പത്തനംതിട്ട: മുന്മന്ത്രി അടൂർ പ്രകാശിനെ ഐ ഗ്രൂപ്പിൽനിന്ന് പൂർണമായും ഒഴിവാക്കി. ജില്ലയിലെ ഗ്രൂപ്പ് നേതൃത്വം തുടങ്ങി വച്ച പുറത്താക്കൽ പ്രക്രിയ ഏറെക്കുറെ പൂർത്തിയാക്കുന്നതായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശൻ ഇന്നലെ പങ്കെടുത്ത യോഗങ്ങൾ. അതിനിടെ ഉമ്മൻ ചാണ്ടിയോട് അടുത്ത് എ ഗ്രൂപ്പിന്റെ ഭാഗമാകാനുള്ള അടൂർപ്രകാശിന്റെ നീക്കവും പൊളിയുന്നതായാണ് സൂചന. പത്തനംതിട്ടയിലെ എ നേതാക്കളെല്ലാം അടൂർപ്രകാശിന് എതിരാണ്. ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ തുടരാൻ പുതുമാർഗ്ഗം തുടരുകയാണ് അടൂർ പ്രകാശ്.

ആദ്യം നടന്ന പൊതുയോഗത്തിൽ, അടൂർ പ്രകാശിന്റെ സാന്നിധ്യത്തിൽ തന്നെ അദ്ദേഹത്തിന്റെ മകന്റെ ആഡംബര വിവാഹത്തെക്കുറിച്ച് പരോക്ഷവിമർശനം നടത്തുകയായിരുന്നു സതീശൻ. ഇതിന് ശേഷം ചേർന്ന ഐഎൻടിയുസി യോഗത്തിൽ നിന്നും അടൂർ പ്രകാശിനെയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീനെയും ഒഴിവാക്കി. ഐഎൻടിയുസി യോഗമാണ് നടന്നതെങ്കിലും ശരിക്കും അത് ഐ ഗ്രൂപ്പ് യോഗം തന്നെയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശിന് എതിരേ ഉയർന്ന അഴിമതിയാരോപണങ്ങൾ, ബിജുരമേശിന്റെ മകളുമായി അടൂർ പ്രകാശിന്റെ മകൻ നടത്തിയ വിവാഹം എന്നിവയൊക്കെയാണ് ഗ്രൂപ്പിന് പുറത്തേക്കുള്ള വഴി തെളിച്ചിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പിലുണ്ടായ അഴിമതിയുടെ പേരിൽ അടൂർ പ്രകാശിനെതിരേ രൂക്ഷമായ ആരോപണമാണ് ഉയർന്നത്. അന്ന്, പ്രകാശിന്റെ രക്ഷയ്ക്ക് വന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. ഇതോടെ എ ഗ്രൂപ്പിലേക്ക് അടൂർ പ്രകാശും സഹായി ഷംസുദീനും ചാഞ്ഞു. ജില്ലയിലെ ഐ ഗ്രൂപ്പിന്റെ അനിഷേധ്യ നേതാവായിരുന്ന പ്രകാശിന്റെ ചാഞ്ചാട്ടം ഉണ്ടാക്കിയ വിടവിൽ കെപിസിസി സെക്രട്ടറി പഴകുളം മധു കയറിക്കൂടി. പതുക്കെപ്പതുക്കെ മധു ഐ ഗ്രൂപ്പിന്റെ ജില്ലയിലെ നേതാവായി. ഉമ്മൻ ചാണ്ടി ചെയ്തു കൊടുത്ത ഉപകാരങ്ങൾക്ക് പകരം എ ഗ്രൂപ്പിന് വേണ്ട സഹായങ്ങൾ പ്രകാശും ചെയ്തു നൽകി.

ഇതു കാരണം ഐ ഗ്രൂപ്പിന് അവർ അർഹിക്കുന്ന പല സ്ഥാനങ്ങളിലും എത്താൻ കഴിഞ്ഞില്ല. മണ്ഡലം പുനഃസംഘടനകളിൽ തഴയപ്പെട്ട ഐ ഗ്രൂപ്പുകാർ ഇതോടെ അമർഷത്തിലായി. ഇത്തരമൊരു അനശ്ചിതാവസ്ഥയ്ക്ക് കാരണം പ്രകാശും ഷംസുദീനുമാണെന്ന് മനസിലാക്കിയ ഐ ഗ്രൂപ്പുകാർ ഇവരെ എ ഗ്രൂപ്പിന്റെ ബി ടീമായി വിലയിരുത്തുകയും ഗ്രൂപ്പ് യോഗങ്ങളിൽ നിന്ന് അകറ്റുകയുമായിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഗസ്റ്റ്ഹൗസിൽ ചേർന്ന ഐ ഗ്രൂപ്പ് രഹസ്യയോഗം സംഘർഷത്തിലും കലാശിച്ചു.

ഇന്നലെ ജില്ലയിലെത്തിയ കെപിസിസി ഉപാധ്യക്ഷൻ വിഡി സതീശൻ ആദ്യം ഉദ്ഘാടനം ചെയ്തത് കേന്ദ്രസർക്കാരിന്റെ നോട്ട് നയത്തിന് എതിരേയുള്ള പോസ്റ്റ് ഓഫീസ് ധർണയായിരുന്നു. ഈ യോഗത്തിൽ അടൂർ പ്രകാശിനെ ഒപ്പം നിർത്തിയാണ് സതീശൻ പരോക്ഷ വിമർശനം നടത്തിയത്.

കോടികൾ മുടക്കി മക്കളുടെ ആഡംബരവിവാഹം നടത്തുന്ന ജനാർദന റെഡിമാർ സാധാരണക്കാരുടെ നെഞ്ചിലാണ് കനൽ കോരിയിടുന്നത് എന്ന് പറഞ്ഞ സതീശൻ, അടൂർ പ്രകാശിന്റെ മകന്റെ വിവാഹത്തിന് തകിൽ വായിച്ചവർക്കെില്ലാം രണ്ടായിരത്തിന്റെ പുത്തൻ നോട്ടാണ് കൊടുത്തത് എന്നും പറഞ്ഞു. ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.