- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് സുഹൃത്തിന്റെ സഹോദരിയുടെ വീട്ടുമുറ്റത്ത് കാറിൽ കിടന്നുറങ്ങി; പുലർച്ചെ നോക്കുമ്പോൾ മൂക്കിൽ നിന്ന് ചോരയൊഴുകി മരിച്ച നിലയിൽ: അടൂരിൽ യുവാവ് മരിച്ചത് ഇങ്ങനെ
അടൂർ: മദ്യലഹരിയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് തലയിടിച്ച് വീണ യുവാക്കൾ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് കാറിൽ കിടന്നുറങ്ങി. പുലർച്ചെ നോക്കുമ്പോൾ മൂക്കിൽ നിന്ന് ചോര വാർന്ന് ഒരാൾ മരിച്ച നിലയിൽ. ദുരൂഹതയില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈപ്പട്ടൂർ പുത്തൻവീട്ടിൽ ചന്ദ്രകുമാറിന്റെ മകൻ സുധീഷ് (25) ആണ് മരിച്ചത്.
കൈപ്പട്ടൂർ സ്വദേശി വിജിത്തിനൊപ്പം അടൂർ ചിരണിക്കൽ ലക്ഷം വീട് കോളനിയിലേക്ക് വരുമ്പോൾ ബുധനാഴ്ച രാത്രി പത്തരയോടെ പത്തനംതിട്ട-അടൂർ റോഡിൽ ആനന്ദപ്പള്ളി റോഡിൽ പന്നിവിഴ സെന്റ് ജോൺസ് സ്കൂളിന് സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തലയിടിച്ചാണ് സുധീഷ് വീണത്. ഇരുവരും എഴുന്നേറ്റ് ഇരുന്നെങ്കിലും വാഹനം ഓടിച്ചു പോകാൻ കഴിയുമായിരുന്നില്ല.
വിജിത്ത് ഏറെ നാളായി ചിരണിക്കൽ ലക്ഷംവീട് കോളനിയിലുള്ള പെങ്ങളുടെ വീട്ടിലാണ് താമസം. സ്വയം വാഹനം ഓടിച്ചു പോകാൻ കഴിയില്ലെന്ന് വന്നപ്പോൾ വിജിത്ത് ഒരു കൂട്ടുകാരനെ വിളിച്ചു വരുത്തി. ഒരു കാറിൽ രണ്ടു കൂട്ടുകാരാണ് വന്നത്. അതിലൊരാൾ അപകടത്തിൽപ്പെട്ട സ്കൂട്ടർ എടുത്തു. വിജിത്തും സുധീഷും കാറിലും കയറി. ആശുപത്രിയിൽ പോകാമെന്ന് സുഹൃത്തുക്കൾ പറഞ്ഞെങ്കിലും തങ്ങൾക്കൊരു കുഴപ്പവുമില്ലെന്നാണ് ഇരുവരും പറഞ്ഞത്.
അപകടം നടന്ന സ്ഥലത്ത് വച്ച് സുധീഷ് ഛർദിക്കുകയും ചെയ്തിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചതു കൊണ്ടാകാം ഛർദിച്ചത് എന്നാണ് മറ്റുള്ളവർ കരുതിയത്. വിജിത്തിന്റെ സഹോദരിയുടെ വീടിന് സമീപം കാർ പാർക്ക് ചെയ്ത് മൂവരും അതിൽ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ മറ്റുള്ളവർ എണീറ്റ് നോക്കിയപ്പോഴാണ് സുധീഷ് ചലനമറ്റ് കിടക്കുന്നത് കണ്ടത്.
മൂക്കിലൂടെ ചോര ഒഴുകി ഇറങ്ങിയിരുന്നു. ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നടന്നിട്ട് മണിക്കൂറുകൾ ആയെന്ന് ഡോക്ടർമാർ വിധിയെഴുതി. അപകടത്തിൽ തലയ്ക്കേറ്റ പരുക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. മറ്റു ദുരൂഹതകൾ ഒന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്