ചെന്നെ: രക്തം കൊടുക്കാൻ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന ആളെ കണ്ടിട്ടുണ്ടോ. അങ്ങനെ ഒരാളുണ്ട് കർണാടകക്കാരനായ ആദിത്യ ഹെഗ്ഡേ. കാരണം അപൂർവ്വങ്ങളിൽ അപൂർവ്വമായ എച്ച്.എച്ച് നെഗറ്റീവ് ഗ്രൂപ്പാണ് ആദിത്യന്റേത്. രക്തം കൊടുക്കാമോ എന്ന് ചോദിച്ച് ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ഫോൺകോളുകൾ കിട്ടുന്നത് ആദിത്യയുടെ കാര്യത്തിൽ പതിവാണ്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഗ്രൂപ്പാണ് ആദിത്യനെ തേടി ലോകത്തുടനീളമുള്ള ഇടങ്ങളിൽ നിന്നും പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും അനേകം വിളികൾ ഉണ്ടാകാൻ കാരണം. ഇന്ത്യയിൽ തന്നെ പതിനായിരം പേരിൽ ഒരാൾക്കോ മറ്റോ ആണ് ഈ ഗ്രൂപ്പുള്ളത്. യൂറോപ്പിൽ പത്തുലക്ഷത്തിന് ഒന്നെന്നുമാണ് കണക്ക്.

കഴിഞ്ഞ ഡിസംബർ 18 നും കിട്ടി ചെന്നൈയിൽ നിന്നും 21 കാരിയായ ഒരു ഗർഭിണിക്ക് രക്തം കൊടുക്കാനുള്ള വിളി.വിളി വന്നപ്പോൾ തന്നെ ആലോചിക്കാൻ നിന്നില്ല.സ്വന്തമായി ടിക്കറ്റെടുത്ത ചെന്നൈയിൽ എത്തിയ ആദിത്യ എഗ്മോറിലെ സർക്കാർ ആശുപത്രിയിലേക്ക് പോകുകയും ഒരു യൂണിറ്റ് രക്തം നൽകിയ ശേഷമാണ് ബാംഗ്ളൂരിലേക്ക് ജോലിക്കായി തിരിച്ചു പോയത്. ബംഗലുരുവിൽ പതിവായി രക്തം നൽകുന്നയാളാണ് ആദിത്യ. മറ്റ് നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാൽ താൻ ആർക്കാണ് രക്തം കൊടുക്കുന്നത് പോലും ഇയാൾ അറിയാറില്ല.അർബുദം ബാധിച്ചവർ, ഗർഭിണികൾ തുടങ്ങി അനേകർക്ക് ഇദ്ദേഹം രക്തം നൽകുന്നു. ഈ ഗ്രൂപ്പിൽ രക്തം ആവശ്യമുള്ളവർക്ക് സഹായം എത്തിക്കാൻ ആദിത്യ സങ്കൽപ്പ് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സംഘടനയുമായി പതിവായി ഇയാൾ ബന്ധപ്പെടുന്നു.

2000 മുതൽ രക്തദാനം ചെയ്യുന്ന ഈ ബംഗലുരു കാരൻ ഇതിനകം 55 തവണ രക്തദാനം നടത്തി. ഡൽഹി, ഹൂബ്ളി, ഷിവമോഗ, പാക്കിസ്ഥാൻ, മലേഷ്യ, ശ്രീലങ്ക എന്നിവിങ്ങളിലുള്ളവർക്കെല്ലാം രക്തം നൽകിയിട്ടുണ്ട് ആദിത്യ. ബോംബെ ബ്ളഡ്ഗ്രൂപ്പ് എന്ന പേരിലാണ് എച്ച് എച്ച് നെഗറ്റീവ് രക്തഗ്രൂപ്പ് അറിയപ്പെടുന്നത്. അസാധാരണമായ ഈ രക്തഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത് 1952 ലെ ബോംബെയിലാണ്. അതുകൊണ്ടാണ്ടാണ് ഈ പേര്.