ഇടുക്കി: ക്ലാസ് മുറിയിൽ ഉറ്റ സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥിനികൾ വിഷം കഴിച്ച് അവശനിലയിൽ. അടിമാലിയിലെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.

ഉച്ചവിശ്രമം കഴിഞ്ഞ് ക്ലാസിലെത്തിയ വിദ്യാർത്ഥിനികൾ പലവട്ടം ചർദ്ദിച്ചു. അദ്ധ്യാപകരോടും സുഹൃത്തുക്കളോടും തലവേദനയും ചർദ്ദിയുമാണെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർമാരാണ് സ്‌കൂൾ അധികൃതരെയും രക്ഷിതാക്കളെയും അറിയിച്ചത്. ഇതിനിടെ അവശനിലയിലായ ഇരുവരെയും രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി.

ചൊവ്വാഴ്ച രാത്രി ഒരു പെൺകുട്ടിയുടെ വീട്ടിൽ സഹോദരനുമായി വഴക്കുണ്ടായതായി പറയുന്നു. ഈ കുട്ടി വാഴക്ക് തളിക്കുവാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം എടുത്തുകൊണ്ടാണ് സ്‌കൂളിൽ എത്തിയത്. സ്‌കൂളിൽ വെച്ച് ഉറ്റസുഹൃത്തായ പെൺകുട്ടിയോട് വീട്ടിലുണ്ടായ പ്രശ്നങ്ങൾ വിവരിച്ചശേഷം താൻ ജീവനൊടുക്കുകയാണെന്നും പറഞ്ഞ് വിഷം കഴിച്ചു.

ഇതോടെ മനോവിഷമത്തിലായ പെൺകുട്ടിയും കൂട്ടൂകാരി കൊണ്ടുവന്ന വിഷം ക്ലാസ് മുറിയിൽ വെച്ച് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. അടിമാലി പൊലീസ് ഇന്നലെ രാത്രിയിൽ തന്നെ മെഡിക്കൽ കോളേജിലെത്തി മൊഴിയെടുത്തു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ പറഞ്ഞു.