ലഖ്‌നൗ: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങൾ ഏറ്റെടുത്ത് നവീകരിക്കുന്നതിന് ബിജെപി ഘടകങ്ങളോടും ജനപ്രതിനിധികളോടും സർക്കാർ ഉദ്യോഗസ്ഥരോടും ആദിത്യനാഥ് ആവശ്യപ്പെട്ടു.

മോശം അവസ്ഥയിലുള്ള സ്‌കൂളുകൾ ഒരു വർഷത്തിനുള്ളിൽ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണത്തോടെയുള്ള പദ്ധതിക്ക് ആദിത്യനാഥ് രൂപംനൽകുന്നത്. പാർട്ടി ഘടകങ്ങൾ, ജനപ്രതിനിധികൾ എന്നിവരടക്കമുള്ളവരോട് കുറഞ്ഞത് ഒരു വിദ്യാലയമെങ്കിലും ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ വിദ്യാഭ്യാസ നിലവാരത്തിന്റെയും പ്രവർത്തനത്തിന്റെയും കാര്യത്തിൽ വ്യക്തമായ പുരോഗതി ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻകാലങ്ങളിലെ എസ്‌പി, ബിഎസ്‌പി സർക്കാരുകൾ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ വികലമാക്കിയിരിക്കുകയാണ്. വ്യത്യസ്ത കാഴ്ചപ്പാടോടെയാണ് പുതിയ സർക്കാർ വിദ്യാഭ്യാസ രംഗത്തെ സമീപിപിക്കുന്നത്.

ഭാവിയെ മുൻനിർത്തി വിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഇതിന് വലിയ ശ്രമം ആവശ്യമാണ്. വ്യക്തികളും സംഘടനകളും ഓരോ വിദ്യാലയങ്ങളും ഏറ്റെടുക്കുന്നത് ഓരോ വിദ്യാലയത്തിനും ആവശ്യത്തിന് ശ്രദ്ധ ലഭിക്കാൻ സഹായിക്കുമെന്ന് ബിജെപി വക്താവ് ചന്ദ്രമോഹൻ പറഞ്ഞു.