- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിച്ച് കല്യാണം; കോവിഡായപ്പോൾ കുട്ടിയുടെ പഠനം ട്യൂഷൻ ക്ലാസിൽ; പാഠഭാഗങ്ങൾ എഴുതിച്ചപ്പോൾ അറിയില്ല; എട്ടു വയസുകാരന് ശിക്ഷ ചട്ടുകം ചൂടാക്കി വയ്ക്കൽ; ഹോട്ടൽ ജീവനക്കാരുടെ ഇടപെടലിൽ തെളിഞ്ഞത് ശരീരമാസകലം പാടുകൾ; അടൂരിൽ മൂന്നാം ക്ലാസുകാരനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ
അടൂർ: ട്യൂഷൻ ക്ലാസിൽ പഠിപ്പിച്ച പാഠഭാഗങ്ങൾ ചോദിപ്പോൾ ശരിക്ക് അറിയില്ല എന്ന കാരണത്താൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ടു വയസുള്ള മകനെ ചട്ടുകം വച്ച് പൊള്ളിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഹോട്ടൽ തൊഴിലാളിയാണ് അമ്മ. അച്ഛൻ കൂലിപ്പണിക്കാരനാണ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. പള്ളിക്കലിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. കഴിഞ്ഞ 30 ന് വൈകിട്ട് ചട്ടുകം ചൂടാക്കി വലതു കാലിന്റെ പൊത്തയ്ക്ക് പൊള്ളലേൽപ്പിച്ചുവെന്നാണ് മാതാവ് പൊലീസിന് നൽകിയ മൊഴി.
സ്‌കൂളില്ലാത്തതിനാൽ കുട്ടിയെ സമീപത്തെ വീട്ടിൽ ട്യൂഷന് അയയ്ക്കുന്നുണ്ട്. അച്ഛൻ ജോലിക്ക് പോയപ്പോൾ കുറച്ച് പാഠഭാഗങ്ങൾ മകനെ പഠിക്കാൻ ഏൽപിച്ചിരുന്നു. വൈകിട്ട് തിരിച്ചു വന്ന് എഴുതിച്ചപ്പോൾ അറിയാതെ വന്നപ്പോൾ ചട്ടുകം പൊള്ളിച്ച് വയ്ക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ അമ്മ കുട്ടിയുടെ പൊള്ളൽ കണ്ടെങ്കിലും കാര്യമാക്കിയില്ല. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് തേച്ചു കൊടുത്തു.
പിറ്റേന്ന് അമ്മ ജാലി ചെയ്യുന്ന ഹോട്ടലിൽ വച്ച് ഉടമയോടും മറ്റും ഇക്കാര്യം പറഞ്ഞു. അവരാണ് വിവരം ചൈൽഡ് ലൈനിനെ അറിയിക്കാൻ പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി മാതാവിനെയും മകനെയും വിളിച്ചു വരുത്തി മൊഴി എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ദീപാ ഹരി നടത്തിയ പരിശോധനയിൽ കുട്ടിയുടെ പുറത്തും ചന്തിക്കും മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റ പാടുകൾ കണ്ടെത്തി.
പഠിക്കുന്നില്ലെന്ന പേരിൽ അച്ഛൻ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ചട്ടുകം പൊള്ളിച്ച് ശരീരത്ത് വയ്ക്കുന്നതായിരുന്നു പതിവ്. പിതാവ് കുട്ടിയെ ഉപദ്രവിക്കുന്ന വിവരം മാതാവും ഗൗരവത്തിൽ എടുത്തിരുന്നില്ല. ഇതു കാരണം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി ഏറ്റെടുത്തിരിക്കുകയാണ്.
കമ്മറ്റിയുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോൾ ഉള്ളത്. കുട്ടിയെ കൗൺസിലിങിന് വിധേയമാക്കുകയാണ്. കൂടുതൽ വിവരങ്ങൾ അതിന് ശേഷം മാത്രമേ അറിയുകയുള്ളൂ. അറസ്റ്റിലായ അച്ഛനെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്