ഡെറാഡൂൺ: നൂറോ ദേവിക്ക് പ്രായം 62ആയി. മകന് 30ഉം. പക്ഷേ ഈ അമ്മയ്ക്ക് മകനെ ആധാർ സെന്ററിൽ കൊണ്ടു പോകാൻ എടുക്കേണ്ടി വരും. അറുപത് ശതമാനത്തിൽ അധികം ശാരീരിക വൈകല്യം മകനുണ്ട്. വീട്ടിൽ സഹായിക്കാൻ മറ്റാരുമില്ല.

മകന് കിട്ടുന്ന വികലാംഗ പെൻഷനാണ് ഈ കുടുംബത്തിന്റെ പ്രധാന ആശ്രയം. ആയിരം രൂപയാണ് മാസം കിട്ടുന്നത്. അതും ഇപ്പോൾ ഇല്ല. ഇതോടെ ദാരിദ്രം കടുത്തു. ആധാർ ഇല്ലാത്തതിന്റെ പേരിലാണ് പെൻഷൻ നിഷേധിക്കുന്നത്. മകന് ആധാർ എടുക്കാൻ ഈ അമ്മ ഒരുപാട് അലഞ്ഞു. പക്ഷേ ഡെറാഡൂണിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ അമ്മയ്ക്കും മകനും അതിന് മാത്രം ഇനിയും സാധിച്ചില്ല. സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിന് കാരണം.

മകന്റെ ഫിംഗർ പ്രിന്റും ഐറിസ് സ്‌കാനും എടുക്കാനായില്ല. ഇതു കൊണ്ട് മാത്രം അധാർ നിഷേധിക്കപ്പെടുകയും ചെയ്തു. പല തവണ അധാർ സെന്ററിൽ പോയി. ഈ അവസ്ഥയെല്ലാം വിശദീകരിച്ചിട്ടും മകനായ രാജ് കുമാറിന് പെൻഷന് നിഷേധിക്കുകയാണ് അധികൃതർ. ഫോട്ടെ എടുക്കാനും സ്‌കാൻ ചെയ്യാനും ശ്രമിക്കുമ്പോൾ മാനസിക പ്രശ്‌നങ്ങളുള്ള മകൻ അക്രമാസക്തമാകും. ഇത് കാരണമാണ് സ്‌കാനിങ്ങും ഫോട്ടെ എടുക്കലും നടക്കാത്തതെന്ന് അമ്മ വിശദീകരിക്കുന്നു.

ആധാർ വിവരങ്ങൾ നൽകാത്തതു കൊണ്ട് നിരവധി പേർക്കാണ് പെൻഷൻ നിഷേധിക്കുന്നത്. ഉത്തരഖണ്ഡിൽ മാത്രം 53,000 പേർക്ക് പെൻഷൻ നിഷേധിച്ചുവെന്നാണ് കണക്ക്.