പത്തനംതിട്ട: കൊല്ലാനും തല്ലാനും ക്വട്ടേഷൻ കൊടുത്തുവെന്ന് അടൂർ പ്രകാശ് എംഎൽഎയും എതിർപക്ഷവും പരസ്പരം ആരോപിക്കുന്ന കോന്നിയിൽ ആർക്കെതിരേയും നടപടി സ്വീകരിക്കാൻ കഴിയാതെ ഡിസിസി, കെപിസിസി നേതൃത്വങ്ങൾ വിയർക്കുന്നു. തനിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് എതിരേ കേസ് നൽകാൻ അടൂർ പ്രകാശ് ഡിസിസിയുടെ അനുമതി തേടിയപ്പോൾ, അടൂർ പ്രകാശിനെതിരേയുള്ള വിജിലൻസ് കേസുകളിൽ കക്ഷി ചേരാൻ അനുവാദം നൽകണമെന്ന് കാട്ടി എതിർ വിഭാഗവും അപേക്ഷ നൽകിയിട്ടുണ്ട്.

അരുവാപ്പുലം മണ്ഡലം പ്രസിഡന്റ് ജി. ശ്രീകുമാറിനെതിരെ ക്വട്ടേഷൻ ഭീഷണി മുഴക്കിയത് മുൻ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഹരിദാസ് ഇടത്തിട്ടയാണ്. അടൂർ പ്രകാശിന്റെ സന്തതസഹചാരിയാണ് ശ്രീകുമാർ. ഹരിദാസിന്റെ ഭീഷണിക്ക് ഇതാണ് കാരണമായത്. ക്വട്ടേഷൻ ഭീഷണിയുടെ ഫോൺ ശബ്ദരേഖ മറുനാടൻ പുറത്തു വിട്ടതോടെ തന്നെ വധിക്കാൻ അടൂർ പ്രകാശ് 25 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകിയെന്ന പുതിയ ആരോപണവുമായി ഹരിദാസ് രംഗത്തു വന്നു.

ശ്രീകുമാറിനെതിരെ നടത്തിയ ക്വട്ടേഷൻ ഭീഷണിക്കെതിരെ ആദ്യം ഡിസിസിക്ക് പരാതി നൽകിയിരുന്നു. നടപടി വൈകിയപ്പോൾ അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ ശ്രീകുമാർ കെപിസിസി പ്രസിഡന്റ് എംഎം ഹസനെ നേരിൽ കണ്ട് പരാതി നൽകി. പരാതി അന്വേഷിക്കാൻ ഡിസിസി നേതൃത്വത്തിന് ഹസൻ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, തന്റെ ബന്ധു കൂടിയായ ബൂത്ത് പ്രസിഡന്റ് ശ്യാമിനോട് നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ ഉപയോഗിച്ച് ശ്രീകുമാർ, അടൂർ പ്രകാശിന്റെ താൽപര്യപ്രകാരം പരാതി നൽകുകയായിരുന്നുവെന്ന് ഹരിദാസ് നേതൃത്വത്തെ ബോധിപ്പിക്കുകയും ശ്യാമിനെ കൊണ്ട് തനിക്ക് അനുകൂലമായി ഡിസിസിക്ക് കത്ത് നൽകിപ്പിക്കുകയും ചെയ്തു.

എ വിഭാഗത്തിന്റെ പിടിയിലുള്ള ഡിസിസി നേതൃത്വം ഹരിദാസിനൊപ്പം നിന്നത് ഐ വിഭാഗക്കാരനായ അടൂർ പ്രകാശിനെ ചൊടിപ്പിച്ചു. എങ്കിൽ തനിക്കെതിരെ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ ആരോപണം ഉന്നയിച്ച ഹരിദാസ് ഇടത്തിട്ടയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ അനുമതി ചോദിച്ച് അടൂർ പ്രകാശ് കെപിസിസിക്ക് കത്തു നൽകി. ഇതോടെ അടൂർ പ്രകാശിനെതിരെ നിലനിൽക്കുന്ന കേസുകളിൽ കക്ഷി ചേരാനും നിയമ നടപടികളുമായി മുന്നോട്ട് പോകാനും അനുമതി തേടി ഒരു ഡിസിസി ജനറൽ സെക്രട്ടറിയും കെപിസിസിക്ക് കത്തുനൽകി തിരിച്ചടിച്ചു.

ഇതോടെ ഡിസിസി-കെപിസിസി നേതൃത്വങ്ങൾ വെട്ടിലായി. ഏതെങ്കിലും ഒരു കൂട്ടർക്ക് അനുമതി നൽകിയാൽ എതിർ വിഭാഗത്തിനും നൽകേണ്ടി വരുമെന്നതായി അവസ്ഥ. ബ്ലാക്മെയിലിങ് മുറുകിയതോടെ അടൂർ പ്രകാശ് നിശബ്ദനായി. കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ള എ വിഭാഗത്തിന്റെ നിരവധി പരാതികളാണ് അടൂർ പ്രകാശിനെതിരെ കെപിസിസിയുടെ ഫയലിലുള്ളത്. ഏറ്റവും ഒടുവിലായി, ഉമ്മൻ ചാണ്ടി പങ്കെടുത്ത കർഷക സംഗമത്തിന്റെ വിജയത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേർക്കാൻ ഡിസിസി പ്രസിഡന്റ് ബ്ലോക്ക് പ്രസിഡന്റിന് നിർദ്ദേശം നൽകിയിരുന്നു.

എ വിഭാഗത്തെ അറിയിക്കാതെ ചേർന്ന ഈ യോഗം ക്വട്ടേഷൻ വിവാദത്തിൽ അടൂർ പ്രകാശിന് അനുകൂലമായ ചർച്ച നടത്തി പിരിയുകയായിരുന്നുവെന്നും, കർഷക സംഗമം വിജയിപ്പിക്കാനാവശ്യമായതൊന്നും ബ്ലോക്ക് കമ്മിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും, അടൂർ പ്രകാശിന്റെ യോഗത്തിന് മുമ്പായുള്ള നിർദ്ദേശമാണ് നടത്തിയതെന്നും എ വിഭാഗം ആരോപിക്കുന്നു. കോന്നിയിലെ അടൂർ പ്രകാശിന്റെ അപ്രമാദിത്വം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് എ വിഭാഗം മുന്നോട്ട് പോകുന്നത്.