോ അധികാരികളെ അറിയിക്കണമെന്നും വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ വെബ്‌സൈറ്റിൽ ഒരു സംവിധാനം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്- 'http://incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html'.

ഒന്നിലധികം പാൻകാർഡുകൾ ഉപയോഗിക്കുന്നതും നികുതിവെട്ടിപ്പ് തടയുന്നതിനും ആയി 2017-18 ലെ ധനബില്ലിലെ നികുതിനിർദ്ദേശങ്ങളിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ കേന്ദ്ര ധനമന്ത്രി ആദായ നികുതി സമർപ്പിക്കാൻ ആധാർ നിർബന്ധമാക്കിയിരുന്നു. ആദായനികുതി നിയമത്തിലെ നിബന്ധനയുടെ സാധുതക്ക് സുപ്രീംകോടതി ജൂൺ ആദ്യം അംഗീകാരവും നൽകി.

എന്നാൽ, സ്വകാര്യത സംബന്ധിച്ച് കോടതിയുടെ പരിഗണനയിൽ നിലനിൽക്കുന്ന കേസിൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നതുവരെ അത് നടപ്പാക്കുന്നത് ഭാഗികമായി തടയുകയും ചെയ്തു.