കോഴിക്കോട്: ആദിവാസി ഊരുകളിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിനു മുൻകൂർ അനുമതി നിഷ്‌കർഷിച്ചുകൊണ്ട് പട്ടികവർഗ്ഗ വികസന വകുപ്പ് അടുത്തിടെ പുറത്തിറക്കിയ സർക്കുലർ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്നാണ് സർക്കാർ വാദമെങ്കിലും ഊരുകളിലെ ദുരവസ്ഥ പുറംലോകം അറിയാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നതായിരുന്നു ചർച്ചകൾ. ഇതിന് തെളിവായി ളാഹയിൽ നിന്നൊരു കഥയും.

ശബരിമല പാതയിൽ ളാഹയിലെ വഴിയരികിൽ മഴയത്ത് ഒരു ചക്ക ആർത്തിയോടെ പച്ചയ്ക്കു പങ്കിട്ടു കഴിക്കുകയായിരുന്നു അവർ ആറുപേർ. രണ്ടു പെൺകുട്ടികളും ഒരു കുരുന്നു ബാലനും രണ്ടു യുവതികളും അവരുടെ അമ്മയും ആണ് ദുരിതത്തിൽ. രണ്ടുവയസ്സിലേറെയില്ലാത്ത ബാലന്റെ കൈവിരലുകൾ തണുത്തു വിറയ്ക്കുന്നു. ളാഹ മഞ്ഞത്തോട് കോളനിയിലെ തങ്കയും മക്കളായ ചന്ദ്രമതിയും ഓമനയും അവരുടെ മക്കളും കഷ്ടപ്പാടിലാണ്. ആഹാരമെന്തെങ്കിലും തേടിയിറങ്ങിയതാണ് രണ്ടുകിലോമീറ്റർ ഇപ്പുറത്തേക്ക് ഈ കുടുംബം.

ഒരു മാസം മുൻപ് കിട്ടിയ അരി തീർന്നിട്ട് മൂന്നു ദിവസമായി. വെവ്വേറെ കഴിയുന്ന ഇവരുടെ മൂന്നു വീടുകളിൽ ഒരിടത്ത് റേഷൻകാർഡു തന്നെയില്ല. കാർഡ് ഉള്ളിടത്ത് അരി എന്നു കിട്ടുമെന്ന് ഇതാണ് അവസ്ഥ. കേരളത്തിലെ പട്ടികജാതിക്കാർക്കായുള്ള ഫണ്ടുകൾ പലതും പോയത് നായർ ഭൂ ഉടമകളുടെ അക്കൗണ്ടിലേക്കാണ്. എന്നാൽ പ്രതികളെ ആരേയും പിടിച്ചില്ല. അവർക്കുള്ള സിപിഎം ബന്ധമായിരുന്നു തടസ്സം. ഇതിനിടെയാണ് ആദിവാസികളെ കഷ്ടപ്പെടുത്താൻ പലതരത്തിലെ ഇടപെടൽ സർക്കാരെടുക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തി. തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്തു.

ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തങ്ക കേശവൻ, തങ്കമണി എന്നിവർ ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുവെന്ന് മനസിലായി. ഈ സമയത്ത് ഊരിൽ വന്യമൃഗ ശല്യം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയുമായിരുന്നു. ഈ സാഹചര്യമാണ് കുടുംബത്തെ പ്രതികൂലമായി ബാധിച്ചത് എ്ന്ന് സർക്കാർ പറയുന്നു. എന്നാൽ വാർത്ത എത്തും വരെ സർക്കാർ ഇതൊന്നും അറിഞ്ഞില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പുറം ലോകത്ത് നിന്ന് ആരും ഊരിൽ എത്താത്തതായിരുന്നു ഇതിന് കാരണം.

ആദിവാസി ഊരുകളിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിനു മുൻകൂർ അനുമതി നിഷ്‌കർഷിച്ചുകൊണ്ട് പട്ടികവർഗ്ഗ വികസന വകുപ്പ് അടുത്തിടെ പുറത്തിറക്കിയ സർക്കുലർ ഇത്തരക്കാരുടെ ദുരിതം കൂട്ടും. എല്ലാ സഹായങ്ങളും സർക്കാർ എത്തിക്കുമെന്ന് അവകാശപ്പെടുന്ന സർക്കാർ തന്നെ പലപ്പോഴും ഒന്നും ചെയ്യാതെ കൈയൊഴിഞ്ഞു നിൽക്കുന്ന അവസ്ഥയാണ് ആദിവാസി ഊരുകളിൽ കാണാൻ സാധിക്കുന്നത്. വിവിധ ഊരുകളിൽ പലരും ഇപ്പോഴും തീർത്തും ദുരവസ്ഥയിലാണ് കഴിഞ്ഞു കൂടുന്നത്. ഇവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന് വേണ്ടി ലൈഫ് മിഷൻ വഴി വീടുവെച്ചു കൊടുക്കുമെന്നാണ് സർക്കാറിന്റെ അവകാശവാദം. എന്നാൽ, ഇതൊന്നും മിക്കയിടത്തും വിജയിച്ചിട്ടില്ല.

വയനാട്ടിലെ ആദിവാസി ഊരുകളിലെ മഴക്കാലത്തെ നേർചിത്രം വെളിച്ചത്തു കൊണ്ടുവന്ന് മനോജ് നിരക്ഷരൻ രവീന്ദ്രൻ എന്ന സാമൂഹ്യപ്രവർത്തകൻ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട കാര്യങ്ങൾ സർക്കാർ അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടാണ്. ഷെഡുക്കളിൽ കുടിൽകെട്ടി കഴിയുന്ന ഇക്കൂട്ടർക്ക് മഴനനയാതെ കിടക്കാൻ വേണ്ട ഷീറ്റുകൾക്ക് വേണ്ടു പുറംലോകത്തോട് അഭ്യർത്ഥക്കുന്ന കാഴ്‌ച്ചയാണിത്. മനോജ് പുറത്തുവിട്ട ഓഡിയോയിൽ ഒരു ആദിവാസി സ്ത്രീ സഹായം അഭ്യർത്ഥിച്ചു പ്രദേശത്തെ സാമൂഹ്യപ്രവർത്തകൻ കുഞ്ഞഹമ്മദിനെ വിളിക്കുന്നത് കേൾക്കാം. ഇതു തന്നെയാണ് ളാഹയിലെ പാവങ്ങളുടേയും അവസ്ഥ. അതിവേഗം സർക്കാർ ഇടപെടേണ്ട അവസ്ഥ.

കനത്ത മഴയിൽ വീട് ചോർന്നൊലിക്കുമ്പോഴാണ് യുവതി സഹായം അഭ്യർത്ഥിച്ചു വിളിക്കുന്നത്. ഇക്കാക്കേ... ഒരു ഷീറ്റ് കൊണ്ടെ തരാന്.. നനഞ്ഞിട്ടാ കിടക്കുന്നത്.. പാത്രം വെച്ചിരിക്കയാണ്..അവരെ വിളിച്ചിട്ട് ഒരെണ്ണം ഫോണെടുക്കുന്നില്ലെന്ന് യുവതി പറയുന്നു. മുൻ വർഷങ്ങളിൽ സഹായം എത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. അതുകൊണ്ടായിരുന്നു യുവതി കുഞ്ഞഹമ്മദിനെ സഹായം അഭ്യർത്ഥിച്ചു വിളിച്ചതും. എങ്ങനെയെങ്കിലും ഷീറ്റ് എത്തിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അനുമതി ഇല്ലാതെ വ്യക്തികൾ /സംഘടനകൾ കോളനി സന്ദർശനം, വിവര ശേഖരണം എന്നിവ നടത്തിയാൽ അവ നിർത്തി വയ്‌പ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു സർക്കാർ പുറപ്പെടുവിച്ച ബി21740/22 നമ്പർ സർക്കുലറിൽ നിഷ്‌ക്കർഷിച്ചിരുന്നത്. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചതും. ഇതിനെതുടർന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യങ്ങൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് മറുപടിയായി നൽകിയിട്ടുള്ളത് സാമൂഹ്യ പ്രശ്‌നങ്ങളിൽ ഇടപെട്ടു കൊണ്ട് മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും നടത്തുന്ന ആദിവാസി ഊരു സന്ദർശനം, വിവരശേഖരണം എന്നിവയ്ക്ക് പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ്.

അതേസമയം, മേല്പറഞ്ഞ സർക്കുലർ കൊണ്ട് ഉണ്ടായ ആശയ കുഴപ്പത്തിന് പരിഹാരമായെങ്കിലും പ്രശ്‌നം ഇപ്പോഴും നിലനിൽക്കുകയാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ചൂണ്ടിക്കാട്ടുന്നു. 2022 ഏപ്രിൽ 12ന് ബി21740/22 നമ്പർ സർക്കുലർ പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യപ്രവർത്തകർ ശക്തമായ വിമർശനമുയർത്തിയിരുന്നു. ആദിവാസികളുടെ മർദ്ദിതാവസ്ഥയെ ഒന്നുകൂടി ഉറപ്പിക്കുന്നതും പൊതുസമൂഹത്തിൽ നിന്ന് അവരെ അകറ്റി നിർത്തുന്നതിനും സാമൂഹ്യവികാസത്തിന്റെ ഫലങ്ങളിൽ നിന്ന് അവരെ അകറ്റുന്നതിനും ഈ സർക്കുലറിലെ വ്യവസ്ഥ കാരണമാകുന്നുവെന്നതായിരുന്നു പ്രധാന വിമർശനം.