- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ എവിടെ എന്നുചോദിച്ചപ്പോൾ അവിടെ എവിടെയെങ്കിലും കാണുമെന്ന് ഒഴുക്കൻ മട്ട്; അടുക്കളയിൽ പണി വല്ലതും നടന്നോ ചാച്ചാ എന്ന് ചോദിച്ചപ്പോൾ ബിനോയിയുടെ ഭാവം മാറിയതോടെ കുട്ടിക്കും സംശയം; സിന്ധുകൊലക്കേസിൽ പൊലീസ് ഉഴപ്പിയപ്പോഴും അടുക്കള തറയിലെ രഹസ്യം കണ്ടുപിടിച്ചത് ആറാം ക്ലാസുകാരന്റെ ബുദ്ധി
അടിമാലി: പണിക്കൻകുടിയിൽ ആരുമറിയാതെ എല്ലാം വിജയകരമായി നടപ്പാക്കിയെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിനോയി. അത് പൊളിച്ചത് സിന്ധുവിന്റെ മകൻ ആറാം ക്ലാസുകാരന്റെ കോമൺ സെൻസും. സിന്ധുവിനെ കാണാതായി രണ്ടുനാൾ കഴിഞ്ഞാണ് ഇളയകുട്ടിയെ സഹോദരിയുടെ വീട്ടിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്. വന്ന പാടെ കുട്ടി സ്വാഭാവികമായി അമ്മയെ അന്വേഷിക്കുമല്ലോ. അമ്മ എവിടെ എന്നു ചോദിച്ചപ്പോൾ, ആ അവിടെ എവിടെയെങ്കിലും കാണുമെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. താനൊന്നും അറിഞ്ഞില്ല എന്ന ഭാവം. സിന്ധുവിനെ കാണാതായി എന്ന ഭാഷ്യത്തിന് ബലം നൽകാനായിരുന്നും ബിനോയിയുടെ ശ്രമം. എന്നാൽ, കുട്ടി വിടാതെ അമ്മയെ ചോദിച്ചപ്പോൾ, ബിനോയി ചൂടാവുകയാണ് ചെയ്തത്. ഇതും സംശയം കൂട്ടി. ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്.
അടുക്കളയിൽ എന്തൊക്കെയോ നടന്നു എന്ന് മകൻ
വലിയ അടച്ചുറപ്പില്ലാത്ത വീടാണ് ബിനോയിയുടേത്. തുണിമറയുള്ള അടുക്കള വാതിലും മറ്റുമായി മൺകട്ട കൊണ്ട ഉണ്ടാക്കിയ വീട്. അമ്മയെ കാണാതായി രണ്ടുദിവസം കഴിഞ്ഞ് മടങ്ങി എത്തിയ കുട്ടി അടുക്കളയുടെ തറയിൽ എന്തൊക്കെയോ മാറ്റം കണ്ടു. തറയിൽ ചാരം വിതറിയിട്ടുണ്ടായിരുന്നു. കുഴിച്ചുമറിച്ച തറ പഴയത് തന്നെയെന്ന് തോന്നിപ്പിക്കാൻ ആയിരുന്നു ബിനോയിയുടെ പാഴ് ശ്രമം. എന്താ ചാച്ചാ..അടുക്കളയിൽ പണി വല്ലതും നടന്നോ എന്ന ചോദ്യം ബിനോയിയെ ഞെട്ടിച്ചുകാണണം. ആവർത്തിച്ചുചോദിച്ചപ്പോൾ ആറാം ക്ലാസുകാരന് നേരേ ബിനോയി കയർത്തു.
പൊലീസിന്റെ പിടിപ്പുകേട്
തനിക്ക് തോന്നിയ സംശയം കുട്ടി അമ്മാവനോടാണ് പറഞ്ഞത്. വീട്ടിൽ എന്തൊക്കെയോ കുഴപ്പങ്ങൾ നടന്നിട്ടുണ്ടെന്നും, അടുക്കളയിൽ എന്തോ സംഭവിച്ചെന്നും കുട്ടി പറഞ്ഞപ്പോൾ, എന്നാൽ നോക്കിക്കളയാമെന്നായി ബന്ധുക്കൾ. പൊലീസിനെ വിവരം അറിയിച്ചു. പൊലീസ്നായയെ കൊണ്ടുവന്നെങ്കിലും പ്രയോജനം കിട്ടിയില്ല. പുക പിടിച്ച അടുക്കളയിൽ പണി നടന്നിട്ടില്ലെന്നായിരുന്നു പൊലീസ് നിഗമനം. സൂക്ഷ്മദൃക്കുകൾ ആവേണ്ട പൊലീസുകാർ എന്താണ് പരിശോധിച്ചതെന്ന് നാട്ടുകാർ ചോദിക്കുമ്പോൾ, ഇപ്പോൾ തല കുനിക്കാനേ കഴിയൂ.15-ന് സിന്ധുവിന്റെ അമ്മ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. 16 മുതലാണ് ബിനോയിയെ കാണാതായത്. അന്നുതന്നെ ബിനോയിയെ സംശയം ഉള്ളതായി സിന്ധുവിന്റെ അമ്മയും മൊഴി നൽകിയതാണ്. എന്നാൽ, ബിനോയി നാടുവിട്ടതിനുശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായതെന്നാണ് ആരോപണം.
തറയിൽ മണ്ണ് മാറ്റിയ നിലയിൽ കണ്ടുവെന്നും ആറാംക്ലാസുകാരൻ പറഞ്ഞിരുന്നു.ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല. പൊലീസ് നായയെ കൊണ്ടുവന്ന് അന്വേഷണം നടത്തിയിരുന്നു. ഇപ്പോൾ സിന്ധുവിന്റെ മൃതദേഹം ലഭിച്ച അടുക്കളത്തറയിൽ നായ ഇരുന്നപ്പോൾ, മീൻതല കണ്ടിട്ടാകും എന്നാണ് പൊലീസുകാർ പറഞ്ഞത്. ബിനോയിയെ സംശയമുണ്ടെന്ന് പറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ല എന്നും ബന്ധുക്കൾ ആരോപിക്കുന്നു. തുടക്കത്തിൽ തന്നെ പൊലീസ് കുറച്ചുകൂടി ജാഗ്രത കാണിച്ചിരുന്നെങ്കിൽ പ്രതിയെ പിടികൂടാൻ കഴിയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
സിന്ധു എവിടെ?
അധികം ആരും അടുക്കളയിൽ കയറിയിട്ടില്ലാത്തതിനാൽ, മാറ്റങ്ങൾ പറയാൻ അയൽക്കാർക്കും കഴിയുമായിരുന്നില്ല. എന്നാൽ, കുട്ടി അടുക്കളയിൽ പണി നടന്നെന്ന വാദത്തിൽ ഉറച്ചുനിന്നതോടെ, സിന്ധുവിന്റെ സഹോദരനും, ചങ്ങാതിമാരും പണിക്കൻകുടിയിലെ വീട്ടിലെത്തി അടുക്കളയുടെ തറ പൊളിക്കുകയായിരുന്നു. ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിലെ തലമുടിയാണ്. ഒരുകൈ മുകളിലേക്ക് ഉയർന്ന നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും മൃതദേഹം സിന്ധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു
ഇന്ന് രാവിലെ മൃതദേഹം പുറത്തെടുത്തപ്പോഴാണ് കുഴിയുടെ ആഴത്തെക്കുറിച്ചും അടക്കം ചെയ്തിരുന്ന രീതിയെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ ലഭിച്ചത്. അടുക്കളയുടെ ഭിത്തിയോട് ചേർന്ന് ഏകദേശം 90 സെന്റീമീറ്റർ ആഴത്തിലാണ് കുഴിയെടുത്തിരുന്നത്. മൃതദേഹം ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലാണ് കുഴിച്ചിട്ടിരുന്നത്. വസ്ത്രങ്ങൾ പൂർണ്ണമായി അഴിച്ചുമാറ്റിയ ശേഷമാണ് മൃതദ്ദേഹം മറുവുചെയ്തിട്ടുള്ളത്.
കൊലപാതകം എങ്ങനെ?
ഏറെക്കുറെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ബിനോയിയുടെ വീട്ടിൽ പൊലീസ് നേരത്തെ വിശദമായ പരിശോധന നടത്തയിരുന്നെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.വീടിനുള്ളിൽ രക്തക്കറ കാണാത്തതും പിടിവലികൾ നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതുമാണ് ശ്വാസംമുട്ടിച്ചായിരിക്കാം കൊലപ്പെടുത്തിയതെന്നുള്ള സംശയം ബലപ്പെടാൻ കാരണം.
സിന്ധുവിനെ തന്ത്രത്തിൽ സ്നേഹം നടിച്ച് കീഴ്പ്പെടുത്തിയ ശേഷം തന്ത്രത്തിൽ ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സാധ്യതയാണ് തെളിയുന്നത്. സിന്ധുവിനെ വീട്ടിൽ ഒറ്റയ്ക്ക് കിട്ടാൻ ഇളയ മകനെ കാമുകൻ ബന്ധുവീട്ടിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞമാസം 12 മുതലാണ് സിന്ധു (45) വിനെ കാണാതായത്. ഭർത്താവുമായി പിരിഞ്ഞ സിന്ധുവും 12 വയസ്സുള്ള ഇളയ മകനും കഴിഞ്ഞ അഞ്ച് വർഷമായി പണക്കൻകുടിയിൽ ബിനോയിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഭാര്യയെ ഉപേക്ഷിച്ച് ഒറ്റക്ക് താമസിച്ചിരുന്ന ബിനോയിയുമായി സിന്ധുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടയ്ക്ക് ഇയാളുമായി വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ്.
ബിയോയി പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും കണ്ടെത്താൻ ഊർജ്ജിത അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. ഇടുക്കി ഡി.വൈ.എസ്പി ഇമ്മാനുവേൽ പോൾ, വെള്ളത്തൂവൽ സിഐ ആർ. കുമാർ, എസ്ഐ മാരായ രാജേഷ് കുമാർ , സജി.എൻ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ