- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം വിട്ടു കിട്ടാൻ വിമാനത്താവളത്തിൽ എത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ അറബി; പ്രവാസി മലയാളി എല്ലാം നോക്കുമെന്ന് സ്വപ്നയ്ക്ക് ആത്മവിശ്വാസം നൽകിയ നയതന്ത്ര ഉദ്യോഗസ്ഥൻ; ഒടുവിൽ എല്ലാ നയതന്ത്ര പരിരക്ഷയും റദ്ദാക്കിയും ഐഡി കാർഡ് തിരിച്ചെടുത്തും യുഎഇയുടെ നടപടി; അറ്റാഷയെ അറസ്റ്റ് ചെയ്യാൻ എൻഐഎയും; സ്വർണ്ണ കടത്തിൽ യുഎഇ പൂർണ്ണ സഹകരണത്തിന്
തിരുവനന്തപുരം: സ്വർണ്ണ കടത്ത് അന്വേഷണത്തിൽ യഎഇയുടെ പൂർണ്ണ സഹകരണം. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ കേരളത്തിൽ നിന്നു ഡൽഹി വിമാനത്താവളം വഴി ദുബായിലേക്കു പോയ യുഎഇ കോൺസുലേറ്റ് അഡ്മിൻ അറ്റാഷെ റാഷിദ് ഖമീസ് അലിക്കെതിരെ ദുബായ് സർക്കാരിന്റെ നിർണ്ണായക നടപടി.
ഇദ്ദേഹത്തിന്റെ എല്ലാ നയതന്ത്ര പരിരക്ഷയും റദ്ദാക്കിയെന്നും നയതന്ത്ര ഐഡി കാർഡ് തിരിച്ചെടുത്തതായും കേരളത്തിലെ പ്രോട്ടോക്കോൾ വിഭാഗത്തെ യുഎഇ വിദേശകാര്യ വകുപ്പ് അറിയിച്ചു. നയതന്ത്ര പരിരക്ഷ ഇല്ലാതായതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് അനുമതി ലഭിച്ചേക്കും. എൻഐഎ സംഘം വീണ്ടും ദുബായിലേക്കു പോകാനൊരുങ്ങുകയാണ്. അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. സ്വർണ്ണ കടത്തിലെ അതിനിർണ്ണായക നീക്കമാണ് ഇത്.
കോൺസുൽ ജനറലിനും അറ്റാഷെയ്ക്ക് എതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നു. ഈ പശ്ചാത്തലത്തിൽ യുഎഇ സമാന അന്വേഷണങ്ങളും നടത്തി. ഇതിന് ശേഷമാണ് സഹകരണത്തിന്റെ സൂചന യുഎഇ നൽകുന്നത്. ഇത് കേസിൽ അതിനിർണ്ണായകമാണ്. സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കുമെന്നു യുഎഇ ഇന്ത്യയെ അറിയിച്ചിട്ടുമുണ്ട്. ദുബായിൽ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്.
കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി ലോക്ഡൗണിനെ തുടർന്നു നാട്ടിലേക്കു മടങ്ങിയ സമയത്തു കോൺസുലേറ്റിന്റെ ചുമതല വഹിച്ച അഡ്മിൻ അറ്റാഷെ ആയിരുന്നു റാഷിദ് അലി. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയതു പിടികൂടുന്നത് ജൂലൈ 5 നാണ്. ജൂൺ 30 ന് വന്ന ബാഗേജ് രഹസ്യവിവരത്തെ തുടർന്നു കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ സ്വപ്നയും സംഘവും അതു വിട്ടുകിട്ടാൻ എല്ലാ ശ്രമവും നടത്തി. റാഷിദ് അലി നേരിട്ട് വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരോടു തട്ടിക്കയറി. എന്നാൽ, കസ്റ്റംസ് വഴങ്ങിയില്ല.
അറ്റാഷെയുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. പ്രമുഖ പ്രവാസി വ്യവസായിക്ക് നേരെ വിരൽ ചൂണ്ടുന്ന ചില മൊഴികൾ സ്വപ്നാ സുരേഷ് നൽകിയിരുന്നു. അറ്റാഷെയും ഇത്തരം കാര്യങ്ങൾ പറയുമോ എന്നതാണ് വസ്തുത. സ്വർണ്ണ കടത്ത് പിടിക്കപ്പെട്ട ശേഷം 6 ദിവസത്തിനു ശേഷം 11 ന് ഡൽഹിയിലേക്കെന്നു പറഞ്ഞു പോയ അറ്റാഷെ അതു വഴി ദുബായിലേക്കു പോയി. അറ്റാഷെയെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന വിവാദവുമുയർന്നു. നയതന്ത്ര പരിരക്ഷയുള്ള ഇയാളെ തടയാൻ കഴിയില്ലെന്നാണ് അന്നു വിദേശകാര്യ വകുപ്പും അന്വേഷണ ഏജൻസികളും വ്യക്തമാക്കിയത്.
ഇതിന് ശേഷം യുഎഇയുമായി വിദേശകാര്യ മന്ത്രാലയം ചർച്ചകൾ നടത്തി. ഇതിനൊടുവിലാണ് അറ്റാഷെയെ കിട്ടുന്നത്. അതിനിടെ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഖാലിദിനെ ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള ശ്രമം വിദേശകാര്യ വകുപ്പ് ഊർജിതപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷൻ കിട്ടിയ 3.25 കോടി രൂപ ഡോളറാക്കി ഖാലിദും സ്വപ്നയും സരിത്തും കൂടി വിദേശത്തേക്കു കടത്തിയെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഖാലിദിനെ കൊണ്ടുവരാനായാൽ അന്വേഷണം കൂടുതൽ വ്യക്തമായി നീങ്ങും.
കോഴ ഇടപാടുകളിലൂടെ നേടിയ പണം വിദേശ കറൻസിയായി വിദേശത്തേക്കു കടത്തിയ കേസിലാണ് ഖാലിദിനെ പ്രതി ചേർത്തത്. യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഖാലിദ് അലി ഷൗക്രിക്കെതിരെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായ ഖാലിദിനു നയതന്ത്ര പരിരക്ഷയില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഖാലിദിനെ പ്രതിചേർക്കാൻ കസ്റ്റംസിനു കോടതി അനുവാദം നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ