പത്തനംതിട്ട: സിനിമാക്കാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുതെന്ന് പറഞ്ഞ കോട്ടയം കുഞ്ഞച്ചന്റെ അതേ അഭിപ്രായമാണ് അടൂരിലെ കോൺഗ്രസുകാരെക്കുറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. കെ. ഷാജുവിന്. അതുകൊണ്ടു തന്നെ ഡമ്മി സ്ഥാനാർത്ഥിയാക്കിയത് സ്വന്തം ഭാര്യയെ.

എന്നാൽപ്പിന്നെ താനും തന്റെ ഭാര്യയും കൂടി തെരഞ്ഞെടുപ്പിൽ വിജയിച്ചോയെന്ന് പറഞ്ഞ് കോൺഗ്രസുകാർ വേറെ സ്ഥാനാർത്ഥിയെ ഇറക്കി. ഫലമോ ഒരു മാതിരി ഒത്തുതീർപ്പായി വന്ന അടൂർ കോൺഗ്രസിലെ അഭിപ്രായ ഭിന്നത വീണ്ടും പൊട്ടിത്തെറിയിലെത്തി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി. ജാതി തിരുത്തിയെന്ന് പറഞ്ഞ് തനിക്കെതിരേ ഹൈക്കോടതിയിൽ പരിഗണിക്കുന്ന കേസ് കണ്ട് ഷാജു ഒരു മുഴം മുമ്പേ എറിഞ്ഞതാണ് ഭാര്യ ഡമ്മിയാകാൻ കാരണം. ഇതാണ് കോൺഗ്രസുകാരെ പ്രകോപിപ്പിച്ചതും. ദലിത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയും മുൻ ഡി.സി.സി അംഗവുമായ അടൂർ മോഹൻദാസ് ആണ് വിമതൻ. കെ.കെ. ഷാജുവിന്റെ ജാതി സർട്ടിഫിക്കറ്റിൽ കൃത്രിമത്വമുണ്ടെന്ന പരാതി കിർത്താർഡ്‌സ് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഷാജു ഭാര്യയെക്കൊണ്ട് പത്രിക കൊടുപ്പിച്ചത്. എസ്.എസ്.എൽ.സി രേഖകൾ പ്രകാരം ഷാജു വർണവസമുദായത്തിൽപ്പെട്ടയാളാണ്. ഒ.ഇ.സിയിലാണ് വർണവ സമുദായം ഉൾപ്പെടുന്നത്. പട്ടികജാതിയിൽ ഉൾപ്പെടുന്ന മണ്ണാൻ സമുദായത്തിലെ ഉപവിഭാഗമായ വർണവർ സമുദായത്തിൽ ഉൾപ്പെടുന്നുവെന്ന സർട്ടിഫിക്കറ്റ് അദ്ദേഹം സമ്പാദിച്ചുവെന്നാണ് പരാതി. അടൂർ സ്വദേശി ശിവദാസൻ എന്നയാളാണ് പരാതിക്കാരൻ. ഇതേപ്പറ്റി കിർത്താഡ്‌സ് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

കെ.കെ. ഷാജുവിനെ കെട്ടിയിറക്ക് സ്ഥാനാർത്ഥിയായിട്ടാണ് മണ്ഡലത്തിൽ അറിയപ്പെടുന്നത്. ഇപ്പോൾ അടൂരിൽ ഉൾപ്പെടുന്ന പന്തളം മണ്ഡലത്തിൽ 2006 ൽ ഷാജു എംഎ‍ൽഎയായിരുന്നു. അന്ന് ജെ.എസ്.എസ് ആയിരുന്ന ഷാജു ഇക്കുറി തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രിൽ എത്തി പാർട്ടി ചിഹ്‌നത്തിൽ മത്സരിക്കുകയായിരുന്നു. പന്തളം പ്രതാപൻ, ബാബു ദിവാകരൻ എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഉണ്ടായിരിക്കേ കെ.കെ.ഷാജുവിന് പാർട്ടി ചിഹ്‌നം നൽകിയത് കോൺഗ്രസിൽ പൊട്ടിത്തെറിക്ക് വഴിതെളിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ അംഗം കെ.വി. പത്മനാഭൻ വിമതനായി മത്സരിക്കാനും മുന്നോട്ടു വന്നു. പിന്നീട് കോൺഗ്രസുകാരിൽ ചിലരെങ്കിലും ഷാജുവിനൊപ്പം കൂടിയെങ്കിലും പ്രചാരണം സജീവമായിരുന്നില്ല.

ഇതിനിടെയാണ് ജാതി സർട്ടിഫിക്കറ്റ് വിവാദം വന്നതും ഷാജുവിന്റെ തനിനിറം പുറത്തായതും. ഇനിയെങ്ങാനും തന്റെ പത്രിക തള്ളിപ്പോയാൽ അടൂരിലെ കോൺഗ്രസുകാരൊന്നും സ്ഥാനാർത്ഥിയാകരുതെന്ന ഉദ്ദേശത്തിലാണ് സ്വന്തം ഭാര്യയെ തന്നെ ഷാജു ഡമ്മിയാക്കിയത്. അതിത്തിരി കടന്ന കൈയായിപ്പോയി എന്ന് ഇപ്പോൾ ഷാജുവിനും തോന്നിത്തുടങ്ങിയിട്ടുണ്ടാകും. ഈ നടപടി മുമ്പ് തന്നെ ഇടഞ്ഞു നിൽക്കുന്ന അടൂരിലെ കോൺഗ്രസുകാരെ പ്രകോപിപ്പിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. പത്രിക തള്ളിയാലും ഇല്ലെങ്കിലും ഷാജുവിന്റെ കാര്യം അടൂരിൽ കട്ടപ്പൊകയാണെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ