- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിലെ മരം മുറിക്ക് പിന്നിൽ റേഞ്ച് ഓഫീസർ; ആനവിരട്ടി, വെള്ളത്തൂവൽ വില്ലേജുകളിലും മോഷണം; മുട്ടിലിൽ റോജി അഗസ്റ്റിന് വേണ്ടി ചരടു വലിച്ച സാജനെതിരെ കൂടുതൽ ആരോപണങ്ങൾ; മാഫിയകൾ കുടുങ്ങുമ്പോൾ വെട്ടിലായി സാധാരണ കർഷകരും; കുറ്റികൾ കത്തിച്ച് തെളിവില്ലാതാക്കുമ്പോൾ
തൃശൂർ: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അടിമാലിലെ മരം മുറിക്ക് പിന്നിൽ റെയ്ഞ്ച് ഓഫീസറാണ്. ഉദ്യോഗസ്ഥന്റെ വീട് വയ്ക്കാനായിരുന്നു ഇത്. പട്ടയഭൂമികളിലെ മരംകൊള്ളയുടെ തെളിവു നശിപ്പിക്കാൻ കുറ്റികൾ തീവച്ചു നശിപ്പിക്കുന്നു. മച്ചാട് റേഞ്ചിലെ അകമല സ്റ്റേഷൻ പരിധിയിലും പങ്ങാരപ്പിള്ളി എളനാട് സ്റ്റേഷൻ പരിധിയിലുമായി നാൽപതോളം കുറ്റികൾ കത്തിച്ചു കളഞ്ഞെന്നാണു വിവരം.
മുട്ടിലിൽ വെട്ടിയിട്ട മരം കടത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും മാഫിയയും ചേർന്ന് നടത്തിയ കള്ളക്കളി പൊളിച്ചത് ഡിഎഫ്ഒ പി. ധനേഷ് ആയിരുന്നു. റോജി അഗസ്റ്റിന്റെ സൂര്യ ടിമ്പേഴ്സിന് പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ ലഭിക്കാൻ വേണ്ട ഭൗതിക സാഹചര്യങ്ങളോ രേഖകളോ ഇല്ലെന്നിരിക്കെ രജിസ്ട്രേഷൻ അനുവദിച്ചത് ബാഹ്യപ്രേരണ മൂലമാവാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് ഈ ഉദ്യോഗസ്ഥനാണ്. റിപ്പോർട്ട് ധനേഷ് സമർപ്പിച്ചത്, പ്രതികളുമായി അടുത്തബന്ധമുള്ള ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജനായിരുന്നു. റോജിയുമായി ബന്ധമുണ്ടെന്ന് കാട്ടി നോർത്ത് ചീഫ് കൺസർവേറ്റർ വിനോദ്കുമാർ റിപ്പോർട്ട് നൽകിയതും സാജനെതിരെയായിരുന്നു.
വിജിലൻസിന്റെ ചുമതലയുണ്ടായിരുന്ന ദേവപ്രസാദ് അവധിയിൽ പോയപ്പോൾ അന്വേഷണം ഏറ്റെടുത്ത എൻ.ടി. സാജൻ റോജി അഗസ്റ്റിന് തടി കൊണ്ട് പോകാൻ അനുമതി നിഷേധിച്ച മേപ്പാടി റേഞ്ച് ഓഫീസർ സമീറിനെതിരെ നടപടിയെടുക്കാൻ ധനേഷ്കുമാറിനെ നിർബന്ധിച്ചതായും വിനോദ്കുമാറിന്റെ റിപ്പോർട്ടിലുണ്ട്. ഇതേ സാജൻ മുമ്പ് ചന്ദന കടത്തുകാരേയും സഹായിച്ചതായി ആരോപണം ഉയർന്നിരുന്നു. കാസർകോട് ചന്ദന തൈല ഫാക്ടറികളെ സഹായിച്ചുവെന്നാണ് ആരോപണം നേരത്തെ ഉയർന്നത്.
പട്ടയഭൂമിയിൽ നിന്നു മരം മുറിക്കാൻ ലഭിച്ച പാസിന്റെ മറവിൽ വനഭൂമിയിൽ നിന്നടക്കം മരങ്ങൾ മുറിച്ചിട്ടുണ്ട്. ഇവ പുറത്തു വരാതിരിക്കാനാണു കുറ്റി കത്തിക്കുന്നത്. റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിനെ മറയാക്കി ഇടുക്കി പീരുമേട് താലൂക്കിൽ വ്യാപകമായി മരം മുറിച്ചു കടത്തിയിരുന്നു മഞ്ചുമല, പീരുമേട്, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ വില്ലേജുകളിൽ നിന്നാണ് ഈട്ടി, തേക്ക് എന്നിവ കടത്തിയത്. ചില എസ്റ്റേറ്റുകളിൽ നിന്ന് കാറ്റാടി മുറിച്ചു മാറ്റുന്നതിന്റെ അനുമതിയുടെ മറവിൽ പതിറ്റാണ്ടുകൾ പഴക്കമേറിയ മരങ്ങൾ കടത്തിക്കൊണ്ടു പോയതായും പരാതിയുണ്ട്.
വനം വകുപ്പ് അടിമാലി റേഞ്ച് ഓഫിസ് പരിധിയിൽ തേക്കിനൊപ്പം ഈട്ടി തടിയും വ്യാപകമായി വെട്ടിക്കടത്തിയതായി കോതമംഗലം ഫ്ളയിങ് സ്ക്വാഡ് കണ്ടെത്തി. വിശദമായ അന്വേഷണം തുടങ്ങി. ആനവിരട്ടി, വെള്ളത്തൂവൽ വില്ലേജുകളിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടി തടികൾ വെട്ടിക്കടത്തിയത്. അതിനിടെ കൃഷിഭൂമിയിലെ ഒരു മരംപോലും മുറിക്കാൻ ഭാവിയിൽ അനുമതി കിട്ടാതിരിക്കുമോ എന്ന ആശങ്കയിലാണു കർഷകസമൂഹം. നിയമസാധുതയോടെ കർഷകർ മുറിച്ച മരങ്ങൾ പലയിടത്തും തടഞ്ഞുവച്ചിരിക്കുകയാണ്. പട്ടയഭൂമിയിലെ റിസർവ്- ഷെഡ്യൂൾ മരങ്ങൾ വെട്ടുന്നതു സംബന്ധിച്ച ആശയക്കുഴപ്പങ്ങളും നിയമക്കുരുക്കും ഒഴിവാക്കാൻ ശാശ്വത പരിഹാരമാണു കർഷകർ ആവശ്യപ്പെടുന്നത്.
പട്ടയഭൂമിയിലെ കർഷകർ നട്ടുപിടിപ്പിച്ചതിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന് 3 വർഷം മുൻപു സർക്കാർ ഉത്തരവിറങ്ങിയിരുന്നതാണെങ്കിലും കർഷകനു ഗുണം ചെയ്തില്ല. 2017 നു മുൻപു നൽകിയ പട്ടയങ്ങളിൽ റിസർവ് മരങ്ങളുടെ അവകാശം സർക്കാരിനാണെന്നു വ്യവസ്ഥ ചെയ്തിരുന്നതാണു തടസ്സമായത്. ഇതോടെ, വച്ചുപിടിപ്പിച്ച മരങ്ങൾ പോലും മുറിക്കാൻ അനുമതി നൽകാതായി. 2020 ഒക്ടോബർ 24ലെ ഉത്തരവു കൂടി റദ്ദാക്കിയതോടെ, പട്ടയഭൂമിയിലെ മരങ്ങളൊന്നും മുറിക്കാനാകില്ലെന്ന സ്ഥിതിയാണെന്നു കർഷകർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ