അടൂർ: കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ രണ്ടു ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ സംഘത്തിലെ യുവാവ് വശീകരിച്ച ശേഷം കൂട്ടുകാർക്ക് കാഴ്ച വച്ചതെന്ന് വ്യക്തം. കേസിലെ പ്രധാന പ്രതിയായ ശരത്താണ് കുമ്പനാട്ടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാൾക്ക് ഈ പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുണ്ടായിരുന്നു.

ഇതിൽ ഒരു പെൺകുട്ടിയുടെ മാതാവിനെ പ്രതി ശരത്തിനു നേരത്തേ പരിചയമുണ്ടായിരുന്നു. സൽസ്വഭാവിയായി അഭിനയിച്ച ശരത് ഭാഗവതപാരായണത്തിൽ തൽപരയായ അവരോട് ആധ്യാത്മിക കാര്യങ്ങളിൽ സംശയങ്ങൾ ചോദിക്കുക പതിവായിരുന്നു. പിന്നീട് തന്ത്രപൂർവം പെൺകുട്ടിയുമായി അടുക്കുകയും തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ ഫോൺനമ്പറും യുവാക്കൾ കൈക്കലാക്കി. തുടർന്നായിരുന്നു വശീകരണം. മൊബൈൽ ഫോൺ വഴി പെൺകുട്ടിയുമായി സംസാരം പതിവാക്കി. ഇടയ്ക്ക് ഇവർ പെൺകുട്ടിയുടെ വീട്ടിൽ എത്താറുമുണ്ടായിരുന്നു. ഇതിനിടെ കടമ്പനാട് സ്വദേശിയായ പെൺകുട്ടിയെയും വലയിൽ വീഴ്‌ത്തി. ഇതാണ് വള്ളിക്കാവിലെ പീഡനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

അതിനിടെ തന്നെ പൊലീസ് അപമാനിച്ചതായി കുമ്പനാട്ടെ പെൺകുട്ടിയുടെ അമ്മ പരാതിയും നൽകി. മകളെ ബീച്ച് കാണിക്കാനെന്നു പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയതെന്നും ഇവർ പറഞ്ഞു. ഇക്കാര്യം പൊലീസിനോടു പറഞ്ഞപ്പോൾ ആക്ഷേപിക്കുകയും തന്നെയും ഭർത്താവിനെയും കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകൾ പീഡിപ്പിക്കപ്പെട്ടതിന് കേസെടുത്ത ദിവസം ഏനാത്ത് പൊലീസ് സ്‌റ്റേഷനിൽ ചെന്നിരുന്നു. മകളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ രക്ഷിതാക്കളില്ലെന്ന് പൊലീസ് കളവ് പറഞ്ഞെന്നും ഇവർ ആരോപിച്ചു. നൽകിയ മൊഴി വായിച്ചു കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. മകളെ രണ്ടാനച്ഛൻ പീഡിപ്പിച്ചതിന് ശൂരനാട് പൊലീസ് 2014ൽ കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.

പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാളെ കടമ്പനാട് കവലയിൽ നിന്നും അടുത്തയാളെ ഇടയ്ക്കാട് വീട്ടിൽ നിന്ന് മാതാവിന്റെ സമ്മതത്തോടെയുമാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. ഇതിനാലാണ് ഏനാത്ത്, ശൂരനാട് പൊലീസ് സ്‌റ്റേഷനുകളിൽ രണ്ടു കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് പൊലീസ് സ്‌റ്റേഷനിലെ കേസ് രജിസ്റ്റർ ചെയ്യൽ വിവാദമായിരുന്നു. ചില പ്രതികളെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം. കരുനാഗപ്പള്ളി ആലപ്പാട് ക്ലാപ്പന ഉദയപുരത്ത് വിഷ്ണു (20), ക്ലാപ്പന തെക്കുമുറിയിൽ കരേലിമുക്ക് ഹരിശ്രീയിൽ ഹരിലാൽ (20), ക്ലാപ്പന എമ്പട്ടാഴി തറയിൽ പുരക്കൽ ശ്യാംരാജ് (20), ഓച്ചിറ പായിക്കഴി പുത്തൻപുരക്കൽ തെക്കേതിൽ അരുൺ (19) എന്നിവരാണ് കടമ്പനാട് സ്വദേശിയായ പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായത്. ശൂരനാട് കുലശേഖരപുരം വള്ളിക്കാവ് രാജഭവനിൽ രാജ്കുമാർ (24), കുലശേഖരപുരം പുത്തൻതെരുവിൽ പടിഞ്ഞാറ്റതിൽ നസിം (18), കുലശേഖരപുരം പുളിതറയിൽ രതീഷ് (29), വവ്വാക്കാവ് ഉദയപുരം വീട്ടിൽ ശരത് (20) എന്നിവരാണ് ഇടയ്ക്കാട്ടുള്ള പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തിയത്.

വള്ളിക്കാവ് ചെറിയഴീക്കൽ ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് കഴിഞ്ഞ നാലിന് സംഘത്തിൽ ഉൾപ്പെട്ട വിഷ്ണുവാണ് കടമ്പനാട് സദേശിയായ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി അഴീക്കലിലെ വീട്ടിൽ കൊണ്ടുപോയത്. ഈ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു ഇയാൾ. ഇടയ്ക്കാട് സ്വദേശിയായ പെൺകുട്ടിയെ മൊബൈൽ ഫോണിലൂടെ വിളിച്ചുവരുത്തിയതും വിഷ്ണുവാണ്. വിഷ്ണുവുമായി പരിചയമുണ്ടായിരുന്ന പെൺകുട്ടി ആദ്യത്തെ ദിവസം പീഡനത്തിന് ഇരയായി. ആ കുട്ടിയെ തിരിച്ചയച്ച സംഘം കൂട്ടുകാരിയെ പിറ്റേന്ന് കൊണ്ടുവന്നില്ലെങ്കിൽ കൊല്ലുമെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ കൗൺസിലിങിന് വിധേയയാക്കാൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞാണ് ഇവർ അടുത്ത ദിവസം ഇടയ്ക്കാട് സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. യുവാക്കൾക്കൊപ്പം മകളെ വിടുന്ന കാര്യത്തിൽ മാതാവിന്റെ ഭാഗത്തു നിന്ന് എതിർപ്പുണ്ടായില്ല. വള്ളിക്കാവിലെ മറ്റൊരു വീട്ടിലെത്തിച്ച ഈ പെൺകുട്ടിയെ നാലു യുവാക്കൾ ചേർന്നാണ് ഉപദ്രവിച്ചത്. ഇവരെ ഉപയോഗിച്ച് സ്‌കൂളിലെ മറ്റു മൂന്നു പെൺകുട്ടികളെ വലയിൽ വീഴ്‌ത്താൻ നടത്തിയ നീക്കം ഫലിച്ചില്ല.

കൂടുതൽ പെൺകുട്ടികളെ വീഴ്‌ത്താനും ശ്രമം നടന്നു. ഇതോടെയാണ് അദ്ധ്യാപകർ കാര്യം അറിഞ്ഞത്. അതിനിടെ പീഡനത്തിന് പിടിയിലായത് കരുനാഗപ്പള്ളി അഴീക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചവർ യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎഫ്ഐയുടെയും സജീവപ്രവർത്തകകാണ്. കടമ്പനാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ രതീഷ് യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം സെക്രട്ടറിയും കണ്ണൻ സജീവപ്രവർത്തകനുമാണ്. ഹരിലാൽ, ശ്യാംരാജ്, ശരത്ത് വിഷ്ണു എന്നിവർ ഡിവൈഎഫ്ഐയുടെ സജീവപ്രവർത്തകരും.

അതിനിടെ അന്വേഷണത്തിൽ തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടർന്ന് അടൂർ ഡിവൈ.എസ്‌പി. എ.നസീമിനെ സ്ഥലം മാറ്റി. പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ ദിവസങ്ങളോളം കെട്ടിയിട്ട് ക്രൂരമായി കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ പട്ടികജാതി/വർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണപുരോഗതി അറിയിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോടു കമ്മിഷൻ ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിക്കുന്നതിനും പീഡനത്തിനിരയായവർക്കു പീഡന നിരോധന നിയമപ്രകാരമുള്ള സാമ്പത്തികസഹായം ത്വരിതപ്പെടുത്തുന്നതിനും ജില്ലാ പട്ടികജാതി വികസന ഓഫീസറെ ചുമതലപ്പെടുത്തി. സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും ജില്ലാ കലക്ടർക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.