പത്തനംതിട്ട: അടൂരിൽ രണ്ടു വമ്പൻ ഗ്രൂപ്പുകൾ നടത്തിയ പുറമ്പോക്ക് കൈയേറ്റം മറയ്ക്കാൻ, വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകിയ നഗരസഭയിലെ രണ്ടു ഉദ്യോഗസ്ഥർ പിടിച്ചിരിക്കുന്നത് മുട്ടൻ പുലിവാൽ. അപേക്ഷകൻ നിയമയുദ്ധം തുടർന്നതോടെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച സംസ്ഥാന വിവരാവകാശ കമ്മിഷണർ കണ്ടെത്തി. ഇതിൽ ഒരു ഉദ്യോഗസ്ഥൻ വിരമിച്ചെങ്കിലും വൻതുക ഇവർക്കെതിരേ പിഴയായി ഈടാക്കിയേക്കും.

ഭീമാ ജൂവലേഴ്സ്, വിജയലക്ഷ്മി സിൽക്സ് ആൻഡ് രാജൻ ജ്യൂവലറി എന്നീ സ്ഥാപനങ്ങളാണ് പുറമ്പോക്ക് കൈയേറ്റം നടത്തിയതായി ആരോപണം ഉയർന്നത്. പുറമ്പോക്കിൽ നിന്ന മൂന്നു കൂറ്റൻ മരങ്ങൾ ഭീമാ ജൂവലറിക്കാർ മുറിച്ചു നീക്കുകയും ചെയ്തു. ഇതിന്റെ നിയമസാധുത പരിശോധിക്കുന്നതിനാണ് നെല്ലിമുകൾ അരുൺ നിവാസിൽ എസ്അരുൺ അടൂർ നഗരസഭ ഓഫിസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കും അപ്പീൽ അധികാരി കൂടിയായ നഗരസഭ സെക്രട്ടറിക്കും 2013 ൽ അപേക്ഷ നൽകിയത്.

അടൂർ സെൻട്രൽ കവലയിലെ ഹോളി ഏഞ്ചൽസ് സ്‌കൂൾ വഴിയിൽ ഭീമാ ജൂവലറി നടത്തിയ പുറമ്പോക്ക് കൈയേറ്റവും മരം മുറിക്കലും കണ്ണങ്കോട് മസ്ജിദ് ജങ്ഷനിൽ മുമ്പുണ്ടായിരുന്ന വിജയലക്ഷ്മി ടെക്സ്റ്റയിത്സ് സമുച്ചയം കൈത്തോട് കൈയേറിയതും സംബന്ധിച്ച വിവരങ്ങളാണ് അരുൺ വിവരാവകാശ അപേക്ഷയിന്മേൽ ആവശ്യപ്പെട്ടിരുന്നത്. ആദ്യം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണ് പരാതി നൽകിയത്.

ഇതു സംബന്ധിച്ച ഫയൽ നഗരസഭയിൽ ലഭ്യമല്ലെന്ന് മറുപടി ലഭിച്ചു. തുടർന്ന് അരുൺ താലൂക്ക് ഓഫീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവിടങ്ങളിലേക്കും അപേക്ഷ നൽകി. പുറമ്പോക്ക് സംബന്ധിച്ച ഫയൽ നഗരസഭയുടെ കൈവശം ആണെന്ന് രണ്ടു സ്ഥലത്തു നിന്നും മറുപടി കിട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭയിലെ അപ്പീൽ അധികാരിയായ സെക്രട്ടറിക്ക് അരുൺ വീണ്ടും അപേക്ഷ നൽകി. ഫയൽ ലഭ്യമല്ല
എന്നായിരുന്നു ഇവിടെ നിന്നും മറുപടി കിട്ടിയത്.

ഇതോടെ 2013 നവംബർ 23ന് അരുൺ സംസ്ഥാന വിവരാവകാശ കമ്മിഷന് അപ്പീൽ ഹർജി നൽകി. അന്നത്തെ ഒന്നാം എതിർകക്ഷിയായ നഗരസഭ ഓഫിസ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ വിവരാവകാശ നിയമത്തിലെ 20 (1) വകുപ്പു പ്രകാരമുള്ള നടപടി സ്വീകരിക്കാൻ താത്കാലികമായി തീരുമാനിച്ചതായും ഇക്കാര്യത്തിൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ഉത്തരവു കിട്ടി 15 ദിവസത്തിനകം രേഖാമൂലം കമ്മിഷനെ അറിയിക്കേണ്ടതാണെന്നും മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ ജൂൺ രണ്ടിന് തീർപ്പാക്കിയ ഉത്തരവിൽ പറയുന്നു.

അപ്പീൽ ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളിൽ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ ഇപ്പോഴത്തെ ഒന്നാം എതിർകക്ഷിയായ താലൂക് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വ്യക്തമായ മറുപടി നൽകണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. എതിർകക്ഷികൾ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാകാതിരുന്നതിനു പിന്നിൽ മറ്റെന്തോ ഉദ്ദേശ്യം ഉള്ളതായി കരുതേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. ദിനംപ്രതി 250 രൂപ നിരക്കിൽ അപേക്ഷ സ്വീകരിക്കുന്നതു വരെയോ വിവരം നൽകുന്നതു വരെയോ ആണ് വിവരാവകാശ നിയമം 20(1) പ്രകാരം പിഴ ചുമത്തുക. പരമാവധി പിഴ 25000 രൂപ വരെയാണ്.