പത്തനംതിട്ട: അടൂരിൽ സിപിഐ(എം) ഓഫീസിനു തീയിട്ടത് സിപിഐ(എം) പ്രവർത്തകർ തന്നെയെന്ന് പൊലീസിനു വിവരം ലഭിച്ചു. സംസ്ഥാന സമ്മേളനം കഴിഞ്ഞതിനുശേഷം ഇവരെ അറസ്റ്റ് ചെയ്യാൻ ധാരണയായതായി അറിയുന്നു. മൂന്നംഗംസംഘമാണ് ഓഫീസ് തീവച്ചതെന്നും സംസ്ഥാന സമ്മേളനത്തിനുശേഷം ഇവർക്കെതിരേ നടപടി എടുത്ത് മുഖം രക്ഷിക്കുമെന്നുമാണ് ചില നേതാക്കൾ രഹസ്യമായി പറയുന്നത്. കഴിഞ്ഞ ജനുവരി 30 നു പുലർച്ചെയാണ് ഓഫീസിനു തീയിട്ടത്.

അലമാര, ടി.വി., ഫ്‌ളക്‌സ് ബോർഡ്, ഓഫീസ് രേഖകൾ എന്നിവ പൂർണമായും കത്തിനശിച്ചിരുന്നു. ഇതിന്റെ പേരിൽ സിപിഎമ്മുകാർ അടൂരിലുണ്ടാക്കിയ പുകിൽ ചില്ലറയായിരുന്നില്ല. ഹർത്താലും പ്രകടനവും നടത്തി. ആർ.എസ്.എസ്-ബിജെപി പ്രവർത്തകരാണ് ഓഫീസിനു തീയിട്ടത് എന്നാരോപിച്ച് പ്രകടനം നടത്തിയവർ അവരുടെ ഫ്‌ളക്‌സ് ബോർഡ് തകർത്തു. പടമെടുക്കാനെത്തിയ മാദ്ധ്യമപ്രവർത്തകരെ മർദിക്കുകയും ചെയ്തു. ബിജെപിക്കെതിരേ വൻ പ്രചാരണം അഴിച്ചുവിട്ടു.

സംഭവം നടന്നതിന്റെ പിറ്റേന്നു തന്നെ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസ് കത്തിച്ചത് സിപിഎമ്മുകാർ തന്നെയാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണു കാരണമെന്നും അവർ കണ്ടെത്തിയിരുന്നു. എന്നാൽ, ലോക്കൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്യാൻ തയാറായില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാകാനിടയുള്ള ഭരണമാറ്റം അപ്പോൾ പുലിവാലാകരുതെന്ന് കരുതി ഇവർ നേതാക്കളെ വിവരം അറിയിച്ച് മാറി നിൽക്കുകയായിരുന്നു. ഇനി നേതാക്കൾ ചുണ്ടിക്കാണിക്കുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്ത് നാണക്കേട് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.

മുൻ ഓഫീസ് സെക്രട്ടറിയടക്കം മൂന്നുപേരെയാണ് തീവയ്പുകേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതേപ്പറ്റി പ്രതികരിക്കാൻ പാർട്ടി നേതൃതം തയാറാകുന്നുമില്ല. മൊത്തം 34 പേരെ ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇതിനുശേഷം ചേർന്ന ഏരിയാ കമ്മിറ്റി യോഗം കുറ്റക്കാർക്കെതിരേ നടപടിക്ക് ശിപാർശ ചെയ്തിരുന്നു. അറസ്റ്റിനു മുൻപ് നടപടി വേണമെന്നായിരുന്നു ഏവരുടെയും അഭിപ്രായം.
മുൻഏരിയാ കമ്മിറ്റിയുടെ സമയത്ത് ഉണ്ടായിരുന്ന രേഖകൾ നശിപ്പിക്കാനായിട്ടാണ് തീവച്ചതെന്നുപറയുന്നു. ഡിവൈഎഫ്ഐയുടെ മൂൻനേതാക്കൾ അടക്കമുള്ളവരെയാണ് പ്രതിപ്പട്ടികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആലപ്പുഴയിൽ കൃഷ്ണപിള്ള സ്മാരകം തകർത്തതിന്റെ തനിയാവർത്തനമാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. കൃഷ്ണപിള്ള സ്മാരകം തകർത്തതിനു പാർട്ടിക്കാർ തന്നെ അറസ്റ്റിലായപ്പോൾ അതു സിപിഎമ്മിലുണ്ടാക്കിയ കലഹം ഇതുവരെ തീർന്നിട്ടില്ല. അതേ പോലെ ഇവിടെയും ആകാനാണ് സാധ്യത.