പത്തനംതിട്ട: കോന്നിയിൽ 20 വർഷമായി കുത്തക വിജയം നേടുന്ന റവന്യുമന്ത്രി അടൂർ പ്രകാശിനെ ഇക്കുറിയെങ്കിലും തോൽപ്പിക്കണമെന്ന വാശിയിലാണ് സിപിഐ(എം). അതിനായി സാക്ഷാൽ മുകേഷിനെ രംഗത്തിറക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായി അറിയുന്നു. റാന്നിയിൽ സിറ്റിങ് എംഎൽഎ രാജു എബ്രഹാം സ്ഥാനാർത്ഥിയാകും. റാന്നിയിൽ സ്ഥാനാർത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപനം നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് റോഷൻ റോയി മാത്യുവിന് ശാസന നൽകാനും സിപിഐ(എം) തീരുമാനിച്ചിട്ടുണ്ട്.

കോന്നി സീറ്റ് നിരുപാധികം അടൂർ പ്രകാശിനു ജയിക്കാൻ വിട്ടുകൊടുക്കുന്ന പതിവ് മാറ്റിക്കുറിക്കാൻ വേണ്ടിയാണ് ഇത്തവണ സിപിഐ(എം) ബ്രഹ്മാസ്ത്രം തൊടുക്കുന്നത്. കടമ്മനിട്ട രാമകൃഷ്ണൻ അടക്കം പല പ്രമുഖരെയും കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിൽ സിപിഐ(എം) കോന്നിയിൽ രംഗത്തിറക്കിയിരുന്നു. അന്നൊക്കെ തോറ്റമ്പാനായിരുന്നു വിധി. 96 ൽ തുടങ്ങിയ അടൂർ പ്രകാശിന്റെ അശ്വമേധം അഞ്ചാം തവണയിലേക്ക് കടക്കുകയാണ്. കോൺഗ്രസ് ഇക്കുറി അദ്ദേഹത്തിന് സീറ്റ് നൽകുമോ എന്നതിനെക്കുറിച്ച് വാദപ്രതിവാദം നടക്കുകയാണ്.

അതെന്തുമാകട്ടെ, മുകേഷ് ഇവിടെ സിപിഐ(എം) സ്വതന്ത്രനായി മത്സരിച്ചാൽ കഥ മാറും. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാറിന്റെ പേര് മാത്രമാണുള്ളത്. കോന്നിയിൽ ജയിക്കണമെങ്കിൽ ചില്ലറക്കാരൻ പോരെന്ന തോന്നലിലാണ് സനലിനെ വെട്ടി നിരത്തി മുകേഷിനെ ഇറക്കാൻ പോകുന്നത്. ഈഴവ സമുദായത്തിനു ഭൂരിപക്ഷമുള്ള കോന്നിയിൽ ഇതേ സമുദായക്കാരനായ മുകേഷ് എത്തുന്നത് ഒരു പോസിറ്റീവ് ഘടകമാണ്. കുടുംബസദസുകൾക്ക് ഏറെ പ്രിയപ്പെട്ട നായകൻ കൂടിയായ മുകേഷ് ഇടതു സ്വതന്ത്രനായി മത്സരിച്ചാൽ വിജയിച്ചു കൂടായെന്നുമില്ല.

ഇടതുപക്ഷ പാരമ്പര്യം തന്നെയാണ് മുകേഷിനുള്ളത്. സിപിഐയും മുകേഷിനെ അവരുടെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കുന്നുണ്ട്. അതു മാത്രമാണ് കോന്നിയിലെ ഇടത് സ്ഥാനാർത്ഥിയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്. ഉറപ്പുള്ള സീറ്റുകളിലൊന്ന് സിപിഐ നൽകിയാൽ മുകേഷ് അതാകും സ്വീകരിക്കുകയെന്നും സൂചനയുണ്ട്. ഏതായാലും കോന്നി തിരിച്ചു പിടിക്കാൻ പോന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്നാണ് സിപിഐ(എം) നൽകുന്ന സൂചന.

റാന്നിയിൽ രാജു ഏബ്രഹാമിനെ തന്നെ മത്സരിക്കും. ക്‌നാനായ സമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഇതേ സമുദായത്തിലെ പുരോഹിതന്റെ മകനായ റോഷൻ റോയി മാത്യുവിനെ പരിഗണിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും റോഷന്റെ പേര് ഉയർന്നിരുന്നു. ഇത്തവണയും രാജു എബ്രഹാമിന് മാത്രമേ റാന്നിയെ ഇടത് കോട്ടയായി പിടിച്ചു നിർത്താൻ കഴിയൂ എന്ന് സിപിഐ(എം) തിരിച്ചറിഞ്ഞു. ഇതിനിടെ താനാകും സ്ഥാനാർത്ഥിയെന്ന് റോഷൻ പ്രചരിപ്പിച്ചു. ഇത് നേതൃത്വത്തെ ചൊടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തരം അച്ചടക്ക ലംഘനങ്ങൾ പാടില്ലെന്ന് റോഷന് ശാസന നൽകിയത്.

റാന്നിയിൽ മുൻ എംഎ‍ൽഎ എം.സി ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ, തനിക്ക് സീറ്റ് വേണ്ടെന്നും പകരം മകൻ റിങ്കുവിനെ മത്സരിപ്പിക്കണമെന്നും മറിയാമ്മ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു. ഈ സാഹചര്യത്തിൽ രാജു എബ്രഹാമിനെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന് സിപിഐ(എം) വിലയിരുത്തി. ചില പ്രാദേശിക പത്രക്കാരെ കൂട്ടുപിടിച്ച് റോഷൻ നടത്തിയ പ്രചരണവും നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഫെയ്‌സ് ബുക്കിലെ പോസ്റ്റുകളും പാർട്ട് ഗൗരവത്തോടെ എടുത്തു. ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്ന് റോഷന് താക്കീത് നൽകിയാണ് രാജു എബ്രഹാമിനെ ജില്ലാ നേതൃത്വം ഏകകണ്ഠമായി സ്ഥാനാർത്ഥിയാക്കുന്നത്.

നിലവിൽ കോൺഗ്രസ് വിജയിച്ചിട്ടുള്ള ആറന്മുളയിൽ മുൻ ഏരിയാ സെക്രട്ടറി ബാബു കോയിക്കലേത്തിനെ സ്ഥാനാർത്ഥിയാക്കും. ഇദ്ദേഹത്തിനൊപ്പം മല്ലപ്പള്ളി മുൻ ഏരിയാ കമ്മറ്റിയംഗം പ്രഫ. ജേക്കബ് ജോർജിന്റെ പേരും പരാമർശിച്ചിരുന്നു. പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായതോടെയാണ് ബാബുവിന് സാധ്യത തെളിഞ്ഞത്. മാർത്തോമ സഭയാണ് ജേക്കബ് ജോർജിന്റെ പേര് മുന്നോട്ട് വച്ചത്. എന്നാൽ ബിജെപി നേതൃത്വത്തോട് മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാൻ മാർത്തോമ സഭ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ജേക്കബ് ജോർജിന്റെ പേര് വെട്ടിയത്.

തിരുല്ല സീറ്റ് ജെഡിഎസിന് അവകാശപ്പെട്ടതാണ്. അവിടെ മാത്യു ടി തോമസ് വീണ്ടും മത്സരിക്കും. അടൂരിൽ സിപിഐയുടെ ചിറ്റയം ഗോപകുമാർ ഇടത് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.