ന്യൂഡൽഹി: ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചു. അതിന് മുമ്പ് ബാങ്ക് അക്കൗണ്ടിനും ആധാർ നിർബന്ധമാക്കി. കള്ളനാണയങ്ങൾക്ക് തിരിച്ചിടി കൊടുക്കുകയായിരുന്നു ലക്ഷ്യം.

ഇപ്പോഴിതാ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറെടുക്കുന്നു. ഇതിന് അനുവദിക്കണമെന്നഭ്യർഥിച്ച് കമ്മിഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ഇതോടെ തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാകും. കള്ള വോട്ടിനുള്ള സാധ്യതയും കുറയും. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരെല്ലാം ആധാർ എടുക്കുകയും ചെയ്യും.

തിരിച്ചറിയൽ കാർഡിലെ ഇരട്ടിപ്പ് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. ആധാറിലെ ബയോ മെട്രിക് വിവരങ്ങൾ ഉപയോഗിച്ചുള്ള വോട്ടിങ് രീതി നടപ്പാക്കാൻ ഉദ്ദേശ്യമില്ല. ആധാർനമ്പർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കണമെന്ന് കമ്മിഷൻ നിർബന്ധം പിടിക്കുകയുമില്ല.

ആധാർ നമ്പർ നൽകുന്നവരുടെ വിവരങ്ങൾ കമ്മിഷന്റെ കാർഡുമായി ബന്ധിപ്പിക്കുമെന്ന് മാത്രം. വോട്ടർപട്ടിക മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ അതുവഴി സാധിക്കുമെന്നാണ് കമ്മിഷന്റെ കണക്കുകൂട്ടൽ. എന്നാൽ ഭാവിയിൽ ഇത് നിർബന്ധമായി മാറാനും സാധ്യതയുണ്ട്. ഇതോടെ എല്ലാവോട്ടർമാർക്കും ഒരു വോട്ട് മാത്രമേ ഉള്ളൂവെന്ന് ഉറപ്പിക്കാനാകും.

രണ്ടുകൊല്ലംമുമ്പ് കമ്മിഷൻ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആ ഘട്ടത്തിലാണ് ആധാറുമായി ബന്ധപ്പെട്ട കേസ് വന്നത്. സബ്സിഡി ആവശ്യങ്ങൾക്കല്ലാതെ ആധാർ ഉപയോഗിക്കരുതെന്ന ഉത്തരവ് വന്നതതിനെത്തുടർന്ന് ഹർജി അനിശ്ചിതത്വത്തിലായി. മാറിയ സാഹചര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.