- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഗെയിമിനെ തുടർന്നുള്ള കുട്ടികളുടെ ആത്മഹത്യ; ജീവനൊടുക്കിയ കുട്ടിയുടെ രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി സൂചന; ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പൊലീസ്; അദിനാൻ എറിഞ്ഞുടച്ച മൊബൈൽ വിശദമായി പരിശോധിക്കും
കണ്ണുർ: കണ്ണൂർ ജില്ലയിൽ കോവിഡ് അടച്ചുപൂട്ടൽ കാലത്തുണ്ടായ അഞ്ചോളം വിദ്യാർത്ഥികളുടെ ആത്മഹത്യയ്ക്കു പിന്നിൽ മൊബൈൽ ഗെയിമാണോ എന്ന സംശയത്തെ തുടർന്ന് ധർമ്മടം പൊലീസ് അന്വേഷണം ഗക്തമാക്കി. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് കേസന്വേഷണം നടത്തുക. ഇതിന്റെ ഭാഗമായി കുട്ടികളുടെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ ദിവസം രണ്ടു വിദ്യാർത്ഥികൾ ജീവനൊടുക്കിയതിനു പിന്നിൽ മൊബൈൽ ഗെയിമാണെന്ന് പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്..
ധർമടത്തും കതിരൂർ മലാലിലുമാണ് കഴിഞ്ഞദിവസം രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയായ ധർമടം കിഴക്കെ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകനും എസ്എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർത്ഥിയുമായ അദിനാൻ (17), ഹൈസ്കൂൾ വിദ്യാർത്ഥിയായ കതിരൂർ മലാൽ എകെജി വായനശാലയ്ക്കു സമീപത്തെ കൈപ്പച്ചേരി പരേതനായ രമേശൻ-സിന്ധു ദമ്പതികളുടെ മകൻ അഥർവ് (14) എന്നിവരാണു മരിച്ചത്.
തന്റെ മൊബൈൽ ഫോൺ എറിഞ്ഞു തകർത്തശേഷം അദിനാൻ വിഷം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൊബൈൽ തകർത്തശേഷം മുറിക്കു പുറത്തിറങ്ങിയ അദിനാൻ താൻ വിഷം കഴിച്ചതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദിനാന്റെ മുറിയിൽനിന്ന് സോഡിയം നൈട്രേറ്റ് കണ്ടെടുത്തു. അദിനാൻ എറിഞ്ഞുതകർത്ത മൊബൈൽ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചുവരികയാണ്. ധർമടം സിഐ സുമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അദിനാന്റെ വീട്ടിൽ പൊലീസ് വീണ്ടും പരിശോധന നടത്തിയിട്ടുണ്ട്.
കുട്ടിയുടെ രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. അദിനാന്റെ രക്ഷിതാക്കളുടെ അക്കൗണ്ടു വിവരങ്ങൾ പരിശോധിക്കുന്നതിനായി ബാങ്കിൽ ആവശ്യപ്പെടുമെന്ന് പൊലിസ് അറിയിച്ചു. ഇതു കിട്ടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ധർമ്മടത്തെ സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ കൊലാപുർ ഷൻവാർ പേട്ടിലെ വീട്ടിൽ വച്ചാണ് കതിരൂർ സ്വദേശിയായ അഥർവും ജീവനൊടുക്കിയിരുന്നു.
മൊബൈൽ ഗെയിമാണ് മരണത്തിനു പിന്നിലെന്നാണ് മാതാപിതാക്കൾ പറയുന്നത്. മൃതദേഹം അവിടെ പോസ്റ്റ്മോർട്ടം നടത്തിയശേഷം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് അന്വേഷണം നടത്തിവരികയാണ്. മൊബൈൽ ഗെയിമിന് അടിമകളായതിനെത്തുടർന്നുണ്ടായ നിരാശയാണ് ഇരുവരുടെയും മരണകാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.
പബ്ജി പോലുള്ള ഗെയിമുകളിൽ പർച്ചേസ് ചെയ്യാൻ ഓപ്ഷനുള്ളതിനാൽ ഈ വഴിക്കോ ഓൺലൈൻ റമ്മി കളിയിലൂടെയോ പണം നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ കുറ്റബോധമാണോ മരണകാരണമെന്നും പൊലീസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകൾ മുഖേനെ വിവരങ്ങൾ ശേഖരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ