കൊല്ലം: കഴിഞ്ഞയാഴ്ച അടൂർ താലൂക്കിൽ മാത്രമായി ഒരു ഭൂചലനമുണ്ടായി. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഭൂമി വിണ്ടു കീറി. നിലതെറ്റി പലരും വീണു. എന്നാൽ ഇങ്ങനെ ഒരു ഭൂചലനം ഭൂകമ്പ മാപിനിയിൽ കണ്ടില്ല. അപ്പോൾ തന്നെ പരിസ്ഥിതി വാദികളും ഭൗമശാസ്ത്രജ്ഞരും വിധിയെഴുതി ഇത് മണ്ണെടുപ്പിന്റെയും ക്വാറി പ്രവർത്തനങ്ങളുടെയും അനന്തരഫലമാണ്. പക്ഷേ, ഈ വിധിയെഴുത്ത് കണ്ട് കുലുങ്ങില്ല താലൂക്കിലെ മണ്ണു മാഫിയയും ജില്ലാ ജിയോളജിസ്റ്റും അടൂർ പൊലീസും. അവർ നിർബാധം മണ്ണെടുത്തു കടത്തിക്കൊണ്ടേയിരിക്കുന്നു. പത്തനംതിട്ട ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ വിവരം മറച്ചു വച്ചു.

പക്ഷേ, കൊല്ലത്തു നിന്നുള്ള സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് വിഭാഗം കള്ളക്കളി മുഴുവൻ പൊളിച്ചു. അടൂരിലെ അതീവ ഗുരുതരമായ അവസ്ഥയെ കുറിച്ച് അവർ ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകി. വിവരം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണം. എന്നാൽ, അന്വേഷണ വിവരങ്ങൾ ചോർത്താൻ സ്പെഷൽ ബ്രാഞ്ച് പൊലീസിൽ തന്നെ ആളും റെഡി. വിപുലമായ മുന്നൊരുക്കങ്ങളോടെയാണ് അടൂരിൽ മണ്ണു ഖനനം വീണ്ടും സജീവമായത്. ഇതിനായി മണ്ണു മാഫിയ ബന്ധമുള്ള പൊലീസുകാരെ തൂത്തു വാരി അടൂരിലേക്ക് കൊണ്ടു വരികയാണ് ചെയ്തത്. പന്തളം സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു ഡ്രൈവർ, സ്പെഷൽ ബ്രാഞ്ചിലെ പൊലീസുകാരൻ എന്നിവർ അങ്ങനെ എത്തിയവരാണ്.

ഇതിന് പുറമേ ചില പൊലീസുകാരെയും ഇതിനായി നിയോഗിച്ചു. മേലുദ്യോഗസ്ഥരുടെ താൽപര്യ പ്രകാരമായിരുന്നു ഈ നിയമനം. സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ അടക്കമുള്ളവരുടെ മനസറിവോടെ നടന്ന നിയമനത്തിന് പിന്നാലെയാണ് താലൂക്കിൽ മണ്ണു ഖനനം വീണ്ടും സജീവമായത്. ജില്ലാ ജിയോളജിസ്റ്റ് കൈക്കൂലിക്കേസിൽ സസ്പെൻഷനിലാകുന്നതിന് മുൻപ് വാരിക്കോരി പാസ് നൽകിയിരുന്നു. പുതുതായി വന്ന ജിയോളജിസ്റ്റും ഇക്കാര്യത്തിൽ ഒട്ടും പിശുക്ക് കാട്ടിയില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ പരിശോധിക്കാതെ നീട്ടി വലിച്ച് അനുമതി നൽകി. പാസിന്റെ പിൻബലത്തിലായിരുന്നു മണ്ണു കടത്ത്. അനുവദനീയമായതിൽ അധികം ലോഡു കടത്തുന്നതിനാണ് പൊലീസിന് പടി കിട്ടുന്നത്. താഴെ നിന്ന് മുകളിലേക്ക് പ്രോട്ടോക്കോൾ അനുസരിച്ചാണ് പടി.

മണ്ണു മാഫിയയ്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ രംഗത്ത് മുൻ പരിചയമുള്ളവരെ തെരഞ്ഞു പിടിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവർ ആക്കിയത്. ഇങ്ങനെ നിയമിതനായ ഒരു പൊലീസുകാരന് സ്വന്തമായി ജെസിബിയും ടിപ്പറുമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇയാൾക്ക് വേണ്ടി ബിനാമികളാണ് ഇവ കൈകാര്യം ചെയ്യുന്നത്. പൊലീസ്-മണ്ണു മാഫിയ ബന്ധം പുറത്തു വന്നതോടെ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരന്റെ തനിനിറവും പുറത്തായി. രഹസ്യ വിവരം ശേഖരിക്കാനെന്ന വണ്ണം മാധ്യമ പ്രവർത്തകരെ വിളിക്കുന്ന ഇയാൾ കിട്ടുന്ന സൂചനകൾ മണ്ണു മാഫിയയ്ക്കും ാെലീസിലെ ഒറ്റുകാർക്കും കൈമാറുകയാണ് ചെയ്തിരുന്നത്. ഡബിൾ ഗെയിം പിടികിട്ടിയതോടെ മാധ്യമ പ്രവർത്തകർ ഇയാളെ ഒഴിവാക്കിയിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥരും സംശയ നിഴലിൽ തന്നെയാണ്. ഒരു ഉദ്യോഗസ്ഥൻ ആറു നമ്പരുകൾ വരെ ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഇതിൽ മണ്ണുകാർക്ക് വേണ്ടി പ്രത്യേകം നമ്പർ നൽകിയിട്ടുണ്ട്. പൊലീസിന്റെ അവിഹിത ഇടപെടൽ വാർത്തയായതോടെ മത്സരിച്ച് ലോറി പിടിക്കാനും ഉദ്യോഗസ്ഥർ രംഗത്തിറങ്ങി. ഡിവൈഎസ്‌പി ഒരു ലോറി പിടിച്ചാൽ ഇൻസ്പെക്ടർ രണ്ടെണ്ണം പിടിക്കും. ഇതിനിടയിൽ എസ്ഐയും സംഘടിപ്പിക്കും ഒരെണ്ണം. തങ്ങൾ സത്യസന്ധരാണെന്ന് കാണിക്കുന്നതിന് വേണ്ടിയാണ് പൊലീസുകാർ മത്സരിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. ഇതിനിടെ മണ്ണു മാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥർ തെറിക്കുമെന്നും സൂചനയുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് അനഭിമതനായ ഒരു ഉദ്യോഗസ്ഥനെ മാറ്റാനുള്ള നീക്കം നടക്കുകയാണ്. അടൂരിൽ ഡിവൈഎസ്‌പിക്ക് പകരം ഐപിഎസുകാരെ എഎസ്‌പിയാക്കി നിയമിക്കുമെന്നാണ് അറിയുന്നത്.

മണ്ണു മാഫിയ പൊലീസ് അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് ജില്ലാ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയാലുടൻ കർശന നടപടി സ്വീകരിക്കുമെന്ന് എസ്‌പി ടി നാരായണൻ പറഞ്ഞു. മണ്ണു മാഫിയ പൊലീസ് കൂട്ട് കെട്ട് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി നടത്തുന്നത്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൊബൈൽ ഫോണിലേക്ക് വന്നതും വിളിച്ചതുമായ നമ്പരുകളുടെ വിവരങ്ങൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ചു വരികയാണ്. പള്ളിക്കൽ പഞ്ചായത്ത് പ്രദേശത്ത് വ്യാപകമായി നടക്കുന്ന മ ണ്ണെടുപ്പിനെതിരെ ലോക്കൽ പൊലീസിന്റെ നടപടി പ്രഹസനമാകുന്നതായി പരാതി ഉയർന്നിരുന്നു.

ലോക്കൽ പൊലീസ് അറിയാതെ സം സ്ഥാന രഹസ്യാന്വേഷണ വിഭാഗം രണ്ട് മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മണ്ണെടുപ്പ് അതിന്റെ പാരമ്യത്തിലെത്തിയിട്ടും ഇത് സംബന്ധിച്ച യാതൊരു റിപ്പോർട്ടും മേലുദ്യോഗസ്ഥർക്ക് നൽകാതിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥർ അടൂർ കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്തുന്നുമുണ്ട്. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് മണൽ കടത്ത് നടക്കുന്നത്.