അടിമാലി: മയക്കുമരുന്ന് വിൽപ്പന സംഘങ്ങൾ തമ്മിൽ തുടർച്ചായ സംഘടനം പരിധികൾ വിടുന്നു. അടിമാലിയിൽ എതിരാളിയെ പെട്രോൾ ഒഴിച്ച് പച്ചക്ക് തീ കൊളുത്തി കൊല്ലാൻ ശ്രമം. തീ കൊളുത്തിയ ആൾക്കും പരിക്ക്. അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാറ്റുപാറയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച ആക്രമണം.

50 ശതമാനത്തിലധികം പൊള്ളലേറ്റ ചാറ്റുപാറ സ്വദേശി സുധീഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാറ്റുപാറ സംഘത്തിൽ ഉൾപ്പെട്ട ആൽവിൻ, സുബിൻ , സുധീഷ് (കണ്ണൻ) എന്നിവരും അടിമാലി സംഘത്തിൽ ഉൾപ്പെട്ട ജസ്റ്റിൻ, ഷിയാസ്, മുരുകൻ എന്നിവരും തമ്മിലാണ് രണ്ടുവട്ടം സംഘടനമുണ്ടായത്.

ആദ്യം അടിമാലിയിൽ ഇരുകൂട്ടരും ഏറ്റുമുട്ടി. ഇതിന് ശേഷം ചാറ്റുപാറ സംഘം മടങ്ങി. ഇവരെ പിൻതുടർന്നെത്തി, അടിമാലി സംഘം വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ചാറ്റു പാറയിൽ തടികൾ സൂക്ഷിച്ചിട്ടുള്ള ഗ്രൗണ്ടിൽ രാത്രി 12.30 തോടുത്തായിരുന്നു രണ്ടാമത്തെ സംഘടനം. അടിമാലി സംഘത്തിലെ മുരുകൻ ബിയർ കുപ്പിയിൽ പെട്രോൾ നിറച്ചു കൊണ്ടുവന്ന് സുധീഷിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.

തീ ആളിപ്പടർന്നതോടെ മുരുകനും സാരമായി പൊള്ളലേറ്റെന്നും ഇയാൾ തമിഴ്‌നാട്ടിലെ ആശുപത്രിയിൽ ചികത്സയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലുള്ള സുധീഷിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും കേസിൽ തുടർ നടപടികളുണ്ടാവു എന്നാണ് പൊലീസ് നൽകുന്ന സൂചന.

ഇരു സംഘങ്ങളും കഞ്ചാവും എൽ എസ് ഡി സ്റ്റാമ്പും അടക്കമുള്ള മയക്കുമരുന്ന് ഉപഭോക്താക്കളും വിൽപ്പനക്കാരുമാണെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ഇക്കാര്യത്തിലും പൊലീസിന്റെ ഭാഗത്തു നിന്നും വിശദമായ അന്വേഷണം ഉണ്ടാവുമെന്നാണറിയുന്നത്. നേരം പുലർന്നതോടെയാണ് നാട്ടുകാരിൽ ഏറെപ്പേരും സംഭവം അറിയുന്നത്. പച്ചയ്ക്ക് തീകൊളുത്തി കൊല്ലാൻ മാത്രം പകയുമായിട്ടാണ് യുവാക്കൾ ഏറ്റുമുട്ടിയെതെന്നുള്ള തിരിച്ചറിവ് ഗ്രാമവാസികളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.

മേഖല കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.