പത്തനംതിട്ട: കോന്നിയിലെ മൂന്നു വിദ്യാർത്ഥിനികളുടെ ദുരൂഹമരണത്തിന്റെ പേരിൽ അടൂർ ഡിവൈ.എസ്‌പിയെ തെറിപ്പിക്കാനുള്ള മന്ത്രി അടൂർ പ്രകാശിന്റെ നീക്കത്തിന് തിരിച്ചടി. ഐ ഗ്രൂപ്പ് നേതാവും മന്ത്രി രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയുമായ കെപിസിസി സെക്രട്ടറി ഇടപെട്ട് അടൂർ ഡിവൈ.എസ്‌പി എ. നസിമിന്റെ സ്ഥലംമാറ്റ ഉത്തരവ് മുളയിലേ നുള്ളി.

ഡി.സി.ആർ.ബിയിലേക്കായിരുന്നു നസിമിനെ മാറ്റിയിരുന്നത്. പകരം ആറ്റിങ്ങലിൽനിന്നുള്ള മധുസൂദനനെ അടൂരിലേക്കു പോസ്റ്റും ചെയ്തു. വിവരം മണത്തറിഞ്ഞ ഡിവൈ.എസ്‌പി, കെപിസിസി സെക്രട്ടറിയെ സമീപിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തനിക്ക് സ്ഥലംമാറ്റമാണ് എന്നറിയിച്ചു കൊണ്ട് ജില്ലയിലെ മാദ്ധ്യമപ്രവർത്തകർക്ക് ഡിവൈ.എസ്‌പി എസ്.എം.എസ്, വാട്ട്‌സാപ്പ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മാദ്ധ്യമപ്രവർത്തകർ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും എടുത്തില്ല. സ്ഥലംമാറ്റപ്പട്ടികയിൽനിന്ന് തന്റെ പേരു മാറ്റിയെന്നു ബോധ്യമായതിനു ശേഷമാണ് ഫോൺകോളുകൾ അറ്റൻഡ് ചെയ്യാൻ തുടങ്ങിയത്.

മന്ത്രി അടൂർ പ്രകാശിന്റെ കൂടി താൽപര്യപ്രകാരമാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുൻപ് നസിമിനെ അടൂരിൽ പോസ്റ്റ് ചെയ്തത്. നേരത്തേ എസ്.എസ്.ബി ഡിവൈ.എസ്‌പിയായിരുന്നു നസിം. എന്നാൽ, പ്രതീക്ഷിച്ച പോലെ ഒരു പ്രകടനം അടൂരിൽ നടത്താൻ നസിമിനായില്ലെന്നു മാത്രമല്ല മണ്ണ്-പാറ ലോബികൾ പിടിമുറുക്കുകയും ചെയ്തു. മറ്റു പൊലീസുകാർക്കൊപ്പം ഡിവൈ.എസ്‌പിയും ആരോപണവിധേയനായി. ഇതിനിടെ കോൺഗ്രസ് ഗ്രൂപ്പുകൾക്കും ഇദ്ദേഹം അപ്രിയനായി. കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ആതിര, രാജി, ആര്യ എന്നീ പെൺകുട്ടികളുടെ തിരോധാനവും തുടർന്നുണ്ടായ ആത്മഹത്യയും മൂലം നഷ്ടമായ മുഖം തിരിച്ചു പിടിക്കാൻ മന്ത്രി അടൂർ പ്രകാശിന്റെ ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് അടൂർ ഡിവൈ.എസ്‌പി എ. നസീമിനെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസം ഒമ്പതിനാണ് മൂന്നു പെൺകുട്ടികളെ കാണാതായത്. അന്നു തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കോന്നി സിഐ സജിമോന്റെ മണ്ടത്തരം കാരണം ഇവരെ കണ്ടെത്തുന്നതിൽ വീഴ്ച വന്നു. തുടർന്ന് 13 ന് പെൺകുട്ടികൾ മൂവരും ഐലൻഡ് എക്സ്‌പ്രസിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലക്കിടിയിലെ റെയിൽവേ ട്രാക്കിൽ ആതിരയുടെയും രാജിയുടെയും മൃതദേഹവും ആര്യയെ പരുക്കേറ്റ നിലയിലും കാണപ്പെട്ടു. 21 ന് ചികിൽസയിലിരുന്ന ആര്യയും കൂടി മരിച്ചതോടെ ദുരന്തം പൂർണമായി.

തന്റെ മണ്ഡലത്തിൽ അംഗൻവാടി, പഞ്ചായത്ത് റോഡ് എന്നിവ വരെ ഉദ്ഘാടനം ചെയ്യാൻ ഓടിയെത്തുന്ന മന്ത്രി അടൂർ പ്രകാശിനെ മാത്രം ദുരന്തത്തിന് ഇരയായ പെൺകുട്ടികളുടെ വീടുകളിൽ കണ്ടില്ല. ഐ.ജി. മനോജ് ഏബ്രഹാം വിവാദ പ്രസ്താവന നടത്തി പുലിവാലു പിടിച്ചതിനു ശേഷമായിരുന്നു മന്ത്രിയുടെ ആഗമനം. ഇതോടെ ഈ വിഷയത്തിൽ മന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റു. പിന്നാലെ അനേ്വഷണസംഘത്തെ മാറ്റിപ്പിടിച്ചെങ്കിലും രക്ഷയില്ലാതെ വന്നു. തക്കം പാർത്തിരുന്ന ബിജെപിയും എൽ.ഡി.എഫും കളം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി. മന്ത്രിയുടെ നിലപാടുകൾ കോന്നിയിലെ ജനങ്ങളുടെ ഇടയിലും വിമർശനത്തിന് കാരണമായി. ഇതോടെ എന്തെങ്കിലും കാട്ടിക്കൂട്ടി മുഖം രക്ഷിക്കാനുള്ള തിടുക്കമായി.

യഥാർഥത്തിൽ ഈ കേസിലെ അനേ്വഷണ ഉദ്യോഗസ്ഥൻ സി.ഐ സജിമോനാണ്. മന്ത്രിയുടെ അടുത്തയാളായതിനാൽ സജിമോന്റെ തൊപ്പി തലയിൽ ഭദ്രമാണ്. പിന്നെ ചെയ്യാനുള്ള ഏക വഴി സബ്ഡിവിഷന്റെ ചുമതലയുള്ള ഡിവൈ.എസ്‌പിയെ തെറിപ്പിക്കുക എന്നതായിരുന്നു. അങ്ങനെയാണ് അടൂർ ഡിവൈ.എസ്‌പി എ. നസിമിനെ തെറിപ്പിച്ചു കൊണ്ട് പട്ടിക തയാറായത്. ഇദ്ദേഹം ഇതിനു മുൻപു തന്നെ തെറിക്കേണ്ടതായിരുന്നുവെന്നാണ് ഇവിടെയുള്ള പൊലീസുകാർ പറയുന്നത്. സബ് ഡിവിഷന് കീഴിലുള്ള പല പ്രമാദ കേസുകളിലും നടപടിയെടുക്കുന്നതിൽ ഇദ്ദേഹത്തിന് വീഴ്ച പറ്റി.

ഒരു വർഷം മുമ്പ് പന്തളം സ്റ്റേഷൻ അതിർത്തിയിലെ കുളനടയ്ക്കടുത്ത് പൈവഴിയിൽ കാരംവേലി സ്വദേശിനി സരോജിനി എന്ന വീട്ടമ്മയെ കൊന്നു വഴിയിൽ തള്ളിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ അനേ്വഷണച്ചുമതലയുള്ള നസീമിന് കഴിയാതിരുന്നതും വിമർശിക്കപ്പെട്ടു. സരോജിനിയെ മൃഗീയമായിട്ടാണ് കൊലപ്പെടുത്തിയത്. ഇരുകൈകളും വെട്ടിമാറ്റിയിരുന്നു. അടൂരിലെ മണ്ണു മാഫിയയ്ക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയെന്നും നസീമിനെതിരേ ആരോപണം വന്നിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ ലോറിയും മണ്ണു കടത്തിനുണ്ടായിരുന്നു.

അന്നൊക്കെ ഡിവൈ.എസ്‌പിയെ സംരക്ഷിച്ചിരുന്നതും മന്ത്രി അടൂർ പ്രകാശും ഒരു കെപിസിസി സെക്രട്ടറിയും ചേർന്നായിരുന്നു. അടുത്ത കാലത്താണ് ഡിവൈ.എസ്‌പി മന്ത്രിക്ക് അനഭിമതനായത്.